India

ഇന്ത്യയിലെ മതേതരവാദികള്‍ക്ക് ഇരട്ടത്താപ്പ്; ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമത്തില്‍ അവര്‍ മൗനം പാലിക്കും: പവന്‍ കല്യാണ്‍

Published by

ഹൈദരാബാദ് :ഇന്ത്യയിലെ മതേതരവാദികള്‍ക്ക് ഇരട്ടത്താപ്പാണെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമത്തില്‍ അവര്‍ മൗനം പാലിക്കുമെന്നും പവന്‍ കല്യാണ്‍ പരിഹസിച്ചു.

“ശരിക്കും മനുഷ്യാവകാശത്തെപ്പറ്റി അവര്‍ക്ക് ആശങ്കയുണ്ടെങ്കില്‍ എല്ലാവര്‍ക്കും വേണ്ടി ഒരുപോലെ എന്താണ് അവര്‍ ശബ്ദമുയര്‍ത്താതിരിക്കുന്നത്? അവരുടെ കപടനാട്യം തുറന്നുകാണിക്കാന്‍ സമയമായി.”-പവന്‍ കല്യാണ്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം തിരുപ്പതി ലഡ്ഡുവില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീനെണ്ണയും കലര്‍ന്നതിനെതിരെ പവന്‍ കല്യാണ്‍ ശക്തമായി പ്രതികരിച്ചിരുന്നു. തിരുപ്പതി പ്രസാദലഡുവില്‍ മായം കലര്‍ത്താന്‍ ഗൂഢാലോചന നടന്നെന്നും ഇത് സനാതന ധര്‍മ്മത്തിനെതിരായ ആക്രമണമാണെന്നും പവന്‍ കല്യാണ്‍ പ്രസ്താവിച്ചപ്പോള്‍ നടന്‍ പ്രകാശ് രാജിന് അതത്ര രുചിച്ചില്ല. നടന്‍ പ്രകാശ് രാജിനെപ്പോലുള്ളവരൊന്നും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അനുഭവിച്ച പീഢനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നില്ല. അതേ സമയം പ്രകാശ് രാജിനെപ്പോലുള്ള പലസ്തീനിലെ ഹമാസിന് വേണ്ടി സംസാരിക്കാന്‍ മുന്‍പന്തിയിലാണുതാനും. ഇതാണ് പവന്‍ കല്യാണിനെ ചൊടിപ്പിച്ചത്.

“പ്രശ്നമെന്തെന്ന് പഠിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ അതിനെക്കുറിച്ച് ഭീതി പരത്താന്‍ ശ്രമിക്കരുത് “- എന്നാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ഇതോടെ പവന്‍ കല്യാണ്‍ പ്രകാശ് രാജിനെതിരെ തിരിഞ്ഞു. ” ഞാന്‍ ഹിന്ദുത്വത്തിന്റെ പരിശുദ്ധിയെക്കുറിച്ചും തിരുപ്പതി പ്രസാദ ലഡ്ഡുവില്‍ മായം കലര‍്ത്തുന്നതിനെക്കുറിച്ചും ആണ് പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ ഞാന്‍ സംസാരിച്ചാല്‍ എന്താണ് പ്രശ്നം? മതേതരത്വത്തിന്റെ കാര്യം വരുമ്പോള്‍ ഇരുകൂട്ടര്‍ക്കും ഒരു പോലെ അത് ബാധകമാകണം. എന്തുകൊണ്ടാണ് താങ്കള്‍ എന്നെ വിമര്‍ശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സനാതനധര്‍മ്മത്തിനെതിരായ ആക്രമണത്തില്‍ ഞാന്‍ മിണ്ടാതിരിക്കണമെന്നാണോ താങ്കള്‍ പറയുന്നത്?”- പവന്‍ കല്യാണ്‍ ചോദ്യത്തിന് പ്രകാശ് രാജിന് ഉത്തരമില്ലായിരുന്നു.

ഹൈദരാബാദില്‍ തന്റെ സിനിമയുടെ പ്രൊമോഷന് എത്തിയ തമിഴ് നടന്‍ കാര്‍ത്തി അല്‍പം തമാശരൂപേണ തിരുപ്പതി ലഡ്ഡുവിവാദത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. (വൈകാരികപ്രശ്നമായതിനാല്‍ ലഡ്ഡുവിനെക്കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു കാര്‍ത്തിയുടെ പ്രതികരണം. ഇത് കേട്ട് സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നിരുന്നു). ഇതിനെതിരെ പവന്‍ കല്യാണ്‍ പ്രതികരിച്ചിരുന്നു. “ലഡ്ഡുവിനെപ്പറ്റി നിങ്ങള്‍ തമാശയായി സംസാരിക്കുന്നത് കേട്ടു. ഒരിയ്‌ക്കലും അങ്ങിനെ സംസാരിക്കരുത്. അങ്ങിനെ സംസാരിക്കാന്‍ ധൈര്യപ്പെടരുത്. നടന്‍ എന്ന നിലയില്‍ താങ്കളെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ സനാതനധര്‍മ്മത്തിന്റെ കാര്യം വരുമ്പോള്‍ ഒരു വാക്ക് സംസാരിക്കുന്നതിന് മുന്‍പ് 100 തവണയെങ്കിലും നിങ്ങള്‍ ചിന്തിക്കണം. “- ശക്തമായ പവന്‍ കല്യാണിന്റെ ഈ പ്രതികരണം കണ്ടയുടന്‍ കാര്‍ത്തി മാപ്പ് പറഞ്ഞു. കാര്‍ത്തിയുടെ ജ്യേഷ്ഠനായ നടന്‍ സൂര്യയും പവന്‍ കല്യാണിന് നന്ദി പറഞ്ഞ് പ്രതികരിച്ചിരുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക