കോട്ടയം: എന്‍സിപിയില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങി. ഇനി പിളര്‍പ്പു മാത്രമാണ് പോംവഴിയെന്ന ഘട്ടത്തിലായി. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോക്കെതിരെ ശശീന്ദ്രന് പക്ഷം യോഗം ചേര്‍ന്ന് പ്രമേയം പാസാക്കു കൂടി ചെയ്തതോടെ ഇനി ഈ കൂട്ടരെ അധികം വാഴിക്കാനാവില്ല എന്ന നിലപാടിലാണ് ചാക്കോ. ശശീന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെടാനായി മുഖ്യമന്ത്രി നേരില്‍ കാണാന്‍ ചാക്കോ പലവട്ടം ശ്രമിച്ചെങ്കിലും അന്‍വറുടെ അടിതടകള്ക്കിടയില് അസ്വസ്ഥനായി കഴിയുന്ന മുഖ്യമന്ത്രി സമയം നല്‍കിയിട്ടില്ല. കഴിയുമെങ്കില്‍ ഒക്ടോബര്‍ മൂന്നിന് കാണാമെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെക്കാള്‍ വലുതല്ല എന്‍സിപിയുടെ പടലപ്പിണക്കം എന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതിനാല്‍ തിരക്കിട്ട് ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ തയ്യാറുമല്ല.
എന്തായാലും ഇനി ശശീന്ദ്രനെ മന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാട് ശരത്പവാറിനോട് പിസി ചാക്കോ ആവര്‍ത്തിച്ചു. തന്റെ അധ്യക്ഷപദത്തെ അപകടപ്പെടുത്തുന്ന കളിയാണ് ശശീന്ദ്രന് കളിക്കുന്നതെന്നു ബോധ്യപ്പെട്ടതോടെയാണ് വിമതയോഗം ചേര്‍ന്ന് ശശീന്ദ്രന് വേണ്ടി വാദിച്ച നേതാക്കളില്‍ ഒരാള്‍ക്കെതിരെ നടപടിയെടുത്തത്.
എന്നാല്‍ ദേശീയതലത്തില്‍ പിളര്‍ന്നുമാറിയ വിഭാഗത്തോട് ഒരുഘട്ടത്തില്‍ ചേര്‍ന്നു നിന്ന തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള കാര്യമല്ല. ശശീന്ദ്രനെ വേണ്ടെങ്കില്‍ വേണ്ട പകരം തോമസ് തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ല എന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. മന്ത്രി ഇല്ലെങ്കിലും വേണ്ടില്ല ശശീന്ദ്രന് വേണ്ട എന്ന നിലപാടിലേക്ക് ചാക്കോ നീങ്ങുമോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: