അന്‍വര്‍ വന്ന വഴി അറിയാലോ? കോണ്‍ഗ്രസില്‍ നിന്നും വന്നവനാണ് അന്‍വര്‍. മുഖ്യമന്ത്രിയുടെ ചോദ്യമതായിരുന്നു. അതിന് അന്‍വറിനും മറുപടി ഉണ്ടായിരുന്നു. ഇഎംഎസ് എവിടെ നിന്ന് വന്നവനാണ്? കോണ്‍ഗ്രസില്‍ നിന്ന് വന്നവനല്ലേ? കെപിസിസി സെക്രട്ടറിയായിരുന്നില്ലേ? എങ്ങനെയാണ് ഇഎംഎസ് സഖാവായത് എന്ന അന്‍വറിന്റെ ചോദ്യം വന്നപ്പോള്‍ തന്നെ തിരിച്ചറിയണമായിരുന്നു ഇതങ്ങിനെ പോകുന്ന ഐറ്റമല്ലെന്ന്. എന്റെ വാപ്പയും വല്യുപ്പയും പറഞ്ഞത് ‘കുത്തുമ്പോള്‍ കൊമ്പനോട് തന്നെ കുത്തണമെ’ന്നാണ് പറഞ്ഞത്. വലിയ കൊമ്പനായ പിണറായിയും ചെറിയ കൊമ്പനായ ഗോവിന്ദന് മാഷും ഇപ്പോഴെന്തായി. നേരിട്ട് ഉത്തരമില്ലാതായി. ഇങ്ങിനെയൊരു കെണി അടുത്തകാലത്തൊന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല സഖാക്കള്‍. അറിഞ്ഞ കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്ററിന്റെ കോലിളക്കിക്കൊണ്ടുപോകുമത്രെ. അന്‍വറിനെക്കൊണ്ട് പറയിപ്പിക്കാതിരിക്കാം. അതേ വഴിയുള്ളൂ. പക്ഷേ അന്‍വര്‍ വിശ്വസിച്ചതുപോലല്ല കാര്യങ്ങള്‍ നടത്തുന്നതത്രെ. അന്‍വറിന്റെ വാക്കുകള്‍ തന്നെ നോക്കാം.
കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. പാര്‍ട്ടി പ്രസ്താവന വിശ്വസിച്ചാണ് പാര്‍ട്ടി നിര്‍ദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നതെന്ന് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
”എസ്പി ഓഫിസിലെ മരംമുറി കേസില്‍ അന്വേഷണം തൃപ്തികരമല്ല. സ്വര്‍ണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാര്‍ട്ടി നല്കിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകള്‍ പരിശോധിച്ചില്ല. പി.വി.അന്‍വര്‍ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാന്‍ മഹത്വവല്‍കരിക്കുന്നുവെന്ന പ്രസ്താവനയും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. എട്ടു വര്‍ഷമായല്ല താന്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്.
പാര്‍ട്ടി ലൈനില്‍ നിന്ന് താന്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കന്മാര്ക്ക് സാധാരണക്കാരുടെ വിഷയത്തില്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാല്‍ രണ്ടടി കൂടി പൊലീസ് സ്റ്റേഷനില്‍നിന്ന് കിട്ടുന്ന സാഹചര്യമാണ് കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാര്‍ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വം ഒന്നും നടക്കുന്നില്ല.”- അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിരി അനുകരിച്ചായിരുന്നു അന്‍വറിന്റെ പരാമര്‍ശം.
എഡിജിപി അജിത് കുമാറിനെ നൊട്ടോറിയസ് എന്നാണ് അന്‍വര്‍ വിളിച്ചത്. തന്റെ വീടിന്റെ പിന്നില്‍ക്കൂടി പോലീസുകാര്‍ ഒച്ചയുണ്ടാക്കാതെ നടക്കുന്നു എന്ന പരാതിയുമുണ്ട് അന്‍വറിന്. അന്‍വര്‍ പറഞ്ഞകാര്യങ്ങളെ ഇങ്ങനെ ചുരുക്കാം:
”സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വെല്ലുവിളിക്കുന്നു. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി. പൊലീസിന്റെ ഏകപക്ഷീയമായ, വര്‍ഗീയമായ നിലപാടുകള്‍ കുറേക്കാലമായി ഞാന്‍ ചോദ്യം ചെയ്യുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ട്ടി സഖാക്കള്‍ക്കും പൊലീസ് സ്റ്റേഷനുകളില്‍ നിന്നും നീതി കിട്ടുന്നില്ല. ഞാന്‍ ശശിയെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. എഡിജിപിയും എടുത്തില്ല.
ഉന്നയിച്ച വിഷയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ എന്നെ കുറ്റവാളിയാക്കി. മുഖ്യമന്ത്രി വിളിക്കാതെ വന്നപ്പോഴാണ് വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചത്. മുഖ്യമന്ത്രിയെക്കണ്ട് 11 പേജ് അടങ്ങിയ പരാതി കൊടുത്തു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാന്‍ പറഞ്ഞു, എല്ലാം കേട്ടു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാന്‍ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാല്‍ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്തോ ഒരു നിസഹായ അവസ്ഥ എനിക്ക് ഫീല്‍ ചെയ്തു. കാട്ടുകള്ളന് ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല.
കേരളത്തില്‍ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയന്. ആ സൂര്യന് കെട്ടുപോയി എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ല്‍നിന്ന് പൂ
ജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്മ്യൂണിസ്റ്റുകാര്‍ക്കും വെറുപ്പാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിന് ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ സിഎമ്മിന്റെ മുന്നില്‍ നിന്നും ശബ്ദം ഇടറി കരഞ്ഞു. അജിത് കുമാറിനെ അന്വേണത്തില്‍ നിന്നും മാറ്റിനിര്‍ത്തണനമെന്ന് ഞാന്‍ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാവപ്പെട്ട പാര്‍ട്ടി സഖാക്കളെയാണ് ഞാന്‍ ആലോചിച്ചത്. എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിയാസിനെ മാത്രം മതിയോ പാര്‍ട്ടിക്ക്? റിയാസിന് വഴിവിട്ട പരിഗണനയുണ്ടെന്ന ആക്ഷേപം പാര്‍ട്ടിക്കാര്‍ക്കുണ്ട്”.
ഇത്രയൊക്കെപ്പറഞ്ഞ അന്‍വറിന്റെ വമ്പ് അങ്ങിനെ നില്ക്കട്ടെ. അതൊന്നു മാറ്റിക്കൊടുക്കാനുള്ള ത്രാണി മുഖ്യമന്ത്രിക്കുണ്ടാകുമോ? അതാണ് കേരളം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: