കോഴിക്കോട് : പ്രൗഢമായ സദസിനെ സാക്ഷിനിര്‍ത്തി തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന് പുരസ്കാരം ഡോ. എംജിഎസ് നാരായണന് ഏറ്റുവാങ്ങി.
ചട്ടക്കൂടുകളെ ഇഷ്ടപ്പെടാത്ത ചരിത്രകാരനാണ് ഡോ. എംജിഎസ് നാരായണനെന്നും അദ്ദേഹം ആര്‍ക്കും തള്ളിക്കളയാനാവാത്ത വിധം കേരളത്തിന്റെ പൊതുസ്വത്താണെന്നും ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ള. തപസ്യ കലാസാഹിത്യവേദിയുടെ സഞ്ജയന് പുരസ്കാരം എംജിഎസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
എംജിഎസ് ശരിയെന്ന് തോന്നുന്നത് എവിടെയും മുഖം നോക്കാതെ ഉറപ്പിച്ച് പറഞ്ഞു. കേരളത്തിന്റെ അക്കാദമിക, പൊതുരംഗങ്ങളില്‍ ഇത്രയേറെ ശക്തമായി പ്രതികരിച്ച മറ്റൊരാളില്ല. ഒരു പുരുഷായുസ് ചരിത്രപഠനത്തിനായി എംജിഎസ് വിനിയോഗിച്ചു. പട്ടണം ഉദ്ഖനനത്തിന്റെ മറവില്‍ നടന്ന പൊള്ളത്തരത്തെ തുറന്നു കാട്ടിയത് അദ്ദേഹമാണെന്ന് ഗോവ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
അര ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് മലാപ്പറമ്പ് ഹൗസിങ് കോളനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് മുഖ്യാതിഥിയായി പങ്കെടുത്തു.
കേരള ചരിത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് എംജിഎസെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് പറഞ്ഞു.
എംജിഎസ് നാരായണന്റെ ചരിത്രപഠനമേഖലയിലെ സംഭാവനകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് ആകാശവാണി മുന്‍ ഡയറകടര്‍ കെ.എം. നരേന്ദ്രനും സഞ്ജയന്റെ സാഹിത്യ സംഭാവനകള്‍ എന്ന വിഷയത്തില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനും സംസാരിച്ചു. എംജിഎസ് മറുപടി പ്രസംഗം നടത്തി.
തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ആഷിക് കൃഷ്ണന്, അഡ്വ. മാത്യു കട്ടിക്കാന, ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ വെട്ടിയാട്ടില്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: