ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ വിജയിച്ച് കരുത്തുകാട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് എബിവിപി.
ഋഷഭ് ചൗധരി, ഭാനു പ്രതാപ് സിംഗ്, മിത്രവിന്ദ കരണ്‍വാള്‍, അമന്‍ കപാസിയ എന്നിവരാണ് യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എബിവിപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. എന്‍എസ്‌യുഐയുവിന്റെയും എസ്എഫ്‌ഐ- ഐസ സഖ്യത്തിന്റെയും സ്ഥാനാര്‍ത്ഥികളാണ് എതിര്‍പക്ഷത്തുള്ളത്. വ്യത്യസ്തയാര്‍ന്ന പരിപാടികളിലൂടെ ശക്തമായ പ്രചാരണമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എബിവിപി കാഴ്ചവെച്ചത്. അവധിദിവസങ്ങളില്‍ പോലും കാമ്പയിന്റെ ശക്തികുറഞ്ഞില്ല.
കഴിഞ്ഞ പതിനൊന്ന് തവണ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എട്ട് തവണയും എബിവിപിക്കായിരുന്നു വിജയം. 2023ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലില്‍ മൂന്ന് സീറ്റുകളിലും എബിവിപി വിജയം നേടി. യൂണിയന്‍ പ്രസിഡന്റായി തുഷാര്‍ ദേദയും സെക്രട്ടറിയായി അപരാജിതയും ജോയിന്റ് സെക്രട്ടറിയായി സച്ചിന്‍ ബെയ്‌സ്‌ലയുമാണ് അന്ന് വിജയിച്ചത്.
എബിവിപി നേതൃത്വം നല്‍കുന്ന നിലവിലെ യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് എബിവിപിയുടെ കാമ്പയിന്‍. എല്ലാ പിജി കോഴ്‌സുകള്‍ക്കും ഏകീകൃത ഫീസ് ഘടന നടപ്പാക്കും. എസ്‌സി – എസ്ടി, ഒബിസി സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിക്കും തുടങ്ങിയവയാണ് ഇത്തവണ എബിവിപി മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍. എല്ലാ വിദ്യാര്‍ത്ഥികളും സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യപ്രക്രിയയില്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി ആവശ്യപ്പെട്ടു. നാളെയാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക