Kerala

കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് ഉടൻ യാഥാർഥ്യമാകും; പുനലൂർ-മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ നീട്ടാനും നിര്‍ദേശം

Published by

കൊച്ചി: കൊല്ലം – എറണാകുളം റൂട്ടിലെ യാത്രാ ദുരിതത്തിന് പരിഹാരമായി മെമു സർവീസ് ഉടൻ യാഥാർഥ്യമായേക്കും. വേണാട് എക്സ്പ്രസിലും പാലരുവി എക്സ്പ്രസിലും യാത്രക്കാർ തിരക്ക് മൂലം ബുദ്ധിമുട്ടുന്നെന്ന വാർത്തകൾക്കിടെയാണ് യാത്രക്കാർക്ക് ആശ്വാസമാകുന്ന വിവരം. കൂടാതെ പുനലൂർ-മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ നീട്ടാനും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച തിരുച്ചിറപ്പള്ളി ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ നിര്‍ദേശം റെയില്‍വേ ബോര്‍ഡിന്റെ സജീവ പരിഗണനയിലാണ്.

പുനലൂർ – എറണാകുളം മെമു സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജർ, കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് ഉറപ്പ് നൽകിയത്. സംസ്ഥാനത്ത് പ്രതിദിന സർവീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം വൻ തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. വേണാട് എക്സ്പ്രസിൽ തിരക്ക് മൂലം യാത്രക്കാരി കുഴഞ്ഞുവീണത് കഴിഞ്ഞദിവസമായിരുന്നു. യാത്രക്കാർ കുഴഞ്ഞുവീണ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജറുമായി ഫോണിൽ സംസാരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

നിലവിലെ യാത്രാ പ്രശ്നങ്ങളും മെമുവിന്റെ ആവശ്യവും ഉന്നയിച്ച് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകിയിട്ടുണ്ട്. വേണാട്, പാലരുവി എക്സ്പ്രസുകളിലെ യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണമെന്നും പുനലൂർ – എറണാകുളം മെമു സർവീസ് എത്രയും വേഗം ആരംഭിക്കണം എന്നും ആവശ്യപ്പെട്ടു റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകുകയും ചെയ്തെന്നും എംപി പറഞ്ഞു.

പുനലൂർ-മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വില്ലുപുരം വരെ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ അടിയന്തിരമായി പരിശോധിക്കാന്‍ ദക്ഷിണ റെയില്‍വേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കി. പുതിയ നിര്‍ദേശം അനുസരിച്ച് 16729 മധുരപുനലൂര്‍ എക്‌സ്പ്രസ് വൈകുന്നേരം 6.30ന് വില്ലുപുരത്ത് നിന്ന് പുറപ്പെടണം. തിരുച്ചിറപ്പള്ളിയില്‍ രാത്രി 9.20ന് എത്തി 9.25ന് യാത്ര തിരിക്കും. മധുരയില്‍ 11.20 ന് എത്തുന്ന ട്രെയിന്‍ 11.20ന് അവിടുന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10ന് പുനലൂരില്‍ എത്തും.

16730 പുനലൂര്‍ മധുര എക്‌സ്പ്രസ് പുനലൂരില്‍ നിന്ന് വൈകുന്നേരം 5.15ന് പുറപ്പെടും. പിറ്റേ ദിവസം പുലര്‍ച്ചെ 2.55ന് എത്തുന്ന ട്രെയിന്‍ മൂന്നിന് അവിടുന്ന് യാത്ര തിരിക്കും. തുടര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍ രാവിലെ 5.05ന് എത്തും. അവിടുന്ന് 5.10ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ എട്ടിന് വില്ലുപുരത്ത് എത്തുന്ന ക്രമത്തിലാണ് സമയക്രമം നിര്‍ദേശിച്ചിട്ടുള്ളത്. ഈ നിര്‍ദേശത്തിന് തിരുച്ചിറപ്പള്ളി ഡിവിഷനിലെ ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജരുടെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. ഇനി മധുര, തിരുച്ചിറപ്പള്ളി ഡിവിഷനുകളിലെ മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയര്‍മാരുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അതുകൂടി സാധ്യമായാല്‍ ട്രെയിന്‍ വില്ലുപുരം വരെ നീട്ടുന്നതിന് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെന്ന് ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by