ബീജിങ്: ലഡാക്ക് അതിര്‍ത്തിയിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ ഭാരതവുമായി സമവായത്തിലെത്തിയെന്ന് ചൈന. ഇരുപക്ഷത്തിനും സ്വീകാര്യമായ തീരുമാനത്തിലെത്താന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞെന്നും ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനയിലെ ഭാരതത്തിന്റെ സ്ഥാനപതി പ്രദീപ് കുമാര്‍ റാവത്തുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യന്‍ അഫയേഴ്സ് ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ലി ജിന്‍ സോങ് കൂടിക്കാഴ്ച നടത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര ചര്‍ച്ചകളിലൂടെ ലഡാക്കിലെ നിയന്ത്രണ രേഖയിലുള്ള (എല്‍എസി) തര്‍ക്കത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള അകലം കുറയ്ക്കുന്നതില്‍ നിര്‍ണായക പുരോഗതിയുണ്ടായിട്ടുണ്ട്. അരുണാചല്‍പ്രദേശുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതും സൈനിക പിന്മാറ്റത്തിനുള്ള പരിഹാരങ്ങള്‍ തേടുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ഇരുരാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍, നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാങ് ഷിയോഗാങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍, ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ നയതന്ത്ര- സൈനിക മാര്‍ഗങ്ങളിലൂടെ ആശയവിനിമയം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതവും ചൈനയും തമ്മിലുള്ള വിഷയത്തില്‍ 75 ശതമാനവും പരിഹരിച്ചതായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. അതിര്‍ത്തിയിലെ പട്രോളിങ് മാത്രമാണ് നിലവിലെ പ്രധാന വിഷയമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2020 ജൂണില്‍ ഗാല്‍വന്‍ താഴ്വരയില് സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ തുറന്ന വിള്ളലുണ്ടായത്.
അതിര്‍ത്തിയില്‍ കൂടുതല്‍ പട്രോളിങ് പോയിന്റുകള്‍
ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഭാരതം കൂടുതല്‍ പട്രോളിങ് പോയിന്റുകള്‍ സ്ഥാപിച്ചു. ഇതുവരെ 65 പോയിന്റുകളാണ് ഉണ്ടായിരുന്നത്. ഇത് 71 എണ്ണമാക്കി. അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന നടപടികള്‍ രണ്ടു രാജ്യങ്ങളും പൂര്‍ത്തിയാക്കി വരികയാണ്. ഈ സാഹചര്യത്തിലാണ് ഭാരതം പട്രോളിങ് പോയിന്റുകളുടെ എണ്ണം കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: