കൊല്ലം: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന് പിന്നാലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയും ആഘാതവും മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവുമായി അമൃത സര്‍കലാശാല. അമൃതാനന്ദമയി ദേവിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സംഘം വയനാട് ദുരന്ത മേഖലകളായ മേപ്പാടി, പൊഴുതന, വൈത്തിരി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠനം നടത്തിയിരുന്നു. സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ കൂടുതല്‍ മേഖലകളില്‍ അപകട സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് സംവിധാനം അമൃതാനന്ദമയി മഠം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതുവഴി ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതല്‍ കൃത്യത ഉറപ്പാക്കാനും അധികൃതര്‍ക്ക് സാധിക്കും.
കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം സിക്കിമിലും വടക്ക് കിഴക്കന്‍ ഹിമാലയ പര്‍വത മേഖലകളിലും പശ്ചിമ ഘട്ടങ്ങളിലും ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡയറക്ടറും പ്രോവോസ്റ്റുമായ ഡോ. മനീഷ വി. രമേഷ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിച്ചതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു.
മൂന്നാറില്‍ 2009ല്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനമായ അമൃത ലാന്‍ഡ്സ്ലൈഡ് ഏര്‍ലി വാണിങ് സിസ്റ്റം സമയോചിതമായി മുന്നറിയിപ്പ് നല്കിയതിനാല് രണ്ടാഴ്ച മുന്‍പ് മൂന്നാറില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് നിരവധി പേരെ മുന്‍കൂട്ടി രക്ഷിച്ചു. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്ന ലോകത്തെ ആദ്യ വയര്‍ലെസ് സെന്‍സര്‍ നെറ്റ്വര്‍ക്ക് ആണ് അമൃത സര്‍വകലാശാല ദുരന്ത നിവാരണ ഗവേഷകശൃംഖല വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ തന്നെ നിര്‍മിതി ബുദ്ധി സന്നിവേശിപ്പിച്ച പതിപ്പാണ് മൂന്നാറില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി ഒഡീഷ, കര്‍ണാടക സംസ്ഥാനങ്ങളുമായും അമൃത ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായും അവര്‍ പറഞ്ഞു.
2017 മുതല്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓണ്‍ ലാന്‍ഡ്സ്ലൈഡ് (ഐസിഎല്‍) ഉരുള്‍പൊട്ടല്‍ പ്രതിരോധത്തിനായുള്ള ഗവേഷണങ്ങളുടെ ലക്ഷ്യപ്രാപ്തി കണക്കിലെടുത്ത് അമൃതയെ ഉരുള്‍പൊട്ടല്‍ ചെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതാ അമൃതാനന്ദമയി മഠം ദുരന്തബാധിതരുടെ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം എന്നിവയ്ക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2001 മുതല്‍ ഭാരതത്തിലുടനീളം സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍പെട്ടവര്‍ക്കായുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ മഠം 700 കോടിയിലധികം രൂപ നീക്കിവച്ചിട്ടുള്ളത്.
രണ്ടുതരത്തില്‍ പരിശോധന
ദുരന്ത സാധ്യത മുന്‍കൂട്ടിക്കണ്ട് മുന്നറിയിപ്പ് നല്കാന് രണ്ടു തരത്തിലുള്ള പരിശോധനകളാണ് അമൃത സര്‍വകലാശാല നടത്തുന്നത്. പ്രാദേശിക വിവര സ്രോതസ് ഉപയോഗിച്ചും ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണത്തിലൂടെയുമാണ് വിവരങ്ങള്‍ ശേഖരിക്കുക.
ഉരുള്‍പൊട്ടലും മഴയും തമ്മിലുള്ള ബന്ധം പഠിക്കാന്‍ ചരിവുകളുടെ തകരാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ്. ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണങ്ങളില്‍ നിന്ന് ദൈര്‍ഘ്യമേറിയതും തുടര്‍ച്ചയായതുമായ നിരീക്ഷണം നടത്തി മുന്നറിയിപ്പ് നല്കാന് സാധിക്കും. 25 കിലോമീറ്റര്‍ പരിധിയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണങ്ങളിലൂടെ സാധിക്കും.
ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍, ജനവാസ മേഖലകള്‍, ജീവഹാനിക്ക് സാധ്യത ഇവയൊക്കെ പരിശോധിച്ചാകും ഉപകരണങ്ങള്‍ സ്ഥാപിക്കുക. ഇതു സംബന്ധിച്ച് വിദഗ്ധ സംഘം വിശദമായ പഠനം നടത്തും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നാകും പ്രവര്‍ത്തനം.
2006 മുതല്‍ ഈ മേഖലയില്‍ അമൃതയില്‍ നിന്നുള്ള വിദഗ്ധ സംഘം പഠനം നടത്തുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രളയം, മണ്ണിടിച്ചില്‍ എന്നിവയെ കുറിച്ച് പഠനം നടത്തുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ കൂടി കണക്കിലെടുത്താണ് പ്രവര്‍ത്തനം. ഓരോ സ്ഥലത്തെയും ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്കി ആളുകളെ ഒഴിപ്പിക്കാന്‍ സാധിക്കും.
മഴ, അന്തരീക്ഷ താപനില, ഭൂമിയിലെ പ്രകമ്പനം, മലയുടെ ചരിവിന്റെ വ്യതിയാനം എന്നിവയെല്ലാം വിലയിരുത്തിയാണ് മുന്നറിയിപ്പ് നല്‍കുക. 3-4 മണിക്കൂറുകള്‍ക്ക് മുന്‍പ് ഇതിനു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: