ആർ. പ്രസന്നകുമാർ
അധ്യക്ഷന്‍, ബാലഗോകുലം
ഭഗവാൻ ശ്രീകൃഷ്ണനെ “മായാബാലൻ” എന്നാണ് വൈലോപ്പിള്ളി വിശേഷിപ്പിച്ചത്. ബാല്യം മായാതെ നില്ക്കുന്നതുകൊണ്ട് എന്ന് അതിനൊരു വ്യാഖ്യാനവും പറയാം. ബാല്യം എന്ന അവസ്ഥയെ അതിന്റെ എല്ലാ ലാവണ്യ ഭാവത്തോടും കൂടി പകർത്തിവച്ചിരിക്കുന്ന മറ്റൊരു ഈശ്വരരൂപമില്ല. മായ കാട്ടുന്ന ബാലൻ എന്ന നിലയ്‌ക്കും വൈലോപ്പിള്ളിയുടെ വിശേഷണം യോജിക്കും. മായാജാലക്കാരന്റെ കൈയിൽ ഒരു മയിൽപ്പീലിത്തണ്ട് ഉണ്ടാവും. ഇന്നത്തെ മാജിക് സ്റ്റിക്കിന്റെ സ്ഥാനമാണതിന്. മയിൽപ്പീലി ഒന്നു വട്ടംചുറ്റിക്കഴിയുമ്പോഴേക്കും അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ സംഭവിക്കും. കാളിയവിഷബാധയാൽ കരിഞ്ഞുണങ്ങിയ കടമ്പിൻ കൊമ്പിൽ ഈ മായാബാലൻ ഒന്നു തൊട്ടതേയുള്ളു. അത് അടിമുടി പൂത്തുവിടർന്നു. കലിമലം ബാധിച്ച കേരളമനസ്സിൽ കേവലസ്പർശം കൊണ്ടു വിസ്മയം വിടർത്തിയ മായാത്ത ബാല്യമാണ് ബാലഗോകുലം . അമ്പതാണ്ടുകളായി തുടർന്നു വരുന്ന ആ അമ്പാടിലീലകൾ മലയാളത്തിന്റെ മണ്ണിലും മനസ്സിലും മായാത്ത പദമുദ്രകൾ പതിച്ചുകഴിഞ്ഞു. കേരളസാമൂഹ്യഭൂമികയിൽ ബാലഗോകുലത്തിന്റെ അടയാളങ്ങൾ അന്വേഷിക്കുന്ന പഠനപദ്ധതിയുടെ പ്രാരംഭപരിശ്രമം മാത്രമാണ് ഈ ലേഖനം.
ഇരുപതാംനൂറ്റാണ്ടിലെ കേരളം ധർമ്മാധർമ്മങ്ങളുടെ സംഗരഭൂമിയായിരുന്നു. ഗുണകരമായ നവോത്ഥാനത്തോടൊപ്പം സ്വത്വബോധത്തെ ക്ഷയിപ്പിക്കുന്ന വിപരീതോത്ഥാനങ്ങളും ഇവിടെ സംഭവിച്ചു. നവോത്ഥാനം ഏതാണ്ട് സ്വാതന്ത്ര്യലബ്ധിയോടെ നിലച്ചുപോവുകയും അധ:പതനത്തിന്റെ ആക്കം വർദ്ധിക്കുകയും ചെയ്തു. ഭാരതീയസംസ്കാരത്തിന്റെ ആദർശനിഷ്ഠമായ പിന്തുടർച്ച ഒരു ഭാഗത്തും വൈദേശികസിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും കൊണ്ടുവന്ന നിഷേധാത്മകമായ വളർച്ച മറുഭാഗത്തും എന്ന നിലയിൽ ഒരു ധ്രുവീകരണം ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ദൃശ്യമാകുന്നുണ്ട്. നവോത്ഥാനത്തിന്റെ ആദ്ധ്യാത്മികമൂല്യങ്ങൾ മറച്ചു പിടിച്ച് ജീവിതത്തെയും സംസ്ക്കാരത്തെയും ഭൗതികമായി മാത്രം വ്യാഖ്യാനിക്കുന്ന രീതിശാസ്ത്രം അംഗീകാരം നേടി. ഭാരതീയസംസ്കൃതിയെ ആന്തരികമായി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് ചിന്തകരുടെ കൂട്ടായ പരിശ്രമം കലാസാഹിത്യമേഖലകളിൽ വ്യാപകമായി. നിലനിൽക്കുന്ന എന്തിനെയും വിമർശിക്കുക, വിമർശിച്ച് നശിപ്പിക്കുക എന്ന ശൈലി ചെറുപ്പക്കാരെ വളരെ വേഗം സ്വാധീനിച്ചു. ഹിന്ദുസമാജത്തിൽ എങ്ങനെയോ വന്നുചേർന്ന ജാത്യാചാരം പോലെയുള്ള കളങ്കങ്ങളുടെ പേരിൽ മഹത്തായ ആ സംസ്ക്കാരത്തെത്തന്നെ നിഷേധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് നവോത്ഥാനം എന്നു കരുതപ്പെട്ടു. രാമായണവും മഹാഭാരതവും ക്ഷേത്രാചാരങ്ങളും മൂല്യങ്ങളുമെല്ലാം നിരാകരിക്കേണ്ടവയുടെ പട്ടികയിൽ ഉൾപ്പെട്ടു. അങ്ങനെ സ്വാമി വിവേകാനന്ദന്റെ മേഘനിർഘോഷത്തിലാരംഭിച്ച് ശ്രീനാരായണഗുരുദേവനുൾപ്പെടെയുള്ള സംന്യാസിശ്രേഷ്ഠരിലൂടെ വളർന്ന് ആദർശനിഷ്ഠരായ കർമ്മയോഗികളിലൂടെ കുതിച്ചൊഴുകിവന്ന നവോത്ഥാനഗംഗ പാതിവഴിയിൽ പലതായി ചിതറി ദുർബലമായിത്തീർന്നു. ആദ്ധ്യാത്മികസൗന്ദര്യം പാടേ എടുത്തുകളഞ്ഞ് ഒരു സാമൂഹ്യപരിഷ്ക്കരണമുന്നേറ്റം മാത്രമായി അതിനെ പാഠപുസ്തകങ്ങളിൽ ഒതുക്കി.
കമ്യൂണിസ്റ്റ് ചിന്താധാരയോടൊപ്പം ഉപഭോഗാധിഷ്ഠിതമായ പാശ്ചാത്യജീവിതവീക്ഷണവും കേരളസമൂഹത്തെ ആകർഷിച്ചു. ധർമ്മത്തിനു നല്കിവന്നിരുന്ന പ്രഥമപരിഗണന ക്രമേണ നഷ്ടമായി. അർത്ഥകാമങ്ങൾ മുഖ്യ പുരുഷാർത്ഥങ്ങളായി. കൂടുതൽ ലാഭമുണ്ടാക്കാൻ കുത്സിതമാർഗ്ഗങ്ങൾ സ്വീകാര്യമായിമാറി. കൃഷിയിൽ നാണ്യവിളകൾ ആധിപത്യം നേടി. പുറം നാട്ടിലേക്കുള്ള പ്രവാസം ഒരു പൊതുപ്രവണതയായി. പണമുണ്ടാക്കാനും പുറത്തേക്കു പറക്കാനും ഉപകരിക്കാത്തതുകൊണ്ട് മാതൃഭാഷയും മാതൃഭൂമിയും ഉപേക്ഷിക്കപ്പെടേണ്ടതായി. പഠനവും പരിശീലനവും വിദേശച്ചിട്ടയനുസരിച്ചായി. നാട്ടുനന്മകളും നാട്ടാചാരങ്ങളും കവിതയിലെ നെടുവീർപ്പുകൾ മാത്രമായി. ധൂസരസങ്കല്പങ്ങളിലും യന്ത്രവത്കൃതലോകങ്ങളിലും പുലർന്നവർ അതിവേഗം മനുഷ്യയന്ത്രങ്ങളായി. കാടും കാവും വെട്ടിത്തെളിച്ചു. മലകൾ കവർന്നെടുക്കപ്പെട്ടു. ഭാരതപ്പുഴ ആകുലമാർന്ന ഒരഴുക്കുചാലായി മാറി. ആത്മാവു നഷ്ടപ്പെട്ട സമൂഹത്തിന് ഒന്നിലും വിശ്വാസമില്ലാതായി. മാനസികമായ അടിമത്തം ഒരു മഹാരോഗം പോലെ വ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം വരച്ചിടുന്ന ഇരുണ്ട ചിത്രങ്ങൾ അങ്ങനെ നീളുന്നു.
പെരുകുന്ന ഈ സ്വത്വപ്രതിസന്ധിയെ തുറന്നു കാണിക്കുന്ന ഭാവഗംഭീരമായ കാവ്യമാണ് എൻ എൻ കക്കാടിന്റെ വജ്രകുണ്ഡലം. മഹാഭാരതത്തിലെ ഉത്തങ്കോപാഖ്യാനത്തെ ആധുനിക സാമൂഹ്യവ്യവസ്ഥിതിയുടെ രൂപകമാക്കി ഇതിൽ അവതരിപ്പിക്കുന്നു. ചിരപുരാതനമായ ഭാരതീയജീവിതമൂല്യമാണ് കവിതയിൽ വജ്രകുണ്ഡലമായി കല്പിച്ചിട്ടുള്ളത്. വാൽകണ്ണാടിപോലെ സ്വച്ഛശാന്തമായിരുന്ന തന്റെ ഗ്രാമത്തിലേക്കു മടങ്ങിവരുന്ന യുവാവിനു നേരിടേണ്ടിവരുന്ന പ്രലോഭനങ്ങളും പ്രതികാരങ്ങളും കവിതയിൽ വിവരിക്കുന്നു. ഗ്രാമത്തിന്റെ വിശുദ്ധിയാകെ കവർന്നെടുക്കപ്പെട്ടിരിക്കുന്നു. വഴിയിലെമ്പാടും വിഷസർപ്പങ്ങളിഴഞ്ഞ പാടുകൾ. ഭ്രാന്തമായ ജംബുകനൃത്തങ്ങൾ . മുനിമാരുടെ മനസ്സിലും കുഞ്ഞുങ്ങളുടെ മിഴികളിലും കാണുന്ന വെളിച്ചമെല്ലാം അറുത്തുകൊണ്ടുവരുവാൻ തക്ഷകന്റെ കല്പനയുണ്ട്. അതിലൊന്നും അകപ്പെടാതെ ഉള്ളിലെ ഇറ്റു വെളിച്ചവും പൊത്തിപ്പിടിച്ച് ഉഴറിയോടുന്ന നായകനു മുന്നിൽ പണവും പദവിയും സുഖലഹരിയുമൊരുക്കി പ്രലോഭിക്കുന്ന മദനകാമിനിമാരുണ്ട്. പൊന്നിനും കന്നിയ്‌ക്കും പകരമായി കൊടുക്കേണ്ടത് പ്രകാശം പരത്തുന്ന ഈ മണിയാണ്. സുഖഭോഗങ്ങൾക്കു വേണ്ടി ആദർശമൂല്യത്തെ വലിച്ചെറിയാനുള്ള പ്രലോഭനങ്ങൾ ഒടുവിൽ ഭീഷണിയായി മാറുമ്പോഴും കവിതയിലെ യുവാവ് തളരുന്നില്ല. ഗരുഡനെ കാത്തിരിക്കുന്ന വിനതയെപ്പോലെ ഭാരതം ഉത്തമപുത്രനെ പ്രതീക്ഷിച്ചിരിക്കുകയാണ്. കവിത സമാപിക്കുന്നത് ഇങ്ങനെയാണ്.
” വിനതേ നിർഭാഗ്യേ
നിന്നഴൽ കൊത്തിയുടയ്ക്കായ്ക
അതിൽ ബീജം ഉണരട്ടെ,
ചിറകു മുളച്ചു കരുത്തായ് പിളരട്ടെ,
ഞാനതുവരെയീ
കാളാഗ്നിപ്രളയജലോപരി
ഉരുകാത്തൊരു വജ്രകണത്തിനു
തുണയായിട്ടുരുകിയിരിക്കാം ”
ആദർശമൂല്യങ്ങൾക്കു കാവലിരിക്കുന്ന ഈ കാവ്യനായകന്റെ സ്ഥാനത്താണ് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉദയം ചെയ്ത ബാലഗോകുലത്തെ കാണേണ്ടത്. സമകാലികജീവിതത്തിന്റെ വർണത്തിളപ്പിൽ കഴിയുമ്പോഴും സനാതനമൂല്യങ്ങളുടെ ദീപനാളങ്ങൾ കെടാതെ സൂക്ഷിക്കുക. ചെളിക്കുണ്ടിലെ ചെന്താമരപോലെ വെളിച്ചത്തിലേക്കു വളരുന്ന ബാലപ്രതിഭകളെ വാർത്തെടുക്കുക. സ്വാർത്ഥതാകലുഷമായ സമൂഹത്തിൽ ത്യാഗത്തിന്റെയും സേവനത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുക. പ്രകൃതി, ഭാഷ, സംസ്കൃതി, രാഷ്‌ട്രബോധം, ധർമ്മബോധം മുതലായ ശാശ്വതപ്രമാണങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങൾകൊണ്ട് വർത്തമാനകാലത്തെ പ്രഭാപൂരിതമാക്കുക. അങ്ങനെ വീടും നാടും ദേശവും വിശ്വവും പ്രശാന്തസുന്ദരമാക്കുന്നതിനുവേണ്ടിയാണ് സംഘവൃക്ഷത്തിന്റെ പുതിയ പൂങ്കൊമ്പായി ബാലഗോകുലം അവതരിച്ചത്.
1953 ൽ കേസരിവാരികയുടെ ബാലപംക്തിയ്‌ക്കു സ്വർഗീയ പി.പരമേശ്വർജി നല്കിയ നാമമാണ് ബാലഗോകുലം . സ്വാതന്ത്ര്യാനന്തരദശകത്തിൽ ഭാരതത്തിലെ പ്രമുഖഭാഷകളിൽ സംഘത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിക്കുന്ന ആനുകാലികങ്ങൾ ആരംഭിച്ചു. അങ്ങനെ മലയാളത്തിൽ കേസരി വാരിക കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങി. അതിലാണ് ബാലഗോകുലം എന്ന കുട്ടികളുടെ പംക്തി ആരംഭിച്ചത്. ബാലപംക്തികളുടെ പൊതുസ്വഭാവമനുസരിച്ച് അതിൽ വരുന്ന വിഭവങ്ങൾ കൈകാര്യം ചെയ്യാൻ എഡിറ്റർക്ക് ഒരു തൂലികാനാമം ആവശ്യമായിവന്നു. അങ്ങനെ ബാലഗോകുലത്തിന്റെ രക്ഷാകർതൃസ്ഥാനത്തേക്ക് ഗോപിച്ചേട്ടൻ എന്ന പേര് നിശ്ചയിക്കപ്പെട്ടു. ആ പംക്തി അതിന്റെ പതിവനുസരിച്ച് ഇരുപതുവർഷത്തോളം മുന്നോട്ടുപോയപ്പോഴാണ് മാന്യ . എം എ കൃഷ്ണൻ കേസരി പത്രാധിപരായി നിയുക്തനായത്. വെറുമൊരു മുളന്തണ്ടിൽ മുരളിക കണ്ടെത്താൻ കഴിയുന്ന പ്രതിഭയുടെ മൂന്നാം കണ്ണ് എം എ സാറിനുണ്ട്. 1973 ജനുവരി 28 ലെ ബാലഗോകുലം പംക്തിയിൽ ഗോപിച്ചേട്ടന്റെ ഒരു കത്ത് പ്രത്യക്ഷപ്പെട്ടു. ഇരുപതു വയസ്സിൽ താഴെയുള്ളവർക്കായെഴുതിയ ആ കത്തിൽ ബാലഗോകുലത്തിൽ അംഗങ്ങളാവാനുള്ള അപേക്ഷാപത്രവും ഉണ്ടായിരുന്നു. അതിനു കിട്ടിയ മികച്ച പ്രതികരണങ്ങൾ അടുത്ത കത്തിനു കാരണമായി. അംഗങ്ങളായി ചേർന്നവർ അവരവരുടെ സ്ഥലത്ത് സമാനതാല്പര്യക്കാരെ കണ്ടെത്തി യൂണിറ്റുകൾ തുടങ്ങാനുള്ള നിർദ്ദേശം അതിലുണ്ടായി. അങ്ങനെ 1974 ൽ ആദ്യം കോഴിക്കോട്ടും തുടർന്ന് ആസഹ്യസാഗരം കേരളത്തിലും ബാലഗോകുലയൂണിറ്റുകൾ രൂപപ്പെട്ടു. ഓരോ സ്ഥലത്തും ഞായറാഴ്ചകളിൽ ഒരുമിച്ചു ചേർന്ന് കുട്ടികളുടെ കലാഭിരുചികൾ പ്രകടിപ്പിക്കുകയും ചില സാംസ്ക്കാരിക കാര്യക്രമങ്ങൾ നടത്തുകയും ചെയ്യുന്ന സ്വതന്ത്രസംഘങ്ങളായിരുന്നു ഈ യൂണിറ്റുകൾ. കേസരിയുമായി പുലർത്തുന്ന കത്തിടപാടുകളും വാർത്തകളും മാത്രമായിരുന്നു അവരെ പരസ്പരം ബന്ധപ്പെടുത്തിയിരുന്നത്. 1975 ൽ അത് സ്വയം ഒരു സംഘടനാരൂപത്തിലേക്കു പരിണമിച്ചു. അങ്ങനെ, ഇരുപത്തൊന്നുവർഷം നീണ്ട കേസരീഗർഭകാലത്തിനു ശേഷം ബാലഗോകുലശിശു ഭൂജാതനായി.
രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ കേസരിയും സംഘശാഖകളും പ്രത്യക്ഷത്തിലില്ല എന്ന സ്ഥിതി വന്നു. ബാലഗോകുലത്തെ സംബന്ധിച്ച് ഇത് അനുകൂലകാലമായി. എല്ലാവരുടെയും ശ്രദ്ധയും വാത്സല്യവും അതിനു കിട്ടി. അമ്പലമതിലിൽ ചുറ്റുവിളക്കുകൾ തെളിയും പോലെ എങ്ങുമെങ്ങും ഗോകുലങ്ങളുണ്ടായി. മലയാളിയുടെ സ്വത്വബോധത്തിൽ ആഴത്തിൽ വേരോടി നില്ക്കുന്ന കൃഷ്ണസങ്കല്പം അതിന്റെ എല്ലാ ഭാവപ്പൊലിമയോടും കൂടി പ്രകാശിക്കുന്ന ഇടം എന്ന നിലയിൽ ബാലഗോകുലയൂണിറ്റുകൾ സർവ്വാത്മനാ സ്വീകരിക്കപ്പെട്ടു. അമ്പാടിയിലെ ഉണ്ണിക്കണ്ണനെപ്പോലെ ഈ നവജാതശിശുവും കേരളജനതയുടെ ഹൃദയം കവർന്ന് വളർന്നുതുടങ്ങി. ശ്രീകൃഷ്ണജയന്തി ശോഭായാത്രയാണ് ബാലഗോകുലത്തെ എല്ലാവരുടെയും വാത്സല്യഭാജനമാക്കിയത്. 1958 ൽ കേസരി പത്രാധിപരായിരുന്ന സാധുശീലൻ പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രമാക്കി ജന്മാഷ്ടമി ആഘോഷം നടത്തിയിരുന്നു. ഇന്നത്തെ ശോഭായാത്രയുടെ ആദിമരൂപം അതായിരുന്നു. പിന്നീട് 1977 ൽ കോഴിക്കോട് ബാലഗോകുലത്തിന്റെ വാർഷികം എന്ന നിലയിൽ ശ്രീകൃഷ്ണജയന്തിദിനത്തിൽ ഒരു ശോഭായാത്ര നടന്നു. അതാണ് സംഘടനാ ചരിത്രത്തിൽ ആദ്യത്തെ ശോഭായാത്ര. എന്നാൽ ശോഭായാത്ര എന്ന ആശയം പണ്ടു പണ്ടേ മലയാളിയുടെ മനസ്സിൽ മുദ്രിതമായിരുന്നു എന്നു കരുതണം. 1958 ൽ പ്രകാശിതമായ കൃഷ്ണാഷ്ടമി എന്ന വൈലോപ്പിളളിക്കവിതയിൽ നൂറ്റാണ്ടുകൾക്കു മുമ്പ് വംഗദേശത്തു നടന്ന ശോഭായാത്രയെക്കുറിച്ച് സൂചനയുണ്ട്.
” പഞ്ഞക്കെടുതിയിൽ പോലും പാതയിൽ
പാട്ടും ഭജനയുമാഘോഷം ”
മാത്രമല്ല, ഓരോ വീട്ടിലും അന്നൊരു മേഘശ്യാമളനുണ്ണി പിറക്കുന്നു എന്നും കവി കുറിക്കുന്നുണ്ട്. തീർന്നില്ല , ഇത് ഭാരതമെന്ന അമ്മയുടെ വേദനയ്‌ക്കുള്ള ഔഷധമാണെന്നുകൂടി പ്രസ്താവിച്ചിട്ടാണ് കവിത സമാപിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ ഉദയം സിനിമയ്‌ക്കുവേണ്ടി പി ഭാസ്ക്കരൻ എഴുതിയ ” എന്റെ മകൻ കൃഷ്ണനുണ്ണി” എന്ന ഗാനം കുട്ടിയെ കൃഷ്ണവേഷം അണിയിക്കാനുള്ള എല്ലാ അമ്മമാരുടെയും ഹൃദയാഭിലാഷമാണ്. കൃഷ്ണാട്ടത്തിലെ കൃഷ്ണവേഷത്തെക്കുറിച്ചാണ് പ്രസ്തുതമെങ്കിലും ശോഭായാത്രയിലെ കൃഷ്ണവേഷവുമായാണ് ആ ഗാനത്തിനു ബന്ധം. 1978 മുതൽ എല്ലാ വർഷവും ചിങ്ങമാസത്തിലെ അഷ്ടമി രോഹിണിനാളിൽ കേരളം മയിൽപ്പീലി ചൂടി മഞ്ഞത്തുകിൽചുറ്റി മണിക്കുഴലൂതി കലിയുഗവൃന്ദാവനമാകും.അങ്ങനെ കണ്ണനോടൊപ്പം കേരളം ബാലഗോകുലത്തെയും സ്നേഹിച്ചു.
ഒരു പൂർണസംഘടന എന്ന നിലയിൽ രൂപഭാവങ്ങൾ ആർജ്ജിച്ചു വരാൻ രണ്ടു ദശകങ്ങൾ വേണ്ടിവന്നു. ഔദ്യോഗികമായ രജിസ്ട്രേഷൻ, പതാക, ചിഹ്നം, പ്രാർത്ഥന, ഉപപ്രസ്ഥാനങ്ങൾ, പ്രവർത്തകശിബിരങ്ങൾ, ധനസമാഹരണസംവിധാനം മുതലായ കാര്യങ്ങൾ ഓരോന്നായി സംഭവിച്ചു. കവികളാണ് ഈ സംഘടനയെ ലാളിച്ചു വളർത്തിയത്. എൻ എൻ കക്കാട് പ്രാർത്ഥനാഗീതം എഴുതിനല്കി. കൈതപ്രം പതാകഗാനം സമ്മാനിച്ചു. മഹാകവി അക്കിത്തം മുന്നിൽ നിന്നു വിളക്കു തെളിച്ചു. കുഞ്ഞുണ്ണിമാഷും സുഗതകുമാരിയും തോളിലേറ്റി നയിച്ചു. പാഠ്യപദ്ധതിയും പുസ്തകങ്ങളും അങ്ങനെയുണ്ടായി. പിന്നീട് വിഷ്ണു നാരായണൻ നമ്പൂതിരിയും എൻ കെ ദേശവും എസ് രമേശൻനായരും പി നാരായണക്കുറുപ്പും ആ ദൗത്യം തുടർന്നു. ഭഗവാൻ ശ്രീകൃഷ്ണന് ഋഷിമുനിമാരെന്ന പോലെ ബാലഗോകുലത്തിന് ഈ കവിഗുരുക്കന്മാർ തുണയായി. ശ്രീകൃഷ്ണനെ എന്ന പോലെ സർഗ്ഗാത്മകതയെയും അളവില്ലാതെ പ്രണയിക്കുന്ന മലയാളികളുടെ മനസ്സറിഞ്ഞ എം എ സാർ ബാലഗോകുലത്തെ കവികളുടെ കൈകളിൽ ഏല്പിക്കുകയായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി.
ഗോകുലം എന്നത് ഒരേസമയം അതുല്യമായ ഒരു ആശയവും ആകർഷകമായ ഒരു പ്രയോഗരീതിയുമാണ്. ആശയം അതിപുരാതനമാണ്. അതിന്റെ ഉപജ്ഞാതാവ് ഭഗവാൻ ശ്രീകൃഷ്ണനാണ്. ഭയവും സംഘർഷവും നിരാശയും ബാധിച്ച ഒരു സമൂഹത്തെ കുട്ടികൾക്കിടയിലെ ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെ എങ്ങനെ പരിവർത്തനം ചെയ്യാം എന്ന ആശയത്തിന്റെ രൂപമാതൃകയാണല്ലോ വൃന്ദാവനം. കുട്ടികളുടെ കുറുമ്പും കുസൃതികളും ലീലാവിലാസങ്ങളും പോകപ്പോകെ ആ സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അവരുടെ ഭയം മാറുന്നു. ആത്മവിശ്വാസം തളിരിടുന്നു. ആരാധനാരീതി മാറുന്നു. ആനന്ദം വീണ്ടെടുക്കപ്പെടുന്നു. കംസവാഴ്ചയുടെ കരങ്ങൾ ഓരോന്നായി തകരുന്നു. കൃഷിയും ഗോരക്ഷയുമായി കഴിഞ്ഞിരുന്ന സാധാരണക്കാരുടെ കുട്ടികൾ രാഷ്‌ട്രനവനിർമ്മാണത്തിന്റെ സാരഥിമാരാവുന്നു. സമൂഹമനസ്സിൽ ദ്വാപരയുഗം നിക്ഷേപിച്ച ഈ ആശയത്തെ വീണ്ടും കണ്ടെത്തുക മാത്രമാണ് ബാലഗോകുലത്തിന്റെ സ്രഷ്ടാക്കൾക്കു ചെയ്യാനുണ്ടായിരുന്നത്. അതുപോലെ തന്നെ ഗോകുലം എന്ന പ്രയോഗമാതൃകയും പുതുതല്ല. ഗുരുകുലവിദ്യാഭ്യാസസമ്പ്രദായത്തെ ലളിതവും അനൗപചാരികവുമാക്കി പുതിയ ലോകത്തു പരീക്ഷിക്കുക എന്ന രീതി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇവിടെ ആരംഭിച്ചിരുന്നു. ആഗമാനന്ദസ്വാമികൾ വിദ്യാർത്ഥിയായിരിക്കെ സ്ഥാപിച്ച സനാതനധർമ്മവിദ്യാർത്ഥി സംഘം, മദ്ധ്യ തിരുവിതാംകൂറിൽ നടന്നുവന്നിരുന്ന മതപാഠശാലകൾ, രവിവാരപാഠശാലകൾ, ആശ്രമങ്ങളോടും ക്ഷേത്രങ്ങളോടും അനുബന്ധിച്ചു നടക്കുന്ന ഗീതാക്ലാസുകൾ മുതലായ മുൻഗാമികൾ ബാലഗോകുലത്തിനുണ്ടായിരുന്നു. എന്നാൽ ഇവയ്‌ക്കൊന്നുമില്ലാത്ത രണ്ടു വിശേഷഗുണങ്ങളാണ് ഈ സംഘടനയെ കുട്ടികളുടെയും മുതിർന്നവരുടെയും സ്നേഹപാത്രമാക്കിയത്. ഭഗവാൻ ശ്രീകൃഷ്ണനെ ആദർശപുരുഷനായി സ്വീകരിച്ചു എന്നതാണ് ഒന്നാമത്തെ വിശേഷം. മറ്റൊന്ന് കുട്ടികളുടെ സർഗ്ഗാത്മകതയ്‌ക്ക് പ്രാധാന്യം നല്കുന്നു എന്നുള്ളതും.
ഇരുപതാം നൂറ്റാണ്ടിന്റെ സമാപനദശകമെത്തുമ്പോൾ ബാലഗോകുലം അതിന്റെ നവജാതശൈശവം പിന്നിട്ട് ബാലലീലകളിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് കാണുന്നത്. ഉത്സവങ്ങളുടെ ഒരു വർണമേളംതന്നെ ഈ ഘട്ടത്തിൽ അരങ്ങേറി. 1995 ലെ ഗോകുലോത്സവം, 2000 ലെ ബാലമഹാസമ്മേളനം, 2005 ലെ ഗോകുലകലായാത്ര, 2010 ലെ കൃഷ്ണായനം എന്നിവ ആ ലീലകളിലെ സുവർണ്ണമുഹൂർത്തങ്ങളാണ്.സമൂഹത്തിലെ ഉന്നതവ്യക്തിത്വങ്ങൾ ബാലഗോകുലവേദികളിൽ പങ്കെടുത്ത് ആനന്ദധാര പൊഴിച്ചു. ഭാരതത്തിന്റെ ഉപപ്രധാനമന്ത്രിയടക്കമുള്ള ഭരണകർത്താക്കൾ, പേജാവർ മഠാധിപതി സ്വാമി വിശ്വേശ്വരതീർത്ഥയെ പോലെയുള്ള ആദ്ധ്യാത്മികഗുരുക്കന്മാർ, സംഘത്തിന്റെ അഖിലഭാരതീയ കാര്യ കർത്താക്കൾ , കലാവൈജ്ഞാനിക പ്രതിഭകൾ തുടങ്ങി ബാലഗോകുലത്തിന്റെ കാര്യക്രമങ്ങളുടെ ഭാഗമായ വിശിഷ്ടവ്യക്തിത്വങ്ങൾ ഏറെയാണ്. കുട്ടികൾക്കുവേണ്ടിയുള്ള ആഗോളധാർമ്മികകൂട്ടായ്മ (GNRC ) യുടെ സ്ഥാപകാംഗമായി പ്രവർത്തിക്കാൻ ബാലഗോകുലത്തിനു സാധിച്ചു. 2000 ൽ ജപാനിലെ ടോക്കിയോ നഗരത്തിൽ 33 ലോകരാഷ്‌ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളോടൊപ്പം ബാലഗോകുലവും GNRC രൂപീകരണ യോഗത്തിൽ പങ്കെടുത്തു. ബാലഗോകുലപ്രവർത്തനം വിശ്വവ്യാപകമാകുന്നതിന്റെ കാലവും ഇതാണ്. മലയാളികൾ ചെന്നെത്തിയ ഇടങ്ങളിലെല്ലാം ഓണം പോലെ, കഥകളി പോലെ, ബാലഗോകുലത്തെയും അവർ ഒപ്പം കൂട്ടി. ദില്ലിയിൽ 2000 ത്തിലാണ് ഗോകുലങ്ങൾ ആരംഭിച്ചത്. ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, മുംബയ്, പൂനെ മുതലായ ഭാരതീയ നഗരങ്ങളിൽ മലയാളികളുടെ സാംസ്ക്കാരികമുഖമായി ബാലഗോകുലം അറിയപ്പെടാൻ തുടങ്ങി. വിദേശരാജ്യങ്ങളിൽ നിബന്ധനകൾക്കു വിധേയമായി വിവിധ നാമരൂപങ്ങളിൽ മലയാളികളുടെ നേതൃത്വത്തിൽ ഗോകുല യൂണിറ്റുകൾ സജീവമായി. കേരളത്തനിമയുടെ മുഖമുദ്രയായി സമൂഹമനസ്സ് ബാലഗോകുലത്തെ അംഗീകരിച്ചു എന്ന യാഥാർത്ഥ്യത്തിന്റെ തെളിവാണ് പ്രവാസിമലയാളികളുടെ താല്പര്യത്തിൽ പന്ത്രണ്ടു രാജ്യങ്ങളിൽ നടന്നുവരുന്ന ഗോകുല പ്രവർത്തനം. ബാലഗോകുലം ലോകബാല്യത്തിന്റെ അഭയകേന്ദ്രമാണ് എന്ന പരമേശ്വർജിയുടെ നിരീക്ഷണം ശരിവയ്‌ക്കുന്ന കാലം വന്നുകൊണ്ടിരിക്കുന്നു.
കൃഷ്ണായനത്തിനുശേഷം നവീകരണത്തിന്റെയും ചിട്ടപ്പെടുത്തലിന്റെയും സ്വയംശിക്ഷണത്തിലേക്കു ഗതിമാറിയ പതിനഞ്ചുവർഷങ്ങളാണ് കടന്നുപോയത്. സ്വാമി വിവേകാനന്ദന്റെയും ഭഗിനി നിവേദിതയുടെയും നൂറ്റമ്പതാം ജയന്തി ആഘോഷങ്ങൾ ഈ കാലയളവിലായിരുന്നു. 2014 ൽ വിവിധ ജില്ലകളിൽ വിശ്വം വിവേകാനന്ദം എന്ന നൃത്തശില്പം അവതരിപ്പിച്ചുകൊണ്ട് സാംസ്കാരികമായ ചലനം സൃഷ്ടിക്കാൻ ബാലഗോകുലത്തിനായി. നിവേദിതയുടെ സേവാസമർപ്പണഭാവത്തെ പെൺ മനസ്സുകളിലേക്ക് ആവഹിക്കുന്നതിനായി ജില്ലകൾ തോറും ഭഗിനിസമ്മേളനങ്ങൾ എല്ലാവർഷവും നടത്തിവരുന്നു. 2016 ൽ യോഗയും ഗീതയും യോജിപ്പിച്ച് യോഗീ ഉത്സവം എന്ന പുതിയ പദ്ധതി അരങ്ങേറി. കുട്ടികളിൽ നിന്നു പുതിയ നേതൃത്വം എന്ന ആശയത്തിന്റെ ഭാഗമായി നടന്ന ബാലഭാരതം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് ദുരിതകാലത്ത് വീട്ടിലടയ്‌ക്കപ്പെട്ട കുട്ടികളുടെ മാനസികോല്ലാസത്തിനായി പരമേശ്വരീയം രാമായണകലോത്സവം ഓൺലൈനായി സംഘടിപ്പിച്ചപ്പോൾ നൂറോളം വിഷയങ്ങളിൽ കാൽലക്ഷത്തോളം കുട്ടികൾ അതിൽ പങ്കാളികളായി. മയിൽപ്പീലി ബാലമാസിക നടത്തുന്ന യങ് സ്കോളർ പരീക്ഷ, സൗരക്ഷിക തയ്യാറാക്കിയ ‘വലയിൽ വീഴാതെ വളരാം’ എന്ന സൈബർ അവബോധ ക്ലാസ്സുകൾ തുടങ്ങി , പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യത്യസ്തകാര്യക്രമങ്ങൾ ഇക്കാലത്തുണ്ടായി. ഗോകുലങ്ങൾ തയ്യാറാക്കിയ രണ്ടു ഹ്രസ്വചിത്രങ്ങളുമായി വിപുലമായ ഒരു രക്ഷാകർത്തൃസമ്പർക്കവും ഈ ഘട്ടത്തിൽ നടന്നു. രക്ഷിതാക്കൾക്കു വേണ്ടി ‘ബാല്യം സഫലമാവാൻ ‘ എന്ന മികച്ച കൈപുസ്തകം ഈ സമ്പർക്കത്തിന്റെ ഭാഗമായി വിതരണം ചെയ്തു. ഓരോ ശ്രീകൃഷ്ണജയന്തിയ്‌ക്കും സമൂഹത്തിനു മുന്നിൽ ശ്രദ്ധേയമായ ഒരു സന്ദേശവാക്യം അവതരിപ്പിച്ചു തുടങ്ങിയതും ഇതേ കാലത്താണ്. തൈ വയ്‌ക്കാം തണലേകാം താപമകറ്റാം എന്ന വാക്യം പിന്നീട് പരിസ്ഥിതിവകുപ്പ് സ്വമേധയാ സ്വീകരിക്കുകയുണ്ടായി. വീടിനു ഗോവ് നാടിനു കാവ്, നാരിതൻ മാനം നാടിന്നഭിമാനം, വിഷാദം വെടിയാം വിജയം വരിക്കാം , അകലട്ടെ ലഹരി ഉണരട്ടെ ബാല്യവും മൂല്യവും മുതലായ ധ്യേയവാക്യങ്ങൾ ശ്രീകൃഷ്ണജീവിതവുമായി ബന്ധപ്പെടുത്തി സമൂഹമധ്യത്തിൽ ചർച്ച ചെയ്യപ്പെട്ടു. ആദ്യമായി ബാലഗോകുലത്തെ തേടി ഒരു പുരസ്ക്കാരം എത്തി എന്നതും വിശേഷ പ്രാധാന്യം അർഹിക്കുന്നു. ബാലമനസ്സുകളിൽ ദേശീയബോധം ഉറപ്പിക്കാൻ ചെയ്യുന്ന സേവനങ്ങളെ മാനിച്ച് മധ്യപ്രദേശ് സർക്കാർ ചന്ദ്രശേഖർ ആസാദ് ദേശീയ പുരസ്കാരത്തിന് ബാലഗോകുലത്തെ തിരഞ്ഞെടുത്തു . സ്വയം കരുത്താർജ്ജിക്കുകയും സമൂഹത്തിനു കരുത്തേകുകയും ചെയ്ത ഈ പതിനഞ്ചുവർഷം ബാലലീലകൾക്കു ശേഷമുള്ള അഭ്യസനകാലമായി കണക്കാക്കാം.
സ്വാതന്ത്ര്യാനന്തരകേരളത്തിൽ ജന്മമെടുത്ത ഒരു സാംസ്ക്കാരിക മുന്നേറ്റത്തെ അതിന്റെ ഉളളിൽനിന്നുകൊണ്ടു വിലയിരുത്താനുള്ള പരിശ്രമമാണ് ഇതുവരെ നിർവഹിച്ചത്. സുദീർഘമായ ഗർഭകാലവും അത്രതന്നെ നീളുന്ന നവജാതകാലവും പിന്നിട്ട് ബാലലീലകൾ കൊണ്ട് ജനമനസ്സിനെ ആനന്ദിപ്പിച്ച് എഴുത്തുപളളിക്കാലത്തോളം മുതിർന്നിരിക്കുന്ന ഒരു കോമളബാലന്റെ വളർച്ചയാണ് അമ്പതുവർഷംകൊണ്ടു സംഘടന നേടിയത്. ആദ്യവർഷങ്ങളിൽ ഗോകുലാംഗങ്ങളായിരുന്നവരുടെ മക്കൾ ഇന്നു ഗോകുലകാര്യകർത്താക്കളായിട്ടുണ്ട്. മൂന്നാം തലമുറയുടെ രംഗപ്രവേശവും ദൃശ്യമായിത്തുടങ്ങി. ഇക്കഴിഞ്ഞ മേടമാസത്തിൽ നടന്ന ഗോകുലകുടുംബ സംഗമത്തിൽ മിക്കയിടത്തും മൂന്നുതലമുറകൾ ഒരുമിച്ചുവന്നിരുന്നു. ഇതുവരെയുള്ള പ്രവർത്തനങ്ങൾ കേരള സമൂഹത്തിൽ കാര്യമായ എന്തെങ്കിലും പരിവർത്തനങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് ഇനി അന്വേഷിക്കേണ്ടത്.
രാഷ്‌ട്രീയപ്രധാനമോ സമരാധിഷ്ഠിതമോ അല്ലാത്ത ഒരു സംഘടനയുടെ അമ്പതുവർഷങ്ങൾ സാമൂഹ്യചരിത്രത്തെ സംബന്ധിച്ച് വലിയ കാലയളവല്ല. പുറമേയ്‌ക്ക് ദൃശ്യമാവുന്ന കാതലായ ചലനങ്ങൾ പ്രതീക്ഷിക്കാവുന്നതുമല്ല. മുട്ട അട വിരിയുന്നതുപോലെയാണത്. ഉള്ളിൽ വലിയ പരിവർത്തനം നടക്കുന്നു. എന്നാൽ ബാഹ്യപ്രകൃതിയിൽ ഒരു മാറ്റവുമില്ല. ഭാവിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന ശുഭസൂചനകൾ തീർച്ചയായും കിട്ടിക്കൊണ്ടിരിക്കുന്നു. ആ ഊർജ്ജത്തിന്റെ മുഴക്കങ്ങളിൽ ചിലത് സൂചിപ്പിക്കേണ്ടതുണ്ട് എന്നു കരുതുന്നു.
ബാലഗോകുലത്തിന്റെ അമ്പതുവർഷങ്ങൾ രണ്ടു നൂറ്റാണ്ടുകളിലായി കിടക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ജീവിതവീക്ഷണമോ സാമൂഹ്യബോധമോ അല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിന്റേത്. ബാലഗോകുലം ആരംഭിക്കുന്ന സമയത്ത് ഭാഷയും സംസ്ക്കാരവും ധാർമ്മികമൂല്യവും ദേശീയബോധവുമുള്ള സജ്ജനസമൂഹം വലിയ അളവിൽ ഉണ്ടായിരുന്നു. എന്നാൽ അവർ നിശബ്ദരായിരുന്നു. കമ്യൂണിസ്റ്റ് ചിന്താധാരയുള്ള നാസ്തികന്യൂനപക്ഷത്തിന്റെ ബൗദ്ധിക സമ്മർദ്ദംകൊണ്ട് നിശബ്ദരാക്കപ്പെട്ട ആസ്തികഭൂരിപക്ഷം എന്ന് കൃത്യമായി പറയാം. കംസന്റെ അധീശത്വം തടവിലിടുകയോ അടിമയാക്കുകയോ ചെയ്ത ഉഗ്രസേനനെയും അക്രൂരനെയും ഓർമ്മിപ്പിക്കുന്ന ഈ സജ്ജനങ്ങൾ ബാലഗോകുലത്തിന്റെ കരുത്തായിരുന്നു. ഇവർ നല്കിയ പ്രാദേശികപിന്തുണയുടെ സദ്ഫലമാണ് അതിവേഗത്തിലുണ്ടായ ഗോകുലവളർച്ച . ഇരുപത്തൊന്നാം നൂറ്റാണ്ടിൽ യൂറോ കേന്ദ്രിതമായ ഉപഭോഗതൃഷ്ണയാണ് വെല്ലുവിളിയുയർത്തുന്നത്. ആധുനിക വിവരസാങ്കേതികവിദ്യയും സാമൂഹ്യ മാധ്യമങ്ങളും കൊണ്ടുവന്ന നവലിബറൽ വീക്ഷണം സമൂഹത്തെ വ്യക്തികളുടെ വെറും കൂട്ടങ്ങൾ മാത്രമാക്കി. സജ്ജനങ്ങൾ ദയനീയന്യൂനപക്ഷമായി. സ്വാർത്ഥതയും ഭോഗതൃഷ്ണയും ന്യായീകരിക്കപ്പെട്ടു. മൂല്യരഹിതമായ ജീവിതാസ്വാദനം പൊതുവേ അംഗീകരിക്കപ്പെട്ടു. സത്യാനന്തരയുഗം എന്നാണ് ഈ കാലഘട്ടത്തെ ദാർശനികലോകം വിലയിരുത്തുന്നത്. കലങ്ങിമറിഞ്ഞൊഴുകുന്ന ഈ കാലനദിയിലാണ് കടവുകളിലങ്ങിങ്ങു കല്ലിലുരച്ച കളഭത്തിന്റെ സുഗന്ധം തേടി നാം യാത്രയാവുന്നത്.
കമ്യൂണിസം നിശബ്ദമാക്കിയ ആസ്തിക്യബോധത്തിന് ആവിഷ്ക്കാര സ്വാതന്ത്ര്യം കൈവന്നു എന്നതാണ് ബാലഗോകുലപ്രവർത്തനങ്ങളുടെ ഫലമായുണ്ടായ പ്രകടമായ മാറ്റത്തിന്റെ ഒരു സൂചന. നാമം ചൊല്ലുന്നതു നാണക്കേടായിരുന്ന കേരളം ഇന്നു നാമ ജപയാത്രകളുടെ നാടായിരിക്കുന്നു. ഒരു നിർദ്ദേശവും ആരും നല്കാതിരുന്നിട്ടും ശബരിമലയുടെ വിശ്വാസം സംരക്ഷിക്കാൻ ആയിരക്കണക്കിന് അമ്മമാർ നാമം ചൊല്ലിക്കൊണ്ടു തെരുവിലിറങ്ങി. അതിനവർക്കു പ്രേരണയായത് കുട്ടിക്കാലത്തു ലഭിച്ച ഗോകുലാനുഭവങ്ങൾ കൂടിയാണ്. പൂർവ കാലഗോകുലാംഗങ്ങൾ അവരുടെ വീട്ടിലും നാട്ടിലും വിവിധകർമ്മമേഖലകളിലും ധാർമ്മികപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നുണ്ട്. അതിന്റെ ഫലമായി നാരായണീയസംഘങ്ങളും മറ്റു സ്വാധ്യായ സമിതികളും വ്യാപകമായി. തീർത്ഥയാത്രകൾ വർദ്ധിച്ചു. കുട്ടികൾക്ക് ഈശ്വരനാമങ്ങൾ ചേർത്ത് പേരിടുന്ന ശൈലി തിരിച്ചുവന്നു. വേണുഗോപാല ഭാവത്തിലുള്ള കൃഷ്ണവിഗ്രഹങ്ങൾ സാർവത്രികമായി. സമൂഹ മാധ്യമങ്ങളിലെ മുഖചിത്രങ്ങളും മുഖക്കുറിപ്പും പോലും കൃഷ്ണസൂചകങ്ങളായി. ഭക്തിഗാനശാഖ ശക്തമായി. അതിനു പുതിയ കാലത്തിന്റെ രൂപഭാവങ്ങൾ വന്നു. അനുഷ്ഠാനപ്രധാനങ്ങളായ കലാരൂപങ്ങൾ അഭ്യസിക്കാൻ പുതുതലമുറ ആവേശത്തോടെ വരുന്നു. ഇതെല്ലാം ബാലഗോകുലം സമൂഹത്തിൽ സൃഷ്ടിച്ച ആസ്തിക്യബോധത്തിന്റെ അഭിജ്ഞാനങ്ങളാണ് .
സാമൂഹ്യപ്രവർത്തനത്തിന്റെ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഇന്ന് സജീവമാണ്. ഇതിനു പിന്നിലെ വലിയ പ്രേരണകളിലൊന്ന് ബാലഗോകുലമാണ്. യൂണിറ്റുതലങ്ങളിൽ ഗോകുലം നയിക്കുന്ന കാര്യകർത്താക്കളിൽ ഭൂരിപക്ഷവും മുതിർന്ന പെൺകുട്ടികളാണ്. ഗ്രാമത്തിലെ എല്ലാ വീടുകളുമായും അവർക്ക് മികച്ച സമ്പർക്കമുണ്ട്. സുശിക്ഷിതരായ ഈ ഭഗിനീശക്തി സമാജം ആവശ്യപ്പെടുന്ന വിവിധതലങ്ങളിൽ ഇന്നു കർമ്മനിരതരായുണ്ട്. സംഘടനകളിലും സേവനമേഖലയിലും സ്ഥാപനങ്ങളിലും ഭരണസംവിധാനങ്ങളിലും ഇന്ന് സ്ത്രീനേതൃശക്തി ഉയർന്നുവന്നിട്ടുണ്ട്. ഇവരിലേറെപ്പേരും ഗോകുലങ്ങളിലും ശില്പശാലകളിലുമായി ബാലഗോകുലം വളർത്തിയെടുത്ത നാരീരത്നങ്ങളാണ് . മൂന്നു പതിറ്റാണ്ടുകളായി പ്രതിവർഷം അഞ്ഞൂറിനടുത്തു പുതിയ വനിതകൾക്ക് ഭഗിനി ശില്പശാല എന്ന പേരിൽ അഞ്ചുപൂർണദിവസപ്രശിക്ഷണം നല്കി വരുന്നു. സ്ത്രീമുന്നേറ്റത്തിലൂടെ സമൂഹ പരിവർത്തനം സാധ്യമാക്കാനുള്ള പരിശ്രമം ഫലമണിയുന്നതിന്റെ നല്ല സൂചനകൾ വന്നുകൊണ്ടിരിക്കുന്നു.
ഒരു കാലത്ത് മതമഹാസമ്മേളനങ്ങളും സാംസ്ക്കാരികോത്സവങ്ങളും മുതിർന്നവർക്കു മാത്രമുളളതായിരുന്നു. ബാലഗോകുലത്തിന്റെ സജീവസാന്നിധ്യം ഇതിൽ മാറ്റങ്ങളുണ്ടാക്കി. ഒരു ദിവസെമെങ്കിലും കുട്ടികൾക്കുവേണ്ടി മാറ്റിവയ്‌ക്കാൻ സംഘാടകർ തീരുമാനിച്ചു. കുട്ടികൾ അഭ്യസിക്കേണ്ടുന്ന സാംസ്കാരികവിഷയങ്ങൾ ഉൾപ്പെടുത്തി ചില മത്സരങ്ങളും നിശ്ചയിക്കപ്പെട്ടു. ഗീതാപാരായണം, ജ്ഞാനപ്പാന ഹരിനാമകീർത്തനം മുതലായ മത്സരയിനങ്ങൾ വന്നതോടെ കാര്യക്രമം ബാലഗോകുല പാഠ്യപദ്ധതിയനുസരിച്ചായി . ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ടും കുട്ടികളുടെ ഇത്തരം സാംസ്ക്കാരിക മൂല്യമുള്ള കലാപ്രകടനങ്ങൾ സാർവത്രികമായിരിക്കുന്നു. അമ്യത ചാനൽ സംപ്രേഷണം ചെയ്ത ശ്രദ്ധേയമായ ശ്രേഷ്ഠഭാരതം പരിപാടി മറ്റൊരുദാഹരണമാണ്. പങ്കാളികളെയും പ്രേക്ഷകരെയും സാംസ്ക്കാരികമായ ആസ്വാദനനിലവാരത്തിലേക്കുയർത്തിക്കൊണ്ടുവരുന്നതിൽ ബാലഗോകുലം സ്തുത്യർഹമായ സംഭാവന നല്കിയിട്ടുണ്ട്.
മാതൃഭാഷയെ സംസ്കാരത്തിന്റെ അടിത്തറയായിക്കാണുന്ന ബാലഗോകുലം ഭവ്യവും നവ്യവുമായ ഒട്ടേറെ ഭാസുരപദങ്ങൾ ഭാഷയ്‌ക്കു സമ്മാനിച്ചിട്ടുണ്ട്. ശോഭായാത്ര, ബാലമിത്രം, ഭഗിനിപ്രവർത്തനം, ആഘോഷപ്രമുഖൻ, വിചാരസഭ, കലോത്സവം, പതാകഗാനം മുതലായവ വാക്കുകൾ മാത്രമല്ല, നവസംസ്ക്കാരത്തിന്റെ വെളിച്ചം കൊണ്ടുവരുന്ന വാതിലുകളാണ്. ഒരു കാലത്ത് യൂത്ത് ഫെസ്റ്റിവൽ , സ്പോർട്ട് സ് കാർണിവൽ , സയൻസ് ഫെയർ എന്നൊക്കെ വ്യവഹരിച്ചിരുന്ന ഔദ്യോഗികസംവിധാനങ്ങൾ പോലും ഇന്ന് കലോത്സവം, കായികമേള, ശാസ്ത്രമേള എന്നു മാറ്റിപ്പറയാൻ തയ്യാറായിരിക്കുന്നു. മാതൃഭാഷയിലെ വാക്കുകൾ തിരഞ്ഞുപിടിച്ചു കണ്ടെത്തി ഉപയോഗിക്കാൻ ബാലഗോകുലത്തിന്റെ സ്വാധീനവും കാരണമായിട്ടുണ്ട്. മലയാള സംഖ്യാലിപിയിൽ ബാലഗോകുലം തയ്യാറാക്കി വിതരണം ചെയ്യുന്ന കൊല്ലവർഷകലണ്ടർ കൗതുകപൂർവം സ്വീകരിക്കപ്പെടുന്നു. കേരളത്തിലെ പ്രമുഖസാംസ്കാരികനായകർ ഇക്കാര്യത്തിൽ ബാലഗോകുലത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു. മാതൃഭാഷയിൽത്തന്നെ അപേക്ഷാപത്രം പൂരിപ്പിക്കണമെന്നു വ്യവസ്ഥയുള്ള ബാലഗോകുലത്തിന്റെ അമൃതഭാരതീപരീക്ഷകളും അനന്യതകൊണ്ടു ശ്രദ്ധിക്കപ്പെടുന്നു.
ഒരു ഭാഗത്ത് സമൂഹം ഉപഭോഗാന്ധത ബാധിച്ച് പ്രകൃതിയെ ക്രൂരമായി ചൂഷണം ചെയ്യുമ്പോൾ മറുഭാഗത്ത് ഗോകുല സംസ്ക്കാരം ലഭിച്ച ചെറുസംഘങ്ങൾ വൃക്ഷപൂജയും നദീപൂജയും സമുദ്രവന്ദനവും സംഘടിപ്പിച്ച് പ്രകൃതിസൗഹൃദത്തിന്റെ നല്ല ഗാഥകൾ രചിക്കുന്നു. ശ്രദ്ധയും ശുദ്ധിയും കെട്ട യുവത മൂല്യങ്ങൾ പിഴുതെറിയാൻ വെമ്പൽകൊണ്ട് ബീഫ് ഫെസ്റ്റും ചുംബന സമരവും ഗുരുവിനു കുഴിമാടവുമൊരുക്കി സ്വയം തകരുമ്പോൾ മൂല്യങ്ങൾ ഉറപ്പിക്കാൻ നിരന്തരം പ്രയത്നിക്കുന്ന ഗോകുലങ്ങൾ ഗോപൂജയും മാതൃവന്ദനവും ഗുരുപൂജയുമായി മുന്നോട്ടു പോകുന്നു. വിദ്യാലയകലോത്സവങ്ങൾ രക്ഷിതാക്കളുടെ കയ്യാങ്കളിയായും കലാപമായും മാറുമ്പോൾ ഗോകുലവേദികളിൽ കല ആനന്ദോത്സവമായി തുടരുന്നു. കലാലയ മാഗസിനുകൾ ആഭാസവും അശ്ലീലവുമായ അധ:പതനത്തിന്റെ അടയാളങ്ങളാകുമ്പോൾ ഗോകുല യൂണിറ്റുകൾ നാട്ടുനന്മകളും നാട്ടറിവുകളും ചേർത്ത് മനോഹരമായ കൈയെഴുത്തുമാസികകൾ സൃഷ്ടിച്ച് മാതൃക ചമയ്‌ക്കുന്നു. പുരസ്ക്കാരങ്ങൾ പക്ഷപാതപരവും വിവാദനാടകങ്ങളുമായി ചാനൽ ചർച്ചകളിലെ ചൂടൻ വിഭവങ്ങളാകുമ്പോൾ ബാലഗോകുലം നല്കിവരുന്ന ജന്മാഷ്ടമി പുരസ്ക്കാരവും കുഞ്ഞുണ്ണി പുരസ്ക്കാരവും കക്കാട് പുരസ്കാരവും ആരാദ്ധ്യവ്യക്തിത്വങ്ങൾക്കുള്ള സാദര സമർപ്പണങ്ങളാകുന്നു. ഇങ്ങനെ സാമൂഹ്യജീവിതത്തിന്റെ വിഭിന്നമുഖങ്ങളിൽ ആദർശാത്മകപാത നിർമ്മിച്ച് ബാലഗോകുലം ഭാവിയുടെ പ്രതീക്ഷയാവുകയാണ്. ഇരുട്ടിനോടു കലഹിച്ച് ഒച്ചവയ്‌ക്കുകയല്ല, ഒരു ചെറിയ കൈത്തിരി വിനയപൂർവം കൊളുത്തിവയ്‌ക്കുകയാണ് . ഒരു ചെറു പുഞ്ചിരിയുടെ സർഗ്ഗാത്മകത ഏതു പ്രതിസന്ധിയെയും മറികടക്കും എന്ന ശുഭപ്രതീക്ഷയോടെ മുന്നേറുകയാണ്.
ബാലഗോകുലത്തെ നാലാം നവോത്ഥാനത്തിന്റെ ചാലകശക്തി എന്നു വിശേഷിപ്പിച്ചത് ഗവേഷകനും ചിന്തകനുമായ രാഷ്‌ട്രീയ സ്വയംസേവക സംഘം സഹസർകാര്യവാഹക് ഡോ. കൃഷ്ണഗോപാൽജിയാണ്. കേരളം ലോകത്തിനു നല്കിയ നവോത്ഥാനത്തിന്റെ ആദ്യമാതൃക ശ്രീശങ്കരാചാര്യരുടേതാണ്. അദ്വൈതദർശനത്തിലൂടെ വിശ്വമാനവികതയുടെ പ്രത്യയശാസ്‌ത്രം അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛൻ സൃഷ്ടിച്ച ഭാഷാസാഹിത്യവിപ്ലവമാണ് രണ്ടാം നവോത്ഥാനം. കേരളസാമൂഹ്യജീവിതത്തിന് ഇതിഹാസത്തിന്റെ അളവുകോൽ സമ്മാനിച്ച ആചാര്യനാണ് എഴുത്തച്ഛൻ. ദാർശികവും സാംസ്ക്കാരികവുമായ ഈ രണ്ടു നവോത്ഥാനങ്ങളുടെ തുടർച്ചയാണ് ശ്രീനാരായണഗുരുദേവനെ കേന്ദ്രമാക്കി ഇരുപതാംനൂറ്റാണ്ടിന്റെ പ്രഭാതവേളയിലുണ്ടായ സാമൂഹ്യനവോത്ഥാനം . സ്വാതന്ത്ര്യാനന്തരമുള്ള കേരളസമൂഹത്തിൽ നാലാം നവോത്ഥാനത്തിന്റെ ചില ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ആദ്ധ്യാത്മികവും ഭൗതികവുമായ പാരമ്പര്യത്തിന്റെ ധാരകൾ സ്വാംശീകരിച്ചുകൊണ്ട് ആർഷകേരളത്തെ കണ്ടെത്തുന്ന ഒരു ദേശീയനവോത്ഥാനമാണ് ഇവിടെയുളള സംഘപ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാദ്ധ്യമാവേണ്ടത്. അതിന്റെ ചാലകശക്തി ബാലഗോകുലമായിരിക്കും എന്നാണ് കൃഷ്ണഗോപാൽജിയുടെ നിരീക്ഷണം. 2047 ൽ ഭാരതം ഒരിക്കൽക്കൂടി വിശ്വവന്ദ്യ യായി മാറുന്നതിന് ഈ നാലാം നവോത്ഥാനം അനിവാര്യമാണ്. അതിന്റെ മംഗളഭേരിയാണ് സുവർണജയന്തിയിൽ നിന്ന് കാലം കാതോർക്കുന്നത്.
വൈലോപ്പിള്ളിയുടെ ഒരു കാവ്യപദം സൂചിപ്പിച്ചുകൊണ്ടാണ് ഈ ലേഖനം ആരംഭിച്ചത്. നവോത്ഥാനത്തെക്കുറിച്ചുളള വൈലോപ്പിള്ളിയുടെ വരികൾ അടയാളവാക്യമായി കുറിച്ചുകൊണ്ട് ഉപസംഹരിക്കട്ടെ .
” വിശ്വസംസ്കാരപാലകരാകും
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ …
ആകുമോ ഭവാന്മാർക്കു നികത്താൻ,
ലോകസാമൂഹ്യദുർനിയമങ്ങൾ ?
സ്നേഹസുന്ദരപാതയിലൂടെ
വേഗമാവട്ടെ, വേഗമാവട്ടെ ! ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: