ഷിരൂർ: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പെട്ട അര്‍ജുന്റെ രണ്ട് ഫോണുകളും കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍നിന്നാണ് ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. വസ്ത്രങ്ങള്‍, ചെരുപ്പ്, ബാഗ്, വാച്ച് വാഹനത്തിന്റെ രേഖകള്‍ എന്നിവയും രണ്ട് വയസുകാരനായ കുഞ്ഞിനായി വാങ്ങിവച്ചെന്ന് കരുതിയ കളിപ്പാട്ടവും ക്യാബിനുള്ളില്‍നിന്ന് കണ്ടെത്തി. കൂടുതല്‍ അസ്ഥിഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു. ക്യാബിനുള്ളില്‍ നിറഞ്ഞിരുന്ന ചെളി നീക്കം ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. . അര്‍ജുന്‍ ഉപയോഗിച്ച, ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറെ ദുഷ്‌കരമായ ദൗത്യത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവാലി പുഴയില്‍നിന്ന് പുറത്തെടുക്കാനായത്. ഇന്നലെ ലോറി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോവുകയായിരുന്നു. ഹാൻഡ് ബ്രേക്കിൽ ആയതിനാൽ ലോറിയുടെ ബാക്ക് ടയറുകൾ ചലിക്കുന്ന അവസ്ഥയിലല്ല. അര്‍ജുന്റെ മൃതദേഹം വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ക്കു വിട്ടുനല്‍കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. അര്‍ജുന്റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചിലവുകളും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക