കൊല്ലങ്കോട്: നരസേവ നാരായണ സേവ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന നാരായണീയ മഹോത്സവ സമിതിയുടെ പ്രവര്‍ത്തനം വളര്‍ന്നുവരേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന് പറഞ്ഞു. മഹോത്സവത്തില്‍ അംഗപരിമിതര്‍ക്കും കിടപ്പുരോഗകള്ക്കുമുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തമുഖത്ത് സേവനം ചെയ്യുന്നത് മനുഷ്യത്വമാണ്. നാരായണീയത്തിലെ ആശയം നടപ്പാകുമ്പോള്‍ രാജ്യത്തന്റെ പീഡയകറ്റാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്കുചുറ്റുമുള്ള പീഡിതരുടെയും അനാഥരുടെയും ജീവിതം മനസിലാക്കുവാനും അവരെ സഹായിക്കുവാനും നാം ഓരോരുത്തരും തയാറാകണമെന്ന് അദ്ദഹേം പറഞ്ഞു.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. ദേവീദാസ്, പ്രാന്ത സഹസേവാപ്രമുഖ് യു.എന്‍. ഹരിദാസ്, മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി, ചാമപറമ്പില്‍ ഹരിമേനോന്‍, സതീഷ് മേനോന് സംസാരിച്ചു. കിടപ്പുരോഗികളായ 10 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു. കിണാവല്ലൂര്‍ ബാലന്, വിജയന് എടത്തറ, മത്സരത്തില്‍ പങ്കെടുത്ത അദൈ്വത്, രുദ്ര ചളവറ, അഭിരാം, ആര്യകൃഷ്ണ എന്നിവര്‍ക്ക് ഉപഹാരം നല്കി.
രാവിലെ നവഗ്രഹശാന്തിഹോമം, നാരായണീയ പാരായണം, ‘സനാതനധര്‍മം ലോകത്തിന് വഴികാട്ടി’, ‘നാരായണീയവും വേദാന്തസാരവും’ വിഷയങ്ങളില്‍ യഥാക്രമം കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു, മഞ്ഞപ്ര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി പൂര്‍ണാനന്ദ തീര്‍ഥപാദര്‍ എന്നിവരുടെ പ്രഭാഷണം, കല്പാത്തി ശ്രീഹരിശര്മ സംഘത്തിന്റെ സമ്പ്രദായഭജന, തുളസീ വിവാഹോത്സവം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.
ഇന്ന് സുദര്‍ശനഹോമം. കാവാലം ശശികുമാര്‍, കെ. വിജയകുമാരന്‍, സ്വാമി ദേവാനന്ദപുരി എന്നിവരുടെ പ്രഭാഷണം, നാരായണീയ പാരായണം എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: