തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് അടങ്ങിയതായുള്ള കണ്ടെത്തല്‍ സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് ഭക്തസമൂഹം ഇനിയും മുക്തരായിട്ടില്ല. ഹിന്ദുവിശ്വാസത്തിന് എതിരെ തുടര്‍ച്ചയായി നടന്നുവന്ന അവഹേളനത്തിന്റെ അപകടകരമായ തുടര്‍ച്ചയായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തേയും പരിഹസിക്കുകയും കുത്തിനോവിക്കുകയും ചെയ്തിട്ടും സമാധാനപരമായ അന്തരീക്ഷം ഇന്നും നിലനില്‍ക്കുന്നത് ഹൈന്ദവരുടെ സ്വതസിദ്ധമായ സഹിഷ്ണുതകൊണ്ടു മാത്രമാണ്. ഹിന്ദുധര്‍മ്മത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷണത്തിനായി രൂപംകൊണ്ട വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല് ഈ വിഷയം ഏറ്റെടുക്കുകയും ഇക്കാര്യത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തത് ഹൈന്ദവ സമൂഹത്തിനു കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. ക്ഷേത്ര ഭരണത്തിന് ധാര്‍മിക പരിഷത് ബോര്‍ഡുകള്‍ വേണമെന്ന് തിരുപ്പതിയില്‍ ചേര്‍ന്ന മാര്‍ഗദര്‍ശക മണ്ഡലല്‍ ഉന്നയിച്ച ആവശ്യം തികച്ചും ന്യായമാണ് താനും. ആന്ധ്രയിലെ ഭരണമാറ്റവും പ്രതീക്ഷയ്ക്കു വകനല്കുന്നു.
രാജ്യത്തെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രവും ധാര്മ്മികസ്ഥാപനവുമാണ് തിരുപ്പതി ക്ഷേത്രം. സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദര്‍ശനം മഹാപുണ്യമായാണ് ഹൈന്ദവര്‍ കണക്കാക്കുന്നത്. ആ വിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അത്തരം വിശ്വാസം തകര്‍ക്കലിന്റെ നേര്‍ക്കാഴ്ചയാണ് പ്രസാദമായി നല്കിയ ലഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍. ക്ഷേത്രദര്‍ശനം പോലെതന്നെ പ്രധാനമാണ് അവിടുത്തെ പ്രസാദമായ ലഡുവും. ശബരിമലയിലെ അരവണയും കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പവും പൊലെയാണത്. ഭഗവാന് ഭുജിച്ചതിന്റെ ബാക്കി എന്ന നിലയില്‍ ഭക്തിയോടെയാണ് വിശ്വാസികള്‍ ആ ലഡു കഴിക്കുന്നത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ടിലാണ് തിരുപ്പതി ലഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയത്.
ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. ജഗന്മോഹന് റെഡ്ഡിയുടെ പിതാവും ക്രിസ്തു മതവിശ്വാസിയുമായ വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രി ആയിരിക്കെ തിരുപ്പതി ക്ഷേത്രം കൈപ്പിടിയിലാക്കാന്‍ ഏറെ ശ്രമം നടന്നിരുന്നു. കോണ്‍ഗ്രസുകാരനായ രാജശേഖര റെഡ്ഡി വ്യാപകമായി ഹിന്ദു വിരുദ്ധ നടപടി എടുക്കുകയും ചെയ്തിരുന്നു. ഭാരതത്തില്‍ ഏറ്റവും അധികം മതംമാറ്റം നടക്കുന്ന സംസ്ഥാനമായി ആന്ധ്രയെ അദ്ദേഹം മാറ്റി. സമാനമായ നീക്കമാണ് മുഖ്യമന്ത്രിയായിരിക്കെ മകന് ജഗന്മോഹന് റെഡ്ഡിയും നടത്തിയത്. അമ്മാവന് സുബ്ബ റെഡ്ഡിയെ തിരുപ്പതി ദേവസ്ഥാനം ഭരണസമിതി ചെയര്‍മാനായി നിയമിച്ചുകൊണ്ടായിരുന്നു തുടക്കം. ദേവസ്വം ഭൂമി വില്‍ക്കാനുള്ള തീരുമാനവും ആന്ധ്രാ സര്‍ക്കാര്‍ എടുത്തു. ക്ഷേത്രത്തിലെ ജീവനക്കാരായി അഹിന്ദുക്കളെ നിയമിച്ചു. തിരുപ്പതിയിലെ ഏഴുമലകള്‍ കേന്ദ്രീകരിച്ച് ഹിന്ദുമതപ്രചാരണം ഒഴികെയുള്ള മതപ്രചാരണം പാടില്ലെന്നാണ് ചട്ടം. മതചിഹ്നങ്ങള്‍, ലഘുലേഖ വിതരണം, പരസ്യങ്ങള്‍, വാക്ക്, പ്രവൃത്തി, ദൃശ്യങ്ങള്‍ എന്നിവയിലൂടെ മതാടിസ്ഥാനത്തിലുള്ള ഒരു പ്രവൃത്തിയും നിര്‍ദ്ദിഷ്ട മേഖലയില്‍ പാടില്ല. എന്നാല്‍ ഇതരമതക്കാരും ഹിന്ദുവിരുദ്ധരും ഹിന്ദുധര്‍മ്മത്തിനെതിരെ പ്രചാരണം ശക്തമാക്കിയിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടായില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങള്‍ നടത്തിയും ക്ഷേത്ര രഥവീഥികളിലും മലയടിവാരത്തിലും പരസ്യമായി ലഘുലേഖകള്‍ വിതരണംചെയ്തും നടത്തുന്ന മതപ്രചാരണവും മതംമാറ്റ ശ്രമങ്ങളും വ്യാപകമായി. ക്ഷേത്ര കവാടത്തിന് മുന്നില്‍വെച്ച് വെങ്കടാചലപതി ദേവനെ അവഹേളിച്ചും പരിഹസിച്ചും നടത്തിയ പ്രചാരണങ്ങളും ദൃശ്യങ്ങളും യൂ ട്യൂബില്‍ ലോകമാകമാനം പ്രചരിച്ചു. ഹിന്ദു സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പല നടപടികളില്‍നിന്നും പിന്‍വാങ്ങിയെങ്കിലും ശ്രമം തുടരുന്നു എന്നാണ് ലഡു വിഷയം വ്യക്തമാക്കുന്നത്. ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാവരുത്, അത് ഹിന്ദു സമൂഹം കൈകാര്യം ചെയ്യണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവം കൂടിയാണിത്. മാര്‍ഗദര്‍ശക മണ്ഡല് ആവര്‍ത്തിക്കുന്ന ഈ ആവശ്യം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്..
ഇതൊക്കെ തിരുപ്പതിയെ മാത്രമോ ഏതെങ്കിലും പ്രത്യേക ക്ഷേത്രത്തെ മാത്രമോ ബാധിക്കുന്ന കാര്യമാണെന്നു കരുതാനാവില്ല. കേരളത്തിലടക്കം ഇത്തരം ഹിന്ദുവിരുദ്ധ, ക്ഷേത്ര വിരുദ്ധ നടപടികള്‍ നടന്നതായി വാര്‍ത്തയുണ്ടായിരുന്നു. ശബരിമലയിലെ അരവണയില്‍ പല്ലിവാല് കണ്ടത് അതില്‍ ഒന്നുമാത്രം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂരിലും സമീപകാലത്ത് ഇത്തരം ദുഷ്പ്രവൃത്തികളുണ്ടായി. രാജ്യത്ത് ഉയര്‍ന്നു നില്ക്കുന്ന ഹൈന്ദവബോധത്തെ തകര്‍ക്കാനുളള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെക്കാണാന്‍. അതാണ് തിരുപ്പതി നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: