കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കാന്‍ തീരുമാനിച്ച്് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി. കേരള അനാട്ടമി ആക്ട് പ്രകാരമാണ് തീരുമാനം. എംഎം ലോറന്‍സിന്റെ ആഗ്രഹം ഇതായിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടെന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വിലയിരുത്തി.
എം എം ലോറന്‍സിന്റെ മക്കളുടെ വാദം വിശദമായി കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു പിതാവിന്റെ ആഗ്രഹമെന്ന് മകന്‍ അഡ്വ. സജീവന്‍ വെളിപ്പെടുത്തി. അത് അംഗീകരിച്ച് രണ്ട് സാക്ഷി മൊഴികളുമുണ്ട്. മകള്‍ സുജാത കൃത്യമായി നിലപാട് പറഞ്ഞില്ല. അതേസമയം, മകള്‍ ആശ എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കരുതെന്ന് ആവര്‍ത്തിച്ചു. സാക്ഷികളായ അഡ്വ. അരുണ്‍ ആന്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കണം എന്നായിരുന്നു ലോറന്‍സിന്റെ ആഗ്രഹമെന്നാണ് ഉപദേശക സമിതിയെ അറിയിച്ചത്.
മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കുന്നതിനായി നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും കളമശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതി വ്യക്തമാക്കി.
ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നും കാട്ടിയാണ് മകള്‍ ആശ ഹൈക്കോടതിയിലെത്തിയത്. പിതാവിനെ പള്ളിയില്‍ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേരള അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: