പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിച്ചത് 74686 വോട്ടുകള്‍ക്കാണ്. തൃശൂരില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളുകയും ആറ്റിങ്ങലിലും തിരുവനന്തപുരത്തും ബിജെപി രണ്ടാം സ്ഥാനത്തേക്ക് മുന്നേറുകയും ചെയ്തപ്പോഴാണ് പൂരം കലക്കിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന കള്ളം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസ്ഥാവനയിറക്കി പ്രചരിപ്പിച്ചത്. തൃശ്ശൂര്‍ പൂരത്തില്‍ അനിഷ്ട സംഭവം ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു പൂരം കലക്കിയതിന്റെ പിന്നിലെന്ന സതീശന്റെ വാദം കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതോടെ പൊളിഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് കെപിസിസി നിശ്ചയിച്ച ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്.
പൂരത്തിലെ പോലീസ് ഇടപെടലുകൊണ്ടല്ല കെ.മുരളീധരന്‍ പരാജയപ്പെട്ടതെന്ന് സൂചിപ്പിച്ച് അക്കമിട്ട് കാരണങ്ങള്‍ നിരത്തുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിഴവും കഴിവുകേടുമാണ് പരാജയത്തിലേക്ക് നയിച്ചതെന്നും വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതിന് പകരം പൂരത്തില്‍ ഗൂഢാലോചന നടത്തിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന വാദം ഉയര്‍ത്തിയ സതീശനെ തള്ളിയാണ് കെ.സി. ജോസഫും, ടി. സിദ്ദീഖ് എംഎല്‍എയും, ആര്‍.ചന്ദ്രശേഖരനും അംഗങ്ങളായ ഉപസമിതിയുടെ റിപ്പോര്‍ട്ട്. കെ.മുരളീധരനെ ചതിക്കാന്‍ വേണ്ടിയാണ് വടകരയില്‍ നിന്ന് അദ്ദേഹത്തെ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലിന്റെ അഭിപ്രായം കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നു. തൃശ്ശൂര്‍ പൂരത്തില്‍ നടന്ന അതിക്രമമോ പൂരം അന്തര്‍ധാരയോ അല്ല മുരളീധരന്റെ നാണം കെട്ട തോല്‍വിക്ക് മുഖ്യകാരണമെന്ന് പറയുന്ന സ്വന്തം പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെകുറിച്ച് വി.ഡി. സതീശന്‍ എന്തുപറയുന്നു എന്നറിയാന്‍ കൗതുകമുണ്ട്. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാരണങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയുണ്ടോ. ഉണ്ടെങ്കില്‍ വ്യക്തമാക്കണം?
പത്മജ വേണുഗോപാല്‍ ഉന്നയിച്ച ആരോപണവും അന്വേഷണ റിപ്പോര്‍ട്ടിലെ കാരണങ്ങളും എതാണ്ട് പൊരുത്തപ്പെടുന്നവയാണ്. അന്വേഷണ റിപ്പോര്‍ട്ടിലെ ചോദ്യത്തിന് ഉത്തരം പറയേണ്ടത് സതീശനും കെപിസിസി പ്രസിഡന്റുമാണ്. രാഹുല്‍ ഗാന്ധിയുടെ പരിപാടി മാറ്റിവച്ചതും കെപിസിസി പ്രസിഡന്റ് ചുമതലയുണ്ടായിരുന്ന എം.എം.ഹസ്സന്‍ തൃശ്ശൂരില്‍ വരാതിരുന്നതും തൃശ്ശൂരിലെ ചുമതലപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ 716 ബൂത്തില്‍ 600 ബൂത്തിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായതും പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച ടി.എന്‍. പ്രതാപന്‍ പ്രചാരണം നിയന്ത്രിക്കാതെ മാറിനിന്നതും എന്തുകൊണ്ട്? ബൂത്തുകളില്‍ കൃത്യമായി തെരഞ്ഞെടുപ്പ് ഫണ്ട് എത്തിയില്ലെന്നതും അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കാരണങ്ങളാണ്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുമുള്ള ചില നേതാക്കള്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെത്തി വിമത പ്രവര്‍ത്തനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ റിപ്പോര്‍ട്ടിലെ ചോദ്യങ്ങളില്‍ പലതും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരാണ്. കെ.മുരളീധരന്റെ പരാജയത്തിന്റെ പ്രധാന കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയും സംഘാടന മികവില്ലാത്തതാണെന്നും വ്യക്തമാക്കുന്നു. ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അദ്ദേഹത്തിന്റെ വിജയമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ പ്രതാപനും സംസ്ഥാന നേതൃത്വവും ചേര്‍ന്ന് കെ.കരുണാകരന്റെ കുടുംബത്തിന്റെ ആണിക്കല്ല് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന പത്മജ വേണുഗോപാലിന്റെ വാക്കുകളാണ് കെപിസിസി അന്വേഷണ റിപ്പോര്‍ട്ടിലൂടെ വെളിച്ചത്താകുന്നത്. മറ്റ് ചിലത് കൂടി സതീശനോട് ചോദിക്കാനുണ്ട്.
1. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞപ്പോള്‍ പ്രതാപനും മുരളീധരനും എവിടെയായിരുന്നു.
2. വടക്കുംനാഥ ക്ഷേത്രത്തില്‍ കയറ്റാതെ ക്ഷേത്രത്തിന് മുന്നില്‍ എഴുന്നള്ളിപ്പ് അവസാനിപ്പിച്ച് മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കൂട്ടരും ഇടപെടാതിരുന്നത് എന്തുകൊണ്ട്? മഠത്തില്‍ വരവ് സമയത്ത് സുരക്ഷയുടെ പേര് പറഞ്ഞ് പൂരം പ്രേമികളെ ബലം പ്രയോഗിച്ച് പോലീസ് തള്ളിമാറ്റിയപ്പോള്‍ അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് മൗനം പാലിച്ചു.
3. ഇലഞ്ഞിത്തറമേളം നടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉള്ളില്‍ മേല്‍ശാന്തിയെ തടഞ്ഞ്, ആനപാപ്പാന്മാരെ അധിക്ഷേപിച്ചും, രാത്രി 10 മണിക്ക് ശേഷം സ്വരാജ് റൗണ്ടില്‍ ആരേയും കയറ്റാതെ വടം കെട്ടിയും, തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും, ദേവസ്വം ജീവനക്കാരെയടക്കം ലാത്തി വീശി ഓടിച്ചപ്പോഴും, മേളം നിര്‍ത്തി വച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചപ്പോഴൊ ഒന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോ പ്രതാപനോ രംഗത്ത് വന്നില്ല. പ്രതിഷേധിച്ചില്ല. ഈ സന്ദര്‍ഭങ്ങളിലെല്ലാം പോലീസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ച ബി.ജെ.പി. നേതാക്കള്‍ സുരേഷ് ഗോപിയെ കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ നിദ്രയിലായിരുന്നു. ഇതാണ് വാസ്തവം. പൂരത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ. രാജന്‍ സംഭവസ്ഥലത്ത് വന്നത് രാവിലെ 6 മണിക്കാണ്. കെ.മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരവും പൂരത്തിലെ അന്തര്‍ധാരയുമാണെന്ന സതീശന്റെ വാദഗതികള്‍ പൊള്ളയാണ്. മാത്രമല്ല മുന്‍ എം.പി പ്രതാപനും കൂട്ടരും കെ.മുരളീധരനെതിരെ നടത്തിയ കുതികാല്‍ വെട്ടലും എം.പി. എന്ന നിലയിലെ പരാജയവും മറച്ചുപിടിച്ചുകൊണ്ട് പൂരത്തെ മറയാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പൂരവും പോലീസ് അന്തര്‍ധാരയുമാണ് ബി.ജെ.പി.യുടെ ജയത്തിന് കാരണമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശനും കെപിസിസിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. എഡിജിപിയെ ആര്‍എസ്എസ് ആക്കിയ വി.ഡി. സതീശന്‍, കെ.സി.ജോസഫും, ടി.സിദ്ദീഖ് എംഎല്‍എയും ആര്‍. ചന്ദ്രശേഖരനും ആര്‍എസ്എസ് പാളയത്തിലാണെന്ന് പറയില്ലെന്ന് വിശ്വസിക്കാം. കെ.മുരളീധരന്റെ നാണം കെട്ട തോല്‍വിയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തിയ ഉപസമിതിക്ക് അഭിനന്ദനം.
(ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: