തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ശക്തന് നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിന് എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിക്കാത്തതില്‍ വന്‍ പ്രതിഷേധം. കോര്‍പ്പറേഷനാണ് ആകാശപാത നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 11 കോടി രൂപയുടെ അമൃത് ഫണ്ട് ഉപയോഗിച്ചാണ് ആകാശപാതയുടെ നിര്‍മ്മാണം പൂര്‍ണമായും നടത്തിയത്.
ഇന്നലെയായിരുന്നു ഇതിന്റെ ഉദ്ഘാടനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം .ബി. രാജേഷാണ് ഉദ്ഘാടനം ചെയ്തത്. സുരേഷ് ഗോപിയുടെ പേര് മുഖ്യാതിഥിയായി നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ കോര്പ്പറേഷന് അധികൃതര്‍ ക്ഷണിച്ചില്ലെന്നാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. സംസ്ഥാനസര്‍ക്കാരിന്റെയോ കോര്‍പ്പറേഷന്റെയോ ഒരു രൂപ പോലും ചെലവഴിക്കാതെ പൂര്‍ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് നന്ദികേടാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. അനീഷ് കുമാര്‍ കുറ്റപ്പെടുത്തി.
മന്ത്രി കെ.രാജന്, എംഎല്‍എ പി. ബാലചന്ദ്രന് തുടങ്ങിയവരെല്ലാം വേദിയില്‍ ഉണ്ടായിരുന്നു. സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നുവെങ്കില്‍ അദ്ദേഹം എത്തുമായിരുന്നുവെന്നും കോര്പ്പറേഷന് മനപ്പൂര്‍വ്വം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ അവഗണിക്കുകയായിരുന്നു എന്നുമാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിക്കായിരുന്നു ഉദ്ഘാടനം. ആകാശപാതയുടെ നിര്‍മ്മാണം അനന്തമായി നീളുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കേന്ദ്രത്തില്‍ നിന്ന് ഫണ്ട് പൂര്‍ണമായും ലഭിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തത് പരാതിക്ക് ഇട നല്‍കിയിരുന്നു. അതിനിടെയാണ് ഉദ്ഘാടനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രിയെ ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: