തിരുവനന്തപുരം : തൃശൂർ പൂരം കലക്കലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി .സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു.
എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണത്തിനാണ് ആഭ്യന്തര സെക്രട്ടരി ബിശ്വനാഥ് സിൻഹയുടെ ശുപാർശ. പൂരം അട്ടിമറയിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരാനാണ് മറ്റൊരു അന്വേഷണത്തിനുള്ള ശുപാർശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാർശ. എന്നാൽ അജിത് കുമാറിനെ മാറ്റിനിർത്താൻ ശുപാർശയില്ല.
പൂരം കലക്കൽ റിപ്പോർട്ട് വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം ലഭിക്കട്ടെയെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തുടരന്വേഷണത്തിന് ശുപാർശ ചെയ്ത സാഹചര്യത്തിൽ പൂരം കലക്കിയ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉണ്ടായേക്കും.സിപിഐയുടെ രാഷ്‌ട്രീയസമ്മർദ്ദവും എഡിജിപിക്കെതിരായ ഡിജിപിയുടെ കത്തും കണക്കിലെടുത്താണ് പൂരം കലക്കലിലെ പുതിയ അന്വേഷണത്തിന് വഴിതുറക്കുന്നത്
സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോൾ അജിത് കുമാർ ഇടപെടാത്തതിൽ കടുത്ത വിമർശനമാണ് ഡിജിപി ഉന്നയിച്ചത്. റിപ്പോർട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തൽ. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കുറ്റപത്രമായി ഡിജിപി കവറിംഗ് ലെറ്റർ എഴുതിയതോടെയാണ് പുതിയ അന്വേഷണമില്ലാതെ പറ്റില്ലെന്ന നിലയിലേക്ക് സർക്കാർ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: