മുരളി പാറപ്പുറം
പ്രപഞ്ച സത്യങ്ങളെക്കുറിച്ച് അനുമാനിക്കാവുന്നതിനപ്പുറമുള്ള ചോദ്യമുയര്‍ന്നപ്പോള്‍ യാജ്ഞവല്ക്യന് പറഞ്ഞു: ”ഗാര്‍ഗി നീ അതിരുകടക്കുന്നു. നിന്റെ തല താഴെ വീണുപോകാതിരിക്കട്ടെ.” ബൃഹദാരണ്യകോപനിഷത്തിലെ ഈ കഥ, വേദകാലം മുതല്‍ ഭാരത സ്ത്രീകള്‍ അബലകളും അടിച്ചമര്ത്തപ്പെട്ടവരുമാണെന്ന് ഉദാഹരിക്കാന്‍ പലരും ആവര്ത്തിക്കാറുï്.
യഥാര്‍ത്ഥത്തില്‍ ഗാര്‍ഗിയെ യാജ്ഞവല്ക്യന് നിന്ദിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ അല്ല ചെയ്തത്. അവളുടെ ബുദ്ധിശക്തിയെ അംഗീകരിക്കുകയും അതിനു മുന്നില്‍ വിസ്മയിക്കുകയാണ്. ഗാര്‍ഗി ഒരാള്‍ മാത്രമായിരുന്നില്ല. ഋഷിമാരെപ്പോലെ നിരവധി ഋഷികകളും വേദകാലത്തുണ്ടായിരുന്നു. മൈത്രേയി, വിശ്വവാരാ, ഘോഷാ, അപാല, വിശ്വപാല, ലോപമുദ്ര, അദിതി, യമി, സരമ, ഇന്ദ്രാണി, സൂര്യഗായത്രി എന്നിങ്ങനെ നിരവധി പേര്. ഇവര്‍ വേദമന്ത്രങ്ങള്‍ പോലും രചിച്ചിട്ടുണ്ട്. സൂര്യഗായത്രി മാത്രം ഋഗ്വേദത്തിലെ എഴുപത്തഞ്ചോളം ഋക്കുകള്‍ രചിച്ചിട്ടുണ്ടത്രേ.
വേദേതിഹാസങ്ങളുടെ കാലം പിന്നിട്ട് ചരിത്രത്തിലേക്കുവരുമ്പോഴും അറിവുകൊണ്ടു മാത്രമല്ല, കഴിവുകൊണ്ടും ധീരതകൊണ്ടും പോരാട്ട വീര്യംകൊണ്ടും ഭാരതത്തെ വിസ്മയിപ്പിച്ച നിരവധി വനിതകളെ കാണാം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യമായി കലാപം ചെയ്ത കര്‍ണാടകയിലെ റാണി ചന്നമ്മ, ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഝാന്‍സിറാണി ലക്ഷ്മി ബായ്, നാഗാലാന്റിലെ റാണി ഗൈഡില്യു എന്നിങ്ങനെ നിരവധി പേര്. ഈ നിരയില്‍ വരുന്ന ഒരാളായിരുന്നു മറാഠ രാജ്ഞി അഹല്യാ ബായ് ഹോല്‍ക്കര്‍. ദൂരക്കാഴ്ചകൊണ്ടും ഭരണനൈപുണ്യംകൊണ്ടും ഈ അഹല്യ മറ്റുള്ളവരെ വിസ്മയിപ്പിച്ചു.
മല്‍ഹര്‍ റാവുവിന്റെ
മരുമകളായെത്തുന്നു
മഹാരാഷ്ട്രയില്‍ ഇന്നത്തെ അഹമ്മദ് നഗര്‍ ജില്ലയില്‍പ്പെടുന്ന ചൗണ്ടിയില്‍ ധങ്കാര്‍ എന്ന അധഃസ്ഥിത സമുദായത്തിലാണ് അഹല്യ ജനിച്ചത്. ആട്ടിടയ സമുദായമാണിത്. ഇന്‍ഡോര്‍ കേന്ദ്രമാക്കിയുള്ള മാള്‍വാ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന മല്‍ഹര്‍ റാവു ഹോല്‍ക്കര്‍ വളരെ യാദൃച്ഛികമായാണ് അഹല്യയെ കണ്ടുമുട്ടുന്നത്. അക്കാലത്തും വിദ്യാഭ്യാസം നേടിയിരുന്ന ഈ പെണ്‍കുട്ടി പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതുകണ്ട് മല്‍ഹാര്‍ റാവുവിന് വലിയ മതിപ്പു തോന്നി. അവളില്‍ രാജാവ് തന്റെ മകന്റെ ഭാവി വധുവിനെ കണ്ടു. അധികം വൈകാതെ മല്‍ഹാര്‍ റാവുവിന്റെ മകന് ഖാണ്ഡേ റാവുവും അഹല്യയും തമ്മിലെ വിവാഹം നടന്നു. 1754 ല്‍ രാജസ്ഥാനില്‍ നടന്ന ഒരു യുദ്ധത്തില്‍ ഖാണ്ഡേറാവു കൊല്ലപ്പെട്ടു. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കാന്‍ തയ്യാറായ അഹല്യയെ മല്‍ഹര്‍ റാവു വിലക്കി. 1765 ല്‍ മല്‍ഹര്‍ റാവു മരിച്ചു. അഹല്യാബായ് റീജന്റായി രാജാധികാരമേറ്റിരുന്ന ഖാണ്ഡേറാവുവിന്റെ മകനും
അകാലത്തില്‍ മരണമടഞ്ഞു. ഇതേ തുടര്‍ന്നാണ് 1767 ല്‍ അഹല്യാബായ് ഇന്‍ഡോറിലെ രാജ്ഞിയായത്.
കാശിവിശ്വനാഥ ക്ഷേത്രത്തിനു പുറമെ ഗുജറാത്തിലെ സോമനാഥം, നാഗേശ്വര്‍, മഹാരാഷ്ട്രയിലെ ഗൃഷ്ണേശ്വര്‍, ഭിമാശങ്കര്‍ എന്നീ ജ്യോതിര്‍ലിംഗങ്ങളും അഹല്യാബായ് പുനര്‍നിര്‍മിച്ചു. ശ്രീനഗര്‍, ഹരിദ്വാര്‍, കേദാര്‍നാഥ്, ബദരിനാഥ്, ഋഷികേശ്, പ്രയാഗ, നൈമിശാരണ്യം, പുരി, രാമേശ്വരം, സോമനാഥം, നാസിക്, ഓങ്കാരേശ്വര്‍, മഹാമണ്ഡലേശ്വര്‍, പൂനെ, ഇന്‍ഡോര്‍, ശ്രീശൈലം, ഉഡുപ്പി, ഗോകര്‍ണം, കാഠ്മണ്ഡു എന്നിവിടങ്ങളിലെ മഹാ ക്ഷേത്രങ്ങള്‍ അഹല്യാബായ് ഹോല്‍ക്കര്‍ പുനര്‍നിര്‍മിച്ചവയാണ്. ഗംഗോത്രിയില്‍നിന്നുള്ള പവിത്രമായ ഗംഗാജലം ശേഖരിച്ച് ഭാരതമെമ്പാടുമുള്ള ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ക്കായി എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതും ഈ രാജ്ഞിയാണ്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്രങ്ങള്‍ ഇതില്‍പ്പെടുന്നു.
കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് അതിന്റെ സ്ഥാനത്ത് മസ്ജിദ് നിര്‍മിച്ചാല്‍ ഇനിയൊരിക്കലും ക്ഷേത്രം പുനര്‍നിര്‍മിക്കപ്പെടില്ലെന്ന് ഔറംഗസീബ് വിചാരിച്ചു. മുന്‍കാലത്ത് ക്ഷേത്രം തകര്‍ക്കപ്പെട്ട എല്ലാ അവസരങ്ങളിലും ഹിന്ദുക്കള്‍ അത് പുനര്‍നിര്‍മിക്കാന്‍ കാരണം അവിടെ ഒരു മസ്ജിദ് ഇല്ലാതിരുന്നതിനാലാണെന്ന് ഔറംഗസീബിന് തോന്നിയിരിക്കാം. ഈ ധാരണ തെറ്റാണെന്ന് ചരിത്രം തെളിയിച്ചു.
മുഗളാധിപത്യവും
മറാത്ത കരുത്തും
ഔറംഗസീബ് മരിക്കുന്നത് 1707-ല്‍ ആണ്. മൂന്നര പതിറ്റാണ്ടായപ്പോള്‍ 1742-ല്‍ മറാത്ത സേനാനായകന് മല്‍ഹര്‍ റാവു ഹോല്‍ക്കര്‍ 20,000 പടയാളികളുമായി കാശിയിലെത്തി. ഔറംഗസീബ് നിര്‍മിച്ച ഗ്യാന്‍വ്യാപി മസ്ജിദ് തകര്‍ക്കുകയായിരുന്നു ഈ വരവിന്റെ ഉദ്ദേശ്യം. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതില്‍ കാശിയിലെ ഹിന്ദുക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. അവര്‍ ഒരു പ്രതിനിധി സംഘത്തെ മല്‍ഹര്‍ റാവു ഹോല്‍ക്കറിന്റെ അടുത്തേക്ക് അയച്ചു. മുഗളന്മാര് കാശിയില്‍ ശക്തരാണെന്നും, മറാത്ത സൈന്യം തിരിച്ചുപോകുന്നതോടെ അവര്‍ ഹിന്ദുക്കളെ കൊന്നൊടുക്കാന്‍ തുടങ്ങുമെന്നും പ്രതിനിധിസംഘം മല്‍ഹര്‍ റാവുവിനെ ധരിപ്പിച്ചു. ഈ അപേക്ഷ നിരസിക്കാന്‍ മല്‍ഹര്‍ റാവുവിന് കഴിഞ്ഞില്ല. അങ്ങനെ കാശിയിലെ മസ്ജിദ് തകര്‍ക്കാതെ മനസ്സില്ലാ മനസ്സോടെ ആ രാജാവ് തിരിച്ചുപോയി. എന്നാല്‍ ഇതൊരു റിഹേഴ്സല്‍ പോലെയായിരുന്നുവെന്നും, ചരിത്രം മറ്റു ചിലത് കരുതിവച്ചിരിക്കുകയാണെന്നും അപ്പോഴൊന്നും ആരും അറിഞ്ഞില്ല.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മധ്യഭാരതത്തില്‍ മറാത്തകള്‍ കരുത്താര്‍ജിച്ചു. തങ്ങളുടെ സ്വാധീനം എത്രയുണ്ടെന്ന് പരീക്ഷിക്കാനും, തീര്‍ത്ഥാടനത്തിനുള്ള ഹിന്ദുക്കളുടെ അവകാശം സ്ഥാപിക്കാനും മറാത്തകള്‍ തീരുമാനിച്ചു. മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ബാജിറാവുവിന്റെ അമ്മ രാധാബായ് ഉത്തരഭാരതത്തിലെ പുണ്യകേന്ദ്രങ്ങളില്‍ ഒരു വര്‍ഷം നീളുന്ന തീര്‍ത്ഥാടനത്തിന് തീരുമാനിച്ചു. മുഗള്‍ ചക്രവര്‍ത്തി ഈ തീര്‍ത്ഥാടനത്തെ സ്വാഗതം ചെയ്തു എന്നു മാത്രമല്ല, യാത്രയിലുടനീളം 1,000 സൈനികരെ അംഗരക്ഷകരായി നിയോഗിക്കുകയും ചെയ്തു. അത്രയ്ക്കായിരുന്നു ബാജി റാവുവിന്റെ മേധാവിത്വം. കാശിയില്‍ വളരെക്കാലം തങ്ങിയശേഷമാണ് രാധാബായി പൂനെയില്‍ തിരിച്ചെത്തിയത്.
1737-ല്‍ ബാജിറാവു ദല്‍ഹിയിലേക്ക് പടനയിച്ച് മുഗള്‍ സൈന്യത്തെ പരാജയപ്പെടുത്തി. മുഗള്‍ ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ ശ്രമിച്ച നിസാമുല്‍ മുല്‍ക്കിനെയും ബാജിറാവു തോല്‍പ്പിച്ചു. മാള്‍വ പ്രവിശ്യ മുഗളന്മാര് മറാത്തകള്‍ക്ക് അടിയറവച്ചു. ഗ്വാളിയോറിനെ നോക്കാന്‍ സിന്ധ്യമാരെയും ഇന്‍ഡോറില്‍ ഹോല്‍ക്കര്‍മാരെയും ബാജിറാവു നിയോഗിച്ചു. മാള്‍വയിലെ തട്ടകം ഭദ്രമാക്കിയശേഷം മറാത്തകള്‍ ഗംഗാ സമതലത്തിലേക്ക് നീങ്ങി. ഇതിന്റെ ഭാഗമായിരുന്നു ഗ്യാന്‍വ്യാപി മസ്ജിദ് തകര്‍ത്ത് കാശിവിശ്വനാഥ ക്ഷേത്രത്തെ മോചിപ്പിക്കാന്‍ മല്‍ഹര്‍ റാവു ഹോല്‍ക്കര്‍ നടത്തിയ ശ്രമം.
ഇറാനിയന്‍ ഭരണാധികാരിയായ നാദിര്‍ഷ 1739-ല്‍ ദല്‍ഹി ആക്രമിച്ച് കൊള്ളയടിച്ചു. ഈ ആക്രമണത്തിലൂടെയാണ് വിശ്വപ്രസിദ്ധമായ മയൂര സിംഹാസനവും കോഹിനൂര്‍ രത്നവും അപഹരിക്കപ്പെട്ടത്. നാദിര്‍ഷായുടെ വരവിനുശേഷം മുഗള്‍ ഭരണം ദുര്‍ബലമായി. മറാത്തകള്‍ കരുത്തു നേടി. മുഗള്‍ ചക്രവര്‍ത്തിമാര്‍ അവരുടെ കളിപ്പാവകളായി. ദല്‍ഹിയിലെ കിംഗ് മേക്കര്‍ പദവി തന്നെ മറാത്തകള്‍ക്ക് ലഭിച്ചു. 1752 ല്‍ മുഗള്‍ ഭരണാധികാരി സഫ്ദര്‍ ജംഗ് മറാത്തകളുടെ സഹായം തേടി. ആവശ്യം അംഗീകരിച്ച മറാത്തകള്‍ കൂടുതല്‍ പ്രവിശ്യകളും ഹിന്ദുക്കളുടെ പുണ്യകേന്ദ്രങ്ങളും മോചിപ്പിക്കണമെന്ന് ഉപാധി വച്ചു. സഫ്ദര്‍ ജംഗ് ഇത് സമ്മതിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി.
ഹിന്ദുക്കളുടെ പുണ്യഭൂമികളായ കാശിയും അയോധ്യയും മഥുരയും തുടര്‍ന്നും കയ്യടക്കിവച്ചിരിക്കുന്നതില്‍ മുസ്ലിങ്ങളിലെ ഷിയാ വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഹിന്ദു ധര്‍മത്തിനുമേലുള്ള ഇസ്ലാമിക കടന്നാക്രമണത്തിന്റെ പ്രതീകമായിത്തന്നെയാണ് അവര്‍ ഇതിനെ കണ്ടത്. സുന്നി മുസ്ലിങ്ങളെപ്പോലെയായിരുന്നില്ല അക്കാലത്തും ഷിയാകള്‍. അവര്‍ മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ മടിയില്ലാത്തവരായിരുന്നു.
നാദിര്‍ഷായുടെയും അഹമ്മദ് ഷാ അബ്ദാലിയുടെയും കടന്നാക്രമണങ്ങള്‍ മറാത്തകളെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. വടക്കന്‍ പ്രദേശത്ത് ചെറിയ സൈനിക സാന്നിദ്ധ്യം പോരെന്ന് അവര്‍ക്ക് തോന്നി. 1760 ല്‍ സദാശിവ റാവുവിന്റെ നേതൃത്വത്തില്‍ ഒരു വന്‍പട പൂനെയില്‍നിന്ന് തിരിച്ചു. അഫ്ഗാനില്‍നിന്നുള്ള കടന്നാക്രമണങ്ങളെ നേരിടുന്നതിനായിരുന്നു ഇത്. ആദ്യം ദല്‍ഹിയില്‍ അബ്ദാലിയെ പരാജയപ്പെടുത്തിയശേഷം കിഴക്കോട്ടു നീങ്ങി ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങളെ മോചിപ്പിക്കുകയായിരുന്നു സദാശിവ റാവുവിന്റെ ലക്ഷ്യം. ബംഗാളിലേക്കുപോയി ഇംഗ്ലീഷുകാരെ തുരത്താനും
പദ്ധതിയിട്ടു. ഉത്തര-ദക്ഷിണ ഭാഗങ്ങളില്‍ മറാത്ത ആധിപത്യത്തിനുനേരെ ഇംഗ്ലീഷ് പട ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു.
കാശിയില്‍ വീണ്ടും
വിശ്വനാഥ ക്ഷേത്രം
സദാശിവ റാവുവിന്റെ സൈനിക നീക്കങ്ങള്‍ക്ക് അപ്രതീക്ഷിതമായ ചില തിരിച്ചടികള്‍ നേരിട്ടു. ഹിന്ദുക്കളുടെ പുണ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ കാര്യക്ഷമതയില്ലാത്ത നിരവധിപേര്‍ മറാത്ത സൈന്യത്തില്‍ ചേര്‍ന്നു. കരുത്തുറ്റ സേനയെ വാര്‍ത്തെടുത്ത ബാജിറാവുവിന്റെ ശൈലിക്ക് വിരുദ്ധമായിരുന്നു ഇത്. 1761-ലെ പാനിപ്പത്ത് യുദ്ധത്തില്‍ അബ്ദാലിയെ നേരിട്ട സദാശിവ റാവുവിന്റെ മറാത്ത സൈന്യം പരാജയപ്പെട്ടു. അഫ്ഗാന് സേനയ്ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. അധികം വൈകാതെ അബ്ദാലി അഫ്ഗാനിലേക്കു തിരിച്ചുപോയി. ഇതുണ്ടാക്കിയ അധികാര വിടവ് ബ്രിട്ടീഷുകാര്‍ നികത്തി. ബംഗാളില്‍നിന്ന് മുന്നേറിയ അവര്‍ ഗംഗ-യമുന തടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും കയ്യടക്കി. കരുത്തനായ മഹത്ജി ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മറാത്തകള്‍ 1765-ല്‍ ദല്‍ഹി പിടിച്ചടക്കിയെങ്കിലും ഉത്തരഭാരതത്തിന്റെ മറ്റ് പ്രദേശങ്ങള്‍ കീഴടക്കാനുള്ള കരുത്ത് ഇവര്‍ക്ക് ലഭിച്ചില്ല. 1803-ല്‍ ദല്‍ഹിയിലും അലിഗഢിലും മറ്റും നടന്ന ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ ആധിപത്യം നേടി. മുഗള്‍ ഭരണാധികാരികളെപ്പോലെയാണ് ഇംഗ്ലീഷുകാരും പെരുമാറിയത്. ബാബര്‍ മുതല്‍ ഔറംഗസീബ് വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ പിടിച്ചടക്കിയ ഹിന്ദുക്കളുടെ പുണ്യകേന്ദ്രങ്ങള്‍ അവര്‍ക്ക് മടക്കി നല്കാന് ബ്രിട്ടീഷുകാരും തയ്യാറായില്ല. ആരാധനാലയങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. 1947 വരെ ഈ നില തുടര്‍ന്നു.
ഇതിനിടെ അഭിമാനകരമായ മറ്റൊരു സംഭവം നടന്നിരുന്നു. മഹല്‍റാവു ഹോല്‍ക്കര്‍ ആഗ്രഹിച്ചത് മരുമകള്‍ ചെയ്തു. ഗ്യാന്‍വാപി മസ്ജിദിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇന്നത്തെ കാശിവിശ്വനാഥ ക്ഷേത്രം ഈ ധീരവനിതയാണ് പണികഴിപ്പിച്ചത്. 1776 ലായിരുന്നു ഇത്. മുഗള്‍ ഭരണം നിലനിന്ന കാലത്ത് ക്ഷേത്രനിര്‍മാണം സാധ്യമായിരുന്നോയെന്ന് ആരും സ്വാഭാവികമായി ചിന്തിച്ചുപോകും. പക്ഷേ അഹല്യബായ് ഹോല്‍ക്കര്‍ ആരെന്നറിയുമ്പോള്‍ ഈ ചിന്തതന്നെ അസ്ഥാനത്താകും. രാജകുടുംബത്തില്‍ ജനിക്കാതിരുന്നിട്ടും രാജ്ഞിയായി മാറിയ അഹല്യയുടെ കഥ ഭാരത ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ചരിത്രമാണ്. അതേസമയം കോരിത്തരിപ്പിക്കുന്നതുമാണ്.
മൂന്നു പതിറ്റാണ്ടു കാലമാണ് അഹല്യബായ് ഹോല്‍ക്കര്‍ മാള്‍വാ സാമ്രാജ്യത്തിന്റെ രാജ്ഞിയായി ഭരണം നടത്തിയത്. ഭരണകാര്യങ്ങളില്‍ അതിസമര്‍ത്ഥയായിരുന്ന ഇവര്‍ ഹിന്ദുധര്‍മത്തിന്റെ സംരക്ഷകയുമായിരുന്നു. സോമനാഥം മുതല്‍ കാശി വരെയുള്ള ക്ഷേത്രങ്ങളുടെ സംരക്ഷണം രാജ്ഞി ഏറ്റെടുത്തു. കാലപ്പഴക്കംകൊണ്ട് ജീര്‍ണിക്കുകയും മുഗള്‍ ചക്രവര്‍ത്തിമാരുടെ ആക്രമണത്തില്‍ തകരുകയും ചെയ്ത ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും നേതൃത്വം നല്കി.
നൂറുകണക്കിന് ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തീര്‍ത്ഥഘട്ടങ്ങളും ധര്‍മശാലകളും നിര്‍മിച്ചിട്ടുള്ള അഹല്യബായ് ഹോല്‍ക്കറുടെ ഏറ്റവും മഹത്തായ സംഭാവനയാണ് കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം. 1669-ല്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത ഔറംഗസീബ് ക്ഷേത്രത്തിന്റെ അടിത്തറ നിലനിര്‍ത്തിയിരുന്നു. അതിന്റെ ഒരു ഭാഗത്താണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത്. ഒന്നേകാല്‍ നൂറ്റാണ്ടോളം അവിടെ ക്ഷേത്രം ഉണ്ടായിരുന്നില്ല. ഇന്നു നാം കാണുന്ന ഗംഭീരമായ കാശി വിശ്വനാഥ ക്ഷേത്രം 1776-1780 വരെയുള്ള മൂന്നുവര്‍ഷംകൊണ്ട് അഹല്യാ ബായ് പണി കഴിപ്പിച്ചതാണ്. കാശിയിലെ ദശാശ്വമേധഘട്ട്, ഗംഗാ ആരതി നടക്കുന്ന സ്ഥലം, മണികര്‍ണികാ ഘട്ട് എന്നിവയും ഈ അനശ്വര രാജ്ഞി പുനര്‍നിര്‍മിച്ചു.
അഹല്യ നിര്‍മിച്ച ചരിത്രം
ആധുനിക കാലത്ത് ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും അഹല്യ ബായ് ഹോല്‍ക്കറെപ്പോലെ സംഭാവന ചെയ്ത മറ്റൊരാളെ ചൂണ്ടിക്കാട്ടാനാവില്ല. ഇന്ന് സനാതന ധര്‍മത്തിന്റെ അവിഭാജ്യഘടകങ്ങളായ പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും അതില്‍ അഭിമാനിക്കാനും ഹിന്ദുക്കള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ അതിന്റെ ബഹുമതിയിലേറെയും അഹല്യാ ബായ് ഹോല്‍ക്കര്‍ക്കുള്ളതാണ്. മൂന്നു പതിറ്റാണ്ടുകാലത്തോളം മാള്‍വ സാമ്രാജ്യം ഭരിച്ച അഹല്യ ബായ് ഹോല്‍ക്കര്‍ എഴുപതാമത്തെ വയസ്സിലാണ് മരിച്ചത്. ഹിന്ദു ധര്‍മത്തിനുവേണ്ടി അവര്‍ ചെയ്ത മഹത്തായ കാര്യങ്ങള്‍ വേണ്ടവണ്ണം ഇനിയും അനുസ്മരിക്കപ്പെട്ടിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും ചിലരുടെ അഹന്തയും ചില മുന്‍വിധികളുമൊക്കെ ഇതിന് കാരണമായിട്ടുണ്ടാവാം. ചരിത്ര പുസ്തകങ്ങളിലെ മുഗള്‍-ബ്രിട്ടീഷ് ഇതര ആഖ്യാനങ്ങളുടെ അഭാവം മറ്റൊരു കാരണമാണ്.
ഔറംഗസീബ് തകര്‍ത്ത കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥാനത്ത് 4.65 ചതുരശ്രമീറ്റര്‍ ചുറ്റളവിലും 15.5 മീറ്റര്‍ ഉയരത്തിലുമാണ് അഹല്യാബായ് പുതിയ ക്ഷേത്രം പണി കഴിപ്പിച്ചത്. താമരയുടെ ആകൃതിയിലുള്ള ഗോപുരങ്ങളും താഴികക്കുടവും ഇതിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. ചെമ്പ് പൂശിയതായിരുന്നു ഇവ. വിധിപ്രകാരവും വാസ്തു ശാസ്ത്രം അടിസ്ഥാനമാക്കിയുമാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലും ശിവലിംഗവും പണികഴിപ്പിച്ചത്. രാജ്ഞിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഇതിനുണ്ടായിരുന്നു. 1839 ല്‍ പഞ്ചാബിലെ മഹാരാജാവ് രഞ്ജിത് സിംഗ് സംഭാവനയായി നല്കിയ 1000 കിലോ സ്വര്‍ണം ഉപയോഗിച്ചാണ് ഗോപുരങ്ങളില്‍ രണ്ടെണ്ണം സ്വര്‍ണം പൂശിയത്. സിഖ്-ഹിന്ദു മതങ്ങള്‍ തമ്മിലെ ഐക്യവും രഞ്ജിത് സിംഗിന്റെ ഈ സംഭാവനയിലൂടെ വ്യക്തമാവുന്നുണ്ട്. പില്ക്കാലത്ത് ‘സുവര്‍ണക്ഷേത്രം’ എന്നുപോലും കാശി വിശേഷിപ്പിക്കപ്പെടാനുള്ള കാരണം ഇതാണ്.
ബ്രിട്ടീഷുകാരുടെ വരവിനു ശേഷമാണ് സിഖുകാരും ഹിന്ദുക്കളും വേറെയാണെന്ന തോന്നല്‍ ശക്തിപ്പെട്ടത്. 1828-ല്‍ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ജ്ഞാനകൂപത്തിന് മണ്ഡപം നി
ര്‍മിച്ചത് ഗ്വാളിയാറിലെ റാണി ബയ്ജുബായ് ആണെന്നതും ഇവിടെ ഓര്‍ക്കാം. ക്ഷേത്രത്തിലേക്കു വേണ്ട ഒന്‍പത് മണികളും ക്ഷേത്രസങ്കേതത്തിലെ ഏഴടി ഉയരമുള്ള നന്ദിയും നേപ്പാള്‍ രാജാവ് സംഭാവന ചെയ്തതാണ്. കാഠ്മണ്ഡുവിലെ പശുപതി നാഥനെ ദര്‍ശിക്കാതെയുള്ള കാശിവിശ്വനാഥ ദര്‍ശനവും നേരെമറിച്ചുള്ള ദര്‍ശനവും അപൂര്‍ണമാണെന്ന വിശ്വാസം നേപ്പാളുമായുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പൗരാണിക ബന്ധത്തെയാണ് കാണിക്കുന്നത്.
വാരാണസിയിലെ ഒരു ലിഖിതം കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അഹല്യാ ബായ് ഹോല്‍ക്കറുടെ സംഭാവനകളിലേക്ക് വെളിച്ചം വീശുന്നതാണ്. ”…തന്റെ നന്മകൊണ്ട് ദേവി അഹല്യ മനുഷ്യ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി… കാശിവിശ്വനാഥന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ക്ഷേത്രം വീണ്ടും നിര്‍മിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. ഇതിനുശേഷം ദേവി മഹത്തായ കാശിവിശ്വനാഥ ക്ഷേത്രം നിര്‍മിച്ചു. പൂജാദി കര്‍മങ്ങള്‍ക്കുശേഷം ആഘോഷത്തോടെ ശകവര്‍ഷം 1712 ശ്രാവണമാസത്തില്‍ വിഗ്രഹപ്രതിഷ്ഠ നടന്നു.” കാശിവിശ്വനാഥ ക്ഷേത്രത്തിന് അഹല്യാബായ് രാജ്ഞിയുടെ സംഭാവന അതുല്യമാകുന്നു എന്നാണ് കാശിയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള പ്രൊഫ. റാണ വി.പി. സിംഗ് പറയുന്നത്. കാശിയുടെ ഇന്നു കാണുന്ന മഹത്വത്തിന് ചരിത്രം ആ മഹാവനിതയോട് കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: