ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചില്‍ നടന്ന് രണ്ടര മാസം പിന്നിട്ടു. തെരച്ചിലിന്റെ എഴുപത്തിരണ്ടാം നാള് ലഭിച്ചത് അര്‍ജുന്റെ മൃതദേഹഭാഗങ്ങള്‍ മാത്രം. ജൂലൈ 16നാണ് ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെയുള്ളവര്‍ തെരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. നിരവധി തവണ തെരച്ചിലില്‍ അനിശ്ചിതത്വം നേരിട്ടിരുന്നു. മണ്ണിടിച്ചില്‍ നടന്ന നാലാം ദിനമാണ് അര്‍ജുനെ കാണാതായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അര്‍ജുന്റെ കുടുംബം പലതവണ ജില്ലാ ഭരണകൂടത്തെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ തെരച്ചിലില്‍ കാര്യമായ അനാസ്ഥയാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഈശ്വര്‍ മാല്‍പെ, രഞ്ജിത് ഇസ്രായേല്‍ എന്നിവരുള്‍പ്പെടെ രക്ഷാദൗത്യത്തിനായി മുമ്പോട്ട് വന്നിരുന്നു. പലരും പല അടയാളങ്ങളും പറഞ്ഞു. ഇതനുസരിച്ച് തെരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ കാര്യമുണ്ടായില്ല. ഉത്തര കന്നഡ ജില്ലാ എസ്പിയുടെ ഭാഗത്ത് നിന്ന് അര്‍ജുന്റെ കുടുംബത്തോടും, കേരളത്തില്‍ നിന്നെത്തിയ രക്ഷാപ്രവര്‍ത്തകരോടും ഉണ്ടായ മോശം പെരുമാറ്റം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തെരച്ചില്‍ ആരംഭിച്ച് ആദ്യ 13 ദിനങ്ങളിലും കാര്യമായ പുരോഗതി ഉണ്ടാകാത്തതോടെ ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ആഗസ്തില്‍ ദൗത്യം പുനരാരംഭിച്ച എങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് വീണ്ടും നിര്‍ത്തിവച്ചു. ഒടുവില്‍ ഡ്രഡ്ജര്‍ എത്തിച്ചതോടെയാണ് ദൗത്യം പുനരാരംഭിച്ചത്.
എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഇടപെടലുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പേ മടങ്ങിയിരുന്നു. തെരച്ചിലില്‍ നിന്ന് തന്നെ മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതായി ഈശ്വര്‍ പറഞ്ഞിരുന്നു. പല ഘട്ടങ്ങളിലായി ദൗത്യം അവസാനിപ്പിക്കാന്‍ സര്‍ക്കാരും ഭരണകൂടവും ശ്രമിച്ചെങ്കിലും കര്‍ണാടക ഹൈക്കോടതിയും മാധ്യമങ്ങളുടേയും ഇടപെടല്‍ മൂലം നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: