1926-ല്‍ ആത്മവിദ്യാ സംഘസമ്മേളനത്തിന്റെ ഭാഗമായി ടി.കെ. മാധവന് നടത്തിയ ‘ഹരിപ്പാട് പ്രസംഗ’ത്തിന്റെ അച്ചടിരേഖകള്‍ 98 വര്‍ഷത്തിനുശേഷം കïെടുക്കുമ്പോള്-ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ ‘ഹിന്ദു മാനിഫെസ്റ്റോ’യാണ് മറനീക്കി പുറത്തുവരുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗം ടി.കെ. മാധവന്റെ യഥാര്‍ത്ഥ ജീവിതാദര്‍ശത്തെ തെളിച്ചുകാട്ടുന്നു.
”ലോകം മുഴുവന്‍ ലാഭമായി കിട്ടിയാലും ആത്മാഭിമാനം നഷ്ടമായാല്‍ എന്തു പ്രയോജനം?” എന്നാണ് 1919-ല്‍ സ്വന്തം പത്രമായ ദേശാഭിമാനിയിലെഴുതിയ മുഖപ്രസംഗത്തില്‍ ടി.കെ. മാധവന് (1885-1930) ചോദിച്ചത്. മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് ശ്രീനാരായണഗുരു ഉപദേശിച്ചത് 1920-ല്‍ ആയിരുന്നു. ആ വചനങ്ങളെ ആത്മാവില്‍ സ്വീകരിച്ചുകൊണ്ട് മദ്യവര്‍ജന സമ്മേളനങ്ങള്‍ തിരുവിതാംകൂറിലുടനീളം ടി.കെ. മാധവന് സംഘടിപ്പിച്ചു. പിന്നീട്, ദുരാചാരങ്ങള്ക്കെതിരെയായിരുന്നു ടി.കെയുടെ പടപ്പുറപ്പാട്. ”അയിത്തത്തിന്റെ നാരായ വേര് ക്ഷേത്രങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നറിവുള്ള, ബുദ്ധിമാനായ അദ്ദേഹമാണ് അത് ധൈര്യമായി ലോകസമക്ഷം കൊണ്ടുവന്നതും സവര്‍ണരുടെ തന്നെ കണ്ണുതുറപ്പിക്കാന്‍ ഇടയാക്കിയതും” എന്ന് മന്നത്ത് പത്മനാഭന് വ്യക്തമാക്കിയിട്ടുണ്ട്.
1918-ല്‍ ദേശാഭിമാനിയില്‍ ടി.കെ. എഴുതി:
”ക്ഷേത്ര പ്രവേശന വാദം, അവര്‍ണ ഹിന്ദുക്കളെന്നു പറയപ്പെടുന്നവര്‍ക്ക് പൊതുക്ഷേത്രങ്ങളില്‍ പ്രവേശിച്ച് ഈശ്വരാരാധന ചെയ്യുന്നതിനുള്ള അവകാശം സമ്പാദിക്കാന്‍ മാത്രമാണെന്ന ഒരവകാശ വാദമാണെന്നാണ് പലരും ധരിച്ചിട്ടുള്ളതെന്നു തോന്നുന്നു. ആ അവകാശം സമ്പാദിക്കുന്നതും ക്ഷേത്രപ്രവേശ വാദത്തിന്റെ ഉദ്ദേശ്യത്തില്പ്പെടും. എന്നാല്‍ അതുമാത്രമല്ല ഉദ്ദേശ്യം. ക്ഷേത്ര പ്രവേശന വാദം, ധാര്‍മികമായ ഒരവകാശവാദമാകുന്നു. അതിനു മതപരമായും സമുദായപരമായും രാഷ്ട്രീയമായും ഓരോ വശമുണ്ട്. ഹിന്ദുമത പരിഷ്കരണവും പൗരാവകാശ സ്ഥാപനവും അതിന്റെ ഉദ്ദേശ്യങ്ങളില്‍ പെടും”. 1927ല്‍ പള്ളുരുത്തിയില്‍ നടന്ന എസ്എന്‍ഡിപി യോഗ സമ്മേളനത്തില്‍ വച്ച് ”മതപരിഷ്കാരം, ഇന്നുള്ള ഏതെങ്കിലും ഒരു മതത്തെ ഉപേക്ഷിച്ച് മറ്റൊരു മതസംഘത്തില്‍ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത്” എന്ന് ശ്രീനാരായണ ഗുരു വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. ക്ഷേത്രപ്രവേശനവാദം മതധ്രുവീകരണത്തിലേക്കും മതപരിവര്‍ത്തനത്തിലേക്കും നയിക്കുമെന്ന ബോധ്യം ശ്രീനാരായണഗുരുവിനും ടി.കെ. മാധവനും ഉണ്ടായിരുന്നു.
അബ്രാഹ്മണരുടെ സാന്നിധ്യം ക്ഷേത്രങ്ങളില്‍ അശുദ്ധി ഉണ്ടാക്കുമോ? എന്ന ചോദ്യം ആദ്യം കോടതിയിലെത്തിയത് 1885-ലാണ്. തട്ടാന്‍ സമുദായത്തില്‍പ്പെട്ട ഒരാള്‍ ഒരു ശിവക്ഷേത്രത്തില്‍ കയറി വിഗ്രഹത്തില്‍ അഭിഷേകം നടത്തിയത് വലിയ കേസായി. ജസ്റ്റിസ്. സര് മുത്തുസ്വാമി അയ്യര്‍, താന്ത്രികമായ അര്‍ത്ഥം അതിനു കല്‍പ്പിച്ച് തട്ടാന്‍ വലിയ ശിക്ഷ നല്കി. മുത്തുസ്വാമി അയ്യരുടെ വിധിയെ പ്രമാണമാക്കി, അക്കാലത്ത് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ പ്രവേശിച്ച നിരവധി തിയ്യന്മാര്ക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്ന കഥ, ആചാര്യ പി.സി. റായിയോട് പറയുന്നുണ്ട്. . അധസ്ഥിത ഹിന്ദുക്കള്‍ ക്രിസ്തുമതം സ്വീകരിക്കുന്നത് മതസംബന്ധമായ അഭിപ്രായ മാറ്റം മൂലമല്ല, ഉയര്‍ന്ന ജാതിക്കാരുടെ സാമുദായികമായ മര്‍ദ്ദനത്തിന്റെ ഫലമാണെന്ന് ടി.കെ. മാധവന് തുറന്നെഴുതി. നിര്‍ഭയത്വമുള്ള കര്‍മവും നിഴലില്ലാത്ത വാക്കുകളും ടി.കെയുടെ ജന്മസിദ്ധിയായിരുന്നു. നാരായണഗുരുവുമായുള്ള സംഭാഷണങ്ങളിലും ആ സ്വാതന്ത്ര്യം തെളിഞ്ഞു പ്രസരിച്ചു. ഒരിക്കല്‍ സിഎംഎസ് സഭയുടെ സമ്മേളനത്തില്‍ ക്ഷണപ്രകാരം പ്രസംഗിക്കാനെത്തിയ ടി.കെ. നേരിട്ട ‘അയിത്തബാധ’യെക്കുറിച്ച് സരസകവി മൂലൂര്‍. എസ്. പത്മനാഭപ്പണിക്കര്‍ എഴുതിയിട്ടുണ്ട്. മാധവനെ പ്രസംഗവേദിയിലേക്ക് കയറ്റാതെ, വേദിക്ക് പുറത്ത് അവര്‍ മറ്റൊരു പ്ലാറ്റ്ഫോം ഒരുക്കിയപ്പോള്‍ മാധവന് പറഞ്ഞു: ”പന്തലിനു പു
റത്തായാലും അകത്തായാലും ഞാന്‍ പൗരുഷത്തോടുകൂടി എന്റെ പ്രസംഗം നടത്തും. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ-” (മൂലൂരിന്റെ ജീവചരിത്രം-പ്രൊഫ. എം. സത്യപ്രകാശം, 1998) കുമാരനാശാന് അടക്കമുള്ള ശ്രീമൂലം സഭാ പ്രതിനിധികള്‍ ക്ഷേത്രങ്ങളുടെ ചുറ്റിലുമുള്ള പൊതുവഴികള്‍ ഈഴവര്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്നു വാദിച്ചപ്പോള്‍, ക്ഷേത്രപ്രവേശനം ഈഴവരുടെ ജന്മാവകാശമാണെന്നാണ് ടി.കെ. മാധവന് പ്രജാ സഭയ്ക്കു മുമ്പാകെ വാദിച്ചത്. ദേശാഭിമാനിയില്‍ അദ്ദേഹം എഴുതി:
”സാമൂഹികമായ കുറവുകള്‍ക്കു നിവാരണം ഉണ്ടായതിനു
ശേഷം രാഷ്ട്രീയമായ പരിഷ്കരണത്തിന് ശ്രമം തുടങ്ങിയാല്‍ മതി എന്നുള്ള അഭിപ്രായമല്ല എനിക്കുള്ളത്. സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്കരണത്തിനുള്ള ശ്രമങ്ങള്‍ ഒരേ സമയത്തു തന്നെ തുല്യശക്തിയോടു ചെയ്തുകൊണ്ടിരിക്കണമെന്നുള്ളതാണ് എന്റെ അഭിപ്രായം.”
സനാതനധര്‍മത്തിന്റെ രാഷ്ട്രീയത്തെ സംവാദവിഷയമാക്കുമ്പോഴും, അതിന്റെ ദര്‍ശന ശക്തിയില്‍ അധിഷ്ഠിതമായിരുന്നു ടി.കെ. മാധവന്റെ സാമൂഹിക നിലപാടുകള്‍.
ഹിന്ദുമത പരിഷ്കരണവും
വൈക്കം സത്യഗ്രഹവും
ആയിരം അടരുകളുള്ള ജീവിതരീതിയായി ഹിന്ദുമതം കാണപ്പെടുന്നുണ്ടെങ്കിലും, അതിന് അടിയാധാരമായി ഒരു ശാസ്ത്ര സമീക്ഷ ഉണ്ടെന്ന് ടി.കെ. മാധവന് മനസ്സിലാക്കിയിരുന്നു. ഗാന്ധിജിയുടെയും നാരായണഗുരുവിന്റെയും പ്രായോഗികദര്ശനങ്ങളുടെ വെളിച്ചം ആ ജ്ഞാനധാരയാണെന്നും ടി.കെ. തിരിച്ചറിഞ്ഞിരുന്നു. മതത്തെ നിഗൂഢാധികാരമായി ഉപയോഗിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ ജീവിത വ്യാഖ്യാനങ്ങളും പഠിക്കാനും പരിശോധിക്കാനും ശരി തെളിച്ചെടുക്കാനും, അകാലമായിത്തീര്ന്ന ജീവിതത്തിലുടനീളം മാധവന് ശ്രമിച്ചു. സമരപ്രതിഭയുടെ ഉള്ച്ചൂരില് തെളിഞ്ഞ ധൈര്യമായിരുന്നു അദ്ദേഹത്തെ ഒറ്റയാനാക്കി മാറ്റിയത്. നിരവധി പ്രക്ഷോഭങ്ങളുടെ ഉറച്ച ശബ്ദമായിരുന്ന ടി.കെ. മാധവനെ, ഏറെ ശ്രദ്ധേയനാക്കിയത് വൈക്കം സത്യഗ്രഹമായിരുന്നു. കേരളത്തിലെ താഴ്ത്തപ്പെട്ട ജനതകളെ തദ്ദേശീയമായ ഒരു ഏകീകരണബോധത്തിലേക്ക് നയിക്കാന്‍ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു. ‘മാഞ്ചസ്റ്റര്‍ ഗാര്ഡിയന്’ എന്ന പത്രത്തില്‍ വൈക്കം സത്യഗ്രഹത്തെക്കുറിച്ച് സി.എഫ്. ആന്‍ഡ്രൂസ് എഴുതിയതോടെ ബ്രിട്ടനിലും അത് കൗതുകമായി. 1924 ഏപ്രില്‍ 6 ന് ഗാന്ധിജി, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന് അയച്ച കത്തില്‍ ”വൈക്കത്തെ സംബന്ധിച്ചിടത്തോളം, അവിടുത്തെ കാര്യങ്ങള്‍ താങ്കള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് എനിക്കു തോന്നുന്നത്” എന്നു സൂചിപ്പിക്കുന്നുണ്ട്. ”കോണ്‍ഗ്രസ്സിന്റെ നാഗ്പൂര്‍ പ്രമേയമനുസരിച്ച് ഹിന്ദു അംഗങ്ങളോടാണ് ആ പ്രമേയം ആഹ്വാനം ചെയ്യുന്നത്” എന്നും ഗാന്ധിജി എഴുതി. വൈക്കം സത്യഗ്രഹം, ഹിന്ദുമത കേന്ദ്രിതമായിരുന്നുവെന്ന് 1924 മെയ് 17 ന് ‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ച, ഗാന്ധിജിയുടെ അഭിമുഖം വ്യക്തമാക്കി. പൗരാവകാശം എന്ന നിലയിലാണ് ജോര്‍ജ് ജോസഫിനെപ്പോലുള്ളവര്‍ വൈക്കം സത്യഗ്രഹത്തെ കണ്ടത്. ഗാന്ധിജിയുടെ നിലപാടിനെക്കുറിച്ച് ബാരിസ്റ്റര്‍ എ.കെ. പിള്ള എഴുതിയതിങ്ങനെ: ”വൈക്കത്തെ സമരം സത്യഗ്രഹ സിദ്ധാന്തങ്ങള്ക്കനുസരണമായി നടത്തുന്ന കാലം വരെ, അതെ സംബന്ധിച്ചുള്ള മഹാത്മജിയുടെ അഭിപ്രായങ്ങളെ സത്യഗ്രഹികള്‍ ശിരസ്സാവഹിച്ചു നടക്കാതിരിക്കാന്‍ നിവൃത്തിയില്ല തന്നെ. മഹാത്മജിയുടെ അഭിപ്രായങ്ങള്‍ സമരത്തിന്റെ ബാഹ്യമായ ശക്തിയ്ക്ക് ന്യൂനത വരുത്തുന്നതാണെന്നു പ്രഥമദൃഷ്ടിയില്‍ തോന്നിയേക്കാമെങ്കിലും, സൂക്ഷ്മമായി നോക്കുമ്പോള്‍, ആ അഭിപ്രായങ്ങളും യുക്തിവാദങ്ങളും എത്രയും സകാരണങ്ങളാണെന്നു നമുക്ക് കാണാവുന്നതാണ്…” (സ്വദേശാഭിമാനി പത്രിക, കൊ.വ.1099)
വൈക്കം സത്യഗ്രഹം പിന്‍വലിച്ചതിനുശേഷം 1926 ല്‍ ‘ദേശാഭിമാ
നി’യില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ‘ഹിന്ദുമത പരിഷ്കരണം’ എന്ന മാധവന്റെ നിലപാട് കൂടുതല്‍ തെളിഞ്ഞു കാണാം:-
”ഇനി, എല്ലാ പരിഷ്കാര പ്രവര്ത്തകന്മാരുടേയും കടമ ക്ഷേത്രപ്രവേശന പ്രക്ഷോഭണം ശക്തിയായി നടത്തി, ക്ഷേത്രസങ്കേതങ്ങളില്‍ ഗവണ്മെന്റു സഹായത്തോടുകൂടി അഭയംപ്രാ
പിച്ചിരിക്കുന്ന അയിത്തപ്പിശാചിനെ അവിടെനിന്നും നിഷ്കാസനം ചെയ്യുക ആകുന്നു. പരിഷ്കാര പ്രണയികള്‍ കര്‍മ്മോദ്യുക്തരായി മുന്നോട്ടുവരുവാന്‍ തയ്യാറായിക്കൊള്ളുക. യുദ്ധം ആരംഭിച്ചിട്ടേയുള്ളൂ, അവസാനിച്ചിട്ടില്ല…” (ദേശാഭിമാനി, 1926)
ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ, ദുര്ബാധയായി നില്ക്കുന്ന ”അയിത്തപ്പിശാചിനെ” ഉച്ചാടനം ചെയ്യാനുള്ള ടി.കെ. മാധവന്റെ പരിശ്രമത്തിന് അക്കാലത്തെ എല്ലാ മനുഷ്യസ്നേഹികളുടേയും പിന്തുണ ഉണ്ടായിരുന്നു. വൈക്കം സത്യഗ്രഹത്തിലെ പ്രധാനികളിലൊരാളായ ടി.ആര്. കൃഷ്ണസ്വാമി അയ്യര്‍ സ്വസമുദായത്തിലെ അയിത്തവാദികളെ പരിഹസിച്ചുകൊണ്ടെഴുതിയ പാട്ട് സത്യഗ്രഹികളുടെ ഇഷ്ടഗാനമായിരുന്നു.
”അടത്തു വന്നുകൂടേ സ്വാമീ
അയിത്തമാകുമോ?
വഴി നടന്നുകൂടേ സ്വാമി
നായില്‍ താണവരോ?”
എന്ന പാട്ട് കുട്ടികള്‍ക്കിടയിലും പ്രചാരം നേടി. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും നിലയുറപ്പിച്ചിരുന്ന സനാതനധര്‍മത്തിന്റെ അടിത്തറയില്‍ തന്നെയാണ് ടി.കെ. മാധവനും നിലകൊണ്ടത്. ടി.കെയുടെ കര്‍മപദ്ധതിയുടെ സാക്ഷ്യമായിരുന്ന പല രചനകളേയും പുതിയ ആഖ്യാനങ്ങള്‍ മറച്ചുകളഞ്ഞെങ്കിലും, 1926 ല്‍ ടി.കെ. മാധവന് നടത്തിയ ഹരിപ്പാട് പ്രസംഗം കണ്ടെടുത്തതോടെ, മാധവന്റെ മതദര്‍ശനവും സത്യഗ്രഹ നിലപാടുകള്‍ക്കും പുതിയ തെളിച്ചം കൈവരുകയാണ്.
ഹരിപ്പാട് പ്രസംഗവും ടി.കെയുടെ മതനിലപാടും
1926 മെയ് 2, 3 തീയതികളില്‍ ഹരിപ്പാട് കവറാട്ട് ക്ഷേത്രമുറ്റത്ത് സംഘടിപ്പിക്കപ്പെട്ട ‘സമസ്ത തിരുവിതാംകൂര്‍ ആത്മവിദ്യാസംഘ’ സമ്മേളനത്തിലാണ്, വൈക്കം സത്യഗ്രഹത്തിലെ മതപരിഷ്കരണത്തെക്കുറിച്ചും തന്റെ മതാദര്ശത്തെക്കുറിച്ചും ടി.കെ. മാധവന് സുവ്യക്തമായിപ്പറഞ്ഞത്. വാഗ്ഭടനാന്ദ ഗുരു, മന്നത്ത് പത്മനാഭന്, കറുമ്പന് ദൈവത്താന്‍, സ്വാമി സത്യവ്രതന്, മഹാകവി വള്ളത്തോള്‍, കെ.പി. കയ്യാലയ്ക്കല്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു, തന്റെ മതയുക്തിയെക്കുറിച്ച് മാധവന് വാചാലനായത്. ഹരിപ്പാട് ആത്മവിദ്യാസംഘം പ്രസിഡന്റ് മീനത്തേതില്‍ വെളുത്ത കുഞ്ഞ്, സമുദായത്തില്‍ കുറുപ്പ്, അഴിക്കകത്ത് ആണ്ടി അരയന്, എം. മാധവന് വക്കീല്‍ തുടങ്ങിയവരായിരുന്നു സമ്മേളനത്തിന്റെ പ്രധാന സംഘാടകര്‍. ഒരു വര്‍ഷത്തിനുശേഷം 1927 ല്‍ സമ്മേളന പ്രസംഗങ്ങള്‍ ‘ആത്മവിദ്യാപ്രസംഗരംഗം’ എന്ന പേരില്‍ സമാഹാരമായി പ്രസിദ്ധീകരിച്ചു. സ്വാമി ആര്യഭടനായിരുന്നു പ്രസാധകന്. സമസ്ത തിരുവിതാംകൂര്‍ ആത്മവിദ്യാസംഘത്തിന്റെ സംക്ഷിപ്ത റിപ്പോര്‍ട്ട് ഉള്‍പ്പെടെ വാഗ്ഭടനാനന്ദഗുരു, ടി.കെ.മാധവന്, മന്നത്ത് പത്മനാഭന്, മഹാകവി വള്ളത്തോള്‍, കെ.ടി. ചന്തു നമ്പ്യാര്‍, പി. ഭാര്‍ഗവി അമ്മ തുടങ്ങിയവരുടെ പ്രസംഗങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ”വിജ്ഞേയ രസങ്ങളായ ആ പ്രസംഗങ്ങള്‍ കേവലം വായുവില്‍ വിലയിക്കാതെ, എഴുതിയെടുത്ത് കര്ത്താക്കളെക്കൊണ്ടുതന്നെ പരിശോധിപ്പിച്ച് പുസ്തകരൂപത്തില്‍ വെളിക്കിറക്കുന്നത് എല്ലാംകൊണ്ടും പ്രയോജനപ്രദമായിരിക്കുമെന്നുള്ള വിശ്വാസവും മഹാജനങ്ങളുടെ നിര്‍ബന്ധപൂര്‍വകമായ അഭിപ്രായവും ഉണ്ടായതുകൊണ്ട് ഇതിന് തുടങ്ങുന്നതാകുന്നു” എന്ന് ‘പ്രസ്താവന’യില്‍ സ്വാമി ആര്യഭടന്‍ വ്യക്തമാക്കുന്നുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ ടി.കെ.മാധവന്റെ പ്രസംഗരേഖകല് പുറത്തുവരുമ്പോള്‍, മുന്‍വിധി നിറഞ്ഞ എല്ലാ വ്യാഖ്യാനങ്ങള്‍ക്കും സമരനായകന് തന്നെ മുന്നോട്ടുവന്ന് പ്രതികരിക്കുന്ന കാലയാഥാര്ത്ഥ്യം അതിശയമുളവാക്കുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യമെന്ത്?
വൈക്കം സത്യഗ്രഹത്തിന്റെ നായകന് എന്ന നിലയില്‍ ആത്മവിദ്യാസംഘം പ്രവര്‍ത്തകര്‍ നല്കിയ മംഗളപത്രം സ്വീകരിച്ചുകൊണ്ടാണ് ടി.കെ.മാധവന് പ്രൗഢസദസ്സിനു മുമ്പാകെ ദീര്‍ഘപ്രഭാഷണം നടത്തിയത്. ”ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തെപ്പറ്റി ഈ മഹാസദസ്സില്‍ വെച്ച് സാമാന്യം ദീര്‍ഘമായി നിരൂപണം ചെയ്യണമെന്ന് ആ പ്രക്ഷോഭണത്തിന്റെ വിജയത്തില്‍ താല്‍പ്പര്യമുള്ള ചില അഭ്യുദയാശംസികള് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. ഈ മഹാസദസ്സില്‍ അവര്‍ണഹിന്ദുക്കളും സവര്‍ണഹിന്ദുക്കളും ധാരാളമായി സമ്മേളിച്ചിരിക്കുന്നതുകൊണ്ടും കേരളത്തിലെ പ്രസിദ്ധന്മാരായ ചില അഭിപ്രായ നേതാക്കന്മാര് ഇവിടെ സന്നിഹിതരായിരിക്കുന്നതുകൊണ്ടും അപ്രകാരമുള്ള ഒരു നിരൂപണം ആവശ്യമാണെന്ന് എനിക്ക് തോന്നുന്നുണ്ട്” എന്ന് പറഞ്ഞുകൊണ്ടാണ് ടി.കെ.മാധവന് തന്റെ നിലപാടുകള്‍ തുറന്നു പറയുന്നത്. ”ഞാന്‍ ഹിന്ദുധര്‍മത്തില്‍ സ്ഥിരമായി ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരുവനാകുന്നു. എന്റെ വിശ്വാസത്തിന് എന്റെ ആത്മാവോളം തന്നെ ആഴമുണ്ട്” എന്ന് തുടക്കത്തില്‍ തന്നെ അദ്ദേഹം അടിവരയിട്ടു പറയുന്നു. വൈക്കം സത്യഗ്രഹം കോണ്‍ഗ്രസ്സിന്റെ കീഴിലുള്ള പ്രക്ഷോഭണത്തേക്കാള്‍ ഹിന്ദുമതപരിഷ്കരണത്തിനുള്ള ഒന്നാണെന്ന് ടി.കെ. മാധവന് സമര്‍ഥിക്കുന്നു. ക്ഷേത്രപ്രവേശനം മതപരമായ അവകാശമാണെന്നും ഹിന്ദുക്കളല്ലാതെ മറ്റാരും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ സത്യഗ്രഹം എന്നുവിളിക്കാന്‍ കഴിയുകയില്ലെന്നും ‘യങ് ഇന്ത്യ’യില്‍ (1932, ജനുവരി 14) ഗാന്ധിജി എഴുതിയത് ഇതിനനുബന്ധമായി ചേര്‍ത്തുവായിക്കാവുന്നതാണ്. വൈക്കം സത്യഗ്രഹത്തിലെ ഹിന്ദുമത വാദത്തെക്കുറിച്ച് ടി.കെ. തെളിച്ചുപറയുന്നതിങ്ങനെ:- ”ക്ഷേത്ര പ്രവേശന വാദം തീണ്ടലുള്ളവരെന്നു പറയപ്പെടുന്ന സമുദായങ്ങളുടെ അല്ലെങ്കില്‍ അവര്‍ണ ഹിന്ദുക്കളുടെ മാത്രം അഭിവൃദ്ധിയെ ഉദ്ദേശിച്ച് ആരംഭിച്ചിട്ടുള്ള ഒരു പ്രക്ഷോഭമാണെന്നാകുന്നു പലരുടേയും ധാരണ. കാര്യങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി അറഇയുന്നവരെന്നു പൊതുവേ വിചാരിക്കപ്പെട്ടുപോരുന്ന പലരുടേയും ഇടയില്‍കൂടി, ഈ ധാരണ കടന്നുകൂടിയിട്ടുണ്ടെന്നുള്ളതാണ് ശോചനീയമായിരിക്കുന്നത്. ഹിന്ദുമതത്തെ പരിഷ്കരിച്ചു ഹിന്ദു ധര്‍മത്തെയും ഹൈന്ദവ നാഗരികതയേയും ഉദ്ധരിക്കുന്നതിന് ഉദ്ദിഷ്ടമായിരിക്കുന്ന വിശാലമായ കാര്യപരിപാടിയുടെ ഒരു അംശം മാത്രമാകുന്നു. ക്ഷേത്രപ്രവേശന പ്രക്ഷോഭണം. മഹാത്മാഗാന്ധി വൈക്കം സത്യഗ്രഹാശ്രമത്തില്‍ വച്ച്, ആ ആശ്രമത്തില്‍ ഉണ്ടായിരുന്ന സത്യഗ്രഹ ഭടന്മാരുമായി ക്ഷേത്രപ്രവേശനത്തെപ്പറ്റി ഒരു കൂടിയാലോചന നടത്തി. അപ്പോള്‍, മഹാത്മജി ധര്മഭടന്മാര്ക്കു കൊടുത്ത ഒരു ഉപദേശം ക്ഷേത്രപ്രവേശന പ്രക്ഷോഭണത്തെ കോണ്‍ഗ്രസ്സിന്റെ കാര്യപരിപാടിയോട് അനുബന്ധിപ്പിക്കരുതെന്നും അത് ഹിന്ദുക്കളുടെ ഒരു സ്വതന്ത്രമായ പ്രക്ഷോഭണമായി സംഘടിപ്പിക്കേണ്ടതാണെന്നുമായിരുന്നു. ഹിന്ദു സമുദായത്തെ മാത്രം സംബന്ധിക്കുന്ന ഒരു ആഭ്യന്തര കാര്യമാണ് ക്ഷേത്രപ്രവേശനമെന്നുള്ള സിദ്ധാന്തത്തെ പുരസ്കരിച്ചാണ് മഹാത്മജി അപ്രകാരം ഉപദേശിച്ചിട്ടുള്ളത്. ഈ പ്രക്ഷോഭണത്തില്‍ ‘കോണ്‍ഗ്രസ് പാളയ’ത്തിലുള്ള അഹിന്ദുക്കളായ പ്രവര്ത്തകന്മാര് അനുകമ്പ പ്രദര്‍ശിപ്പിക്കുകയും ഹിന്ദുക്കളായ പ്രവര്ത്തകന്മാര് സഹകരിക്കുകയും ചെയ്യുന്നതുകൊണ്ട്, അത് കോണ്‍ഗ്രസ്സിന്റെ കീഴിലുള്ള ഒരു പ്രക്ഷോഭണമാണെന്ന് അര്‍ത്ഥമാകുന്നില്ല. മഹാത്മജിയുടെ മുകളില്‍ ഉദ്ധരിച്ച ഉപദേശം, ആ പ്രക്ഷോഭണം ഹിന്ദുമതപരിഷ്കരണ വിഷയമായ ഒന്നാണെന്നു നിരാക്ഷേപമായി തെളിയിക്കുന്നുണ്ട്” (പ്രസംഗരംഗം, പുറം. 77) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരമല്ല വൈക്കം സത്യഗ്രഹമെന്നും, സവര്‍ണ-അവര്‍ണ ഭേദമില്ലാതെ ഹിന്ദുമതത്തില്‍ ഉള്‍പ്പെട്ട പുരോഗമനവാദികളുടെ പ്രക്ഷോഭമായിരുന്നു അതെന്നുമാണ് ടി.കെ. മാധവന് ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ പൂര്‍ണപിന്തുണയുമുണ്ടായിരുന്നു. മതപരിഷ്ക്കരണത്തെ പരാമര്‍ശിച്ചുകൊണ്ട്-1886 ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ച് ദാദാഭായി നവറോജി നടത്തിയ പ്രസംഗത്തില്‍ ”അതാതുവര്ഗത്തിന്റെ വിഭാഗത്തിലെ അംഗങ്ങള്‍ക്കു മാത്രമേ അവര്‍ക്കാവശ്യമെന്നു തോന്നുന്ന പരിഷ്കാരങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയൂ” എന്നു പ്രസ്താവിച്ചിരുന്നെങ്കിലും, ഗാന്ധിജിയുടെ കടന്നുവരവോടെ നില മാറി. അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന പ്രമേയം 1920 ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. തീണ്ടല്, തൊടീല് തുടങ്ങിയ അയിത്താചാരങ്ങള്‍ക്കെതിരെ ശ്രീമൂലം പ്രജാസഭയില്‍ പലതവണ പ്രസംഗങ്ങള്‍ നടത്തിയ ടി.കെ.മാധവന് ദൂരവ്യാപക ഫലമുള്ള ഒരു പ്രായോഗിക പദ്ധതിയിലേക്ക് നീങ്ങിയത് 1921 ല്‍ തിരുനെല്‍വേലിയില്‍ വെച്ച് ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ്. അയിത്താചാരമായ ‘തൊടീല്’ മഹാത്മജിയുടെ കാര്യപരിപാടിയിലെ ഒന്നാമത്തെ ഇനമായി ചേര്‍ത്തതിന് മാധവന് നന്ദി പറയുമ്പോള്‍, ഇന്ത്യയില്‍നിന്നും ‘തൊടീല്’ ആട്ടിപ്പുറത്താക്കുന്നതുവരെ ”ഇന്ത്യയ്ക്കു പൂര്‍ണമായ സ്വരാജ്യത്തിന് അവകാശമുണ്ടാകുന്നതല്ലെന്നാണ് എന്റെ അഭിപ്രായ”മെന്ന് ഗാന്ധിജി പ്രതികരിക്കുന്നു. തിരുവിതാംകൂറിലെ ഈഴവരായ ഞങ്ങള്‍ ഞങ്ങളുടെ സമുദായത്തിനുവേണ്ടി മാത്രമല്ല എല്ലാ അബ്രാഹ്മണ സമുദായങ്ങള്‍ക്കും വേണ്ടിയാണ് ക്ഷേത്രപ്രവേശനത്തിന് ശ്രമിക്കുന്നതെന്നും അത് ഹിന്ദുമതത്തെ പരിഷ്കരിക്കുവാനുള്ള ശ്രമമാണെന്നും ഗാന്ധിജിയോട് നേരിട്ടു പറയുന്നത് ശ്രദ്ധേയമാണ്. ഈ നിലപാ
ടിന്റെ വ്യക്തവും ശക്തവുമായ വിസ്താരമാണ് 1926 ലെ ഹരിപ്പാടു പ്രസംഗത്തില്‍ കാണുന്നത്.
ഈഴവരും ഹിന്ദുമതവും
ജാതീയമായ അനാചാരങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ജീവിച്ചുപോന്ന ഈഴവര്‍ക്കിടയില്‍, സെമിറ്റിക് മതപ്രസ്ഥാനങ്ങള്‍ പലതരത്തില്‍ സ്വാധീനം ചെലുത്തിയ കാലഘട്ടത്തിലാണ് ‘ഈഴവ ഹൈന്ദവികത’യെ ഒരു ചോദ്യചിഹ്നമായി ചിലര്‍ മുന്നോട്ടുവച്ചത്. ഇത്തരം വാദമുഖങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കാര്യമായ അവബോധം പകര്ന്നുനല്കാന് ശ്രീനാരായണഗുരു, കുമാരനാശാന്, ടി.കെ. മാധവന് തുടങ്ങിയവര്‍ മുന്‍നിരയില്‍ തന്നെ നിലകൊണ്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ‘ഈഴവരും ഹിന്ദുമതവും’ എന്ന സംവാദമുഖത്തെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കാന്‍ ടി.കെ. മാധവന് തുടങ്ങിയവര്‍ മുന്‍നിരയില്‍ തന്നെ നിലകൊണ്ടിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഈഴവരും ഹിന്ദുമതവും എന്ന സംവാദമുഖത്തെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കാന്‍ ടി.കെ. മാധവന് ശ്രമിച്ചത്. അദ്ദേഹം പറയുന്നു:
”ക്ഷേത്രപ്രവേശന പ്രക്ഷോഭണം, ഹിന്ദുപരിഷ്കരണത്തെയും ഹിന്ദുധര്‍മ സ്ഥാപനത്തെയും സഹായിക്കുന്നതെങ്ങനെ? എന്നു വിവരിക്കുന്നതിനു മുമ്പായി, ഈഴവരും മറ്റും ഹിന്ദുക്കളാണോ എന്ന് ഈഴവരായ എന്റെ മാന്യസ്നേഹിതര്‍ ചോദിക്കുന്നതിനുള്ള മറുപടി പറഞ്ഞുകൊള്ളട്ടേ. സവര്‍ണ-അവര്‍ണ ഹിന്ദുക്കള്‍ ചോദിക്കുന്നത്, ശാസ്ത്രങ്ങള്‍ നിങ്ങള്‍ ഹിന്ദുക്കളാണെന്ന് സമ്മതിക്കുന്നുണ്ടോ? നിങ്ങള്‍ ചാതുര്വര്ണ്യത്തില് ഉള്‍പ്പെടുന്നുണ്ടോ? നിങ്ങള്‍ വര്ണബാഹ്യന്മാരല്ലേ? എന്നൊക്കെയാണ്. ഈ ചോദ്യത്തിന് എനിക്ക് പറയാനുള്ള മറുപടി ഞാന്‍ ഒരു ഹിന്ദുവാണെന്നു മറ്റുള്ളവരുടെ അംഗീകരണത്തിന് ഞാന്‍ കാത്തുനില്ക്കുന്നില്ല എന്നാണ്. സ്മൃതികള്‍ എന്റെ ഹിന്ദുത്വത്തെ അംഗീകരിക്കുന്നോ എന്ന് അന്വേഷിക്കാന്‍ ഞാന്‍ കാത്തുനില്ക്കുന്നില്ല, നില്‍ക്കേണ്ടതുമില്ല. എനിക്ക് എന്നോടു തന്നെ ഒരു ചോദ്യമുണ്ട്. ഹിന്ദുധര്‍മത്തിന്റെ മൂലസിദ്ധാന്തങ്ങളില്‍ എനിക്ക് വിശ്വാസമുണ്ടോ? ഇതാണ് എനിക്ക് എന്നോടുള്ള ചോദ്യം. വിശ്വാസമുണ്ട് എന്ന് എന്റെ ഉള്ളില്‍നിന്ന് മറുപടി കിട്ടിക്കഴിഞ്ഞു. ഞാന്‍ ഒരു ഹിന്ദുവാണെന്നുള്ളതിന് എനിക്ക് അംഗീകരണത്തിന് ഞാന്‍ കാത്തുനില്ക്കുന്നില്ല എന്നാണ്. സ്മൃതികള്‍ എന്റെ ഹിന്ദുത്വത്തെ അംഗീകരിക്കുന്നോ എന്ന് അന്വേഷിക്കാന്‍ ഞാന്‍ കാത്തുനില്ക്കുന്നില്ല, നില്‍ക്കേണ്ടതുമില്ല. എനിക്ക് എന്നോടു തന്നെ ഒരു ചോദ്യമുണ്ടോ? ഇതാണ് എനിക്ക് എന്നോടുള്ള ചോദ്യം. വിശ്വാസമുണ്ട് എന്ന് എന്റെ ഉള്ളില്നിന് മറുപടി കിട്ടിക്കഴിഞ്ഞു. ഞാന്‍ ഒരു ഹിന്ദുവാണെന്നുള്ളതിന് എനിക്ക് അംഗീകരണം ധാരാളം മതി. സങ്കുചിതബുദ്ധിയായ ഒരു സ്മൃതികാരനോ ഉദരംഭരിയായ ഒരു ബ്രാഹ്മണ വേഷധാരിയോ ചിന്താസ്വാതന്ത്ര്യമില്ലാത്ത ഒരു ബ്രാഹ്മണ മതഭക്തനോ ഞാന്‍ ഹിന്ദുവല്ല എന്നു പറഞ്ഞാല്‍, ഞാന്‍ അത് അംഗീകരിക്കുകയില്ല. ഞാന്‍ ഹിന്ദുധര്‍മത്തില്‍ വിശ്വാസമുള്ളവനാണെങ്കില്‍, ഞാന്‍ ഹിന്ദുവാണ്. എനിക്ക് മറ്റൊരുവന്റെ അംഗീകരണം ആവശ്യമില്ല. ഹിന്ദുധര്‍മത്തിന്റെ ആശയം അറിയാതെ ലോകജീവികളായ എല്ലാവരും സ്മൃതികളും പുരാണങ്ങളും ഉദ്ധരിച്ച് ഞാന്‍ ഹിന്ദുവല്ലെന്നു പറഞ്ഞാല്‍, അതു വകവച്ചുകൊടുത്ത് എന്റെ അവകാശങ്ങളെയും എന്റെ ധര്‍മങ്ങളെയും വലിച്ചെറിഞ്ഞിട്ട് ഓടിപ്പോകാന്‍ എന്നിലുള്ള ആദ്ധ്യാത്മികമായ അംശം എന്നെ അംഗീകരിക്കുന്നില്ല. എന്റെ ആദ്ധ്യാത്മിക ഭാഗം ശരിയെന്ന് എന്നോടു പറയുന്ന കാര്യത്തെ, മറ്റുള്ളവര്‍ അംഗീകരിച്ചുതരുന്നില്ലെങ്കില് അവരെക്കൊണ്ടു ഞാന്‍ അത് അംഗീകരിപ്പിക്കും. അങ്ങനെ അംഗീകരിപ്പിക്കുന്നത് എന്റെ ഒഴിച്ചുകൂടാത്ത ഒരു ധര്‍മമായി ഞാന്‍ വിചാരിക്കുന്നു. ഹിന്ദുധര്‍മത്തില്‍ രൂഢമൂലമായി വിശ്വസിക്കുന്ന എനിക്ക് ഒരു നമ്പൂരിയില്‍ നിന്നോ പട്ടരില്നിന്നോ നായരില്നിന്നോ ‘ഞാന്‍ ഹിന്ദുവാണ്’ എന്ന ഒരു അംഗീകരണത്തിനായി കാത്തുനില്‍ക്കേണ്ടതില്ല. ഞാന്‍ ‘ഒരു ഹിന്ദുവാണ്’ എന്നുള്ളത് അപ്പോള്‍ എന്റെ ജന്മാവകാശമായിത്തീരുന്നു. അതില്‍നിന്ന് നിഷ്കാസിതമാക്കാന്‍ എന്റെ വിശ്വാസഗതിക്കും ധര്‍മബോധത്തിനും അല്ലാതെ, മുകളില്‍ ആകാശത്തിലോ ഭൂമിയിലോ ഉള്ള യാതൊന്നിനും കഴിയുന്നതല്ല. മറ്റു യാതൊന്നിനും അധികാരവുമില്ല. ആ വിധം ഒരു അംഗീകരണം, സാമുദായിക ജീവിതത്തില്‍, പക്ഷേ ആവശ്യമായിരിക്കാം. സാമുദായികമായ സൗകര്യത്തിനുവേണ്ടി ഞാന്‍ എന്റെ ധര്‍മബോധത്തെ ഹോമിക്കുന്നതല്ല. ‘സത്യധര്‍മങ്ങള്‍ക്കെതിരാം’ സമുദായത്തിന്റെ അംഗീകരണത്തെ ഞാന്‍ വകവയ്ക്കുകയോ, ആദരിക്കുകയോ ചെയ്യുന്നതല്ല. അവയെ അക്രമരഹിതമായി എതിര്‍ത്തും അനാദരിച്ചും ഞാന്‍ പരിഷ്കരിക്കും. സത്യധര്‍മങ്ങളെ ആദരിച്ച് അവര്‍ എന്നെ ഹിന്ദുവായി അംഗീകരിക്കുന്നില്ലെങ്കില്‍, ധര്‍മസമരം നടത്തി അവരെക്കൊണ്ട് ഞാന്‍ അംഗീകരിപ്പിക്കും. അത് എന്റെ ധര്‍മമാകുന്നു. എന്റെ മതബോധത്തോടും സാമുദായികമായ എന്റെ അവകാശബോധത്തോടും എനിക്കുള്ള ധര്‍മമാകുന്നു അങ്ങനെ ചെയ്ക എന്നുള്ളത്. ഇതാണ് ചോദ്യകര്ത്താക്കന്മാരോടുള്ള എന്റെ മറുപടി. ” (പ്രസംഗരംഗം, പുറം. 79) തന്റെ ഹിന്ദുമതനിലപാടും പ്രകടനപത്രികയും അവതരിപ്പിക്കുന്ന സുശക്തവും ഉജ്വലവുമായ ഈ പ്രതികരണം ടി.കെ. മാധവന്റെ ‘ഹിന്ദു മാനിഫെസ്റ്റോ’ തന്നെയാണ്. വൈകാരികവും വൈചാരികവുമായ ധീരത മിന്നുന്ന ഈ ജ്വാലാവൈഖരി, സനാതനമായ നവോത്ഥാനത്തിന്റെ ആത്മസന്ദേശമായും വായിച്ചെടുക്കാം. ഒരുപക്ഷേ, ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ധര്മനവോത്ഥാനത്തിന്റെ മിന്നലും ഇടിമുഴക്കവും തെളിയുന്ന ആദ്യത്തെ ‘ഹിന്ദുമാനിഫെേസ്റ്റോ’, ടി.കെ. മാധവന്റെ ഈ പ്രസംഗവാക്യങ്ങള്‍ തന്നെയായിരിക്കാം. അദ്ദേഹത്തിന്റെ വാഗ്ജ്വാല ഇവിടെ അവസാനിക്കുന്നില്ല. ഹിന്ദുമതവും ബ്രാഹ്മണമതവും തമ്മിലുള്ള വ്യത്യാസത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തന്റെ മതവാദത്തെ അദ്ദേഹം യുക്തിഭദ്രമാക്കുന്നത്.
ഹിന്ദുധര്‍മം മാനവികതയുടേത്
തന്റെ ഹിന്ദുമതാദര്ശത്തെ ടി.കെ. ആവര്‍ത്തിച്ചുറപ്പിക്കുന്നത് കാണുക:-
”ഞാന്‍ ഹിന്ദുവാണെന്ന വികാരം എന്നില്‍ രൂഢമൂലമായിരിക്കുന്നു. അഭിമാനം എന്റെ ഹൃദയത്തെ വളരെ ചമല്ക്കരിക്കുന്നുണ്ട്. ഈ അഭിമാനത്തിന്റെ ആവിര്‍ഭാവത്തിനുള്ള കാരണം എന്തുതന്നെ ആയാലും ‘ഹിന്ദു’ എന്നുള്ള അഭിമാനം എന്റെ ഹൃദയത്തെ ചമല്‍ക്കരിക്കുന്നു എന്ന കാര്യം സ്ഥിതിചെയ്യുന്നുണ്ട്. ഒരു ഹിന്ദുവാണെന്ന പരമാര്‍ത്ഥം അഭിമാനമായിത്തന്നെ ഞാന്‍ കരുതുന്നു. ക്രിസ്തുമതവും പള്ളിമതവും തമ്മിലുള്ള വ്യത്യാസം പോലെയാണ് ഹിന്ദുമതവും ബ്രാഹ്മണമതവും തമ്മിലുള്ള വ്യത്യാസം. ബ്രാഹ്മണമതം, ഇന്ത്യയ്ക്കു വളരെ ദോഷം ചെയ്തു. അതുകൊണ്ട്, ബ്രാഹ്മണ മതത്തെ ഞാന്‍ എന്റെ ഹൃദയശക്തികള് എല്ലാം ഉപയോഗിച്ചു വെറുക്കുന്നു. അതിന്റെ അടിമത്തത്തില്‍നിന്ന് ഹിന്ദു സമുദായത്തെയും ഭാരതഭൂമിയെയും ത്രാണനം ചെയ്യാന്‍ ഞാന്‍ എന്നിലുള്ള ശക്തികള്‍ എല്ലാം ഉപയോഗിച്ച് പരിശ്രമിക്കുന്നതാകുന്നു. എന്നാല്‍, ബ്രാഹ്മണ മതമാണ് ഹിന്ദുമതം അല്ലെങ്കില്‍ സനാതനധര്‍മമെന്നു പറഞ്ഞാല്‍, ഞാന്‍ അതിനെ ശക്തമായി എതിര്‍ക്കും. ഹിന്ദുമതം അല്ലെങ്കില്‍ ഹിന്ദുധര്‍മം എന്നു പറയുന്നത് ബ്രാഹ്മണ മതമല്ല. അതിനെ അതിശയിക്കുന്ന മറ്റൊരു മതം ലോകത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ ദൃഢമായ വിശ്വാസം. ആ ദൃഢവിശ്വാസം തെറ്റെന്ന് ആരെങ്കിലും എന്നെ ബോധ്യപ്പെടുത്തിയാല്‍ ഹിന്ദുധര്‍മത്തെ ഉപേക്ഷിക്കുന്നതിനും ഞാന്‍ തയ്യാറാണ്. എന്റെ തെറ്റ്, എനിക്ക് ആരെങ്കിലും തെറ്റെന്നു ബോധ്യപ്പെടുത്തിത്തരുന്നതുവരെ അത് എന്റെ രക്ഷാ മാര്‍ഗ്ഗമായിരിക്കും. അതിനെ ഞാന്‍ ഉപേക്ഷിക്കുന്നതുമല്ല. ഹിന്ദുധര്‍മത്തെ അതിശയിക്കുന്നതായി മറ്റു മതങ്ങളില്ലെങ്കില്‍, അതുപേക്ഷിച്ച് മറ്റൊരു മതം തേടി ഞാന്‍ പോകുന്നത് ‘കരസ്ഥം പായസം സംത്യക്താ ഭിക്ഷാമടതി ദുര്‍മ്മതി’ എന്ന മാതിരി പ്രവൃത്തി ആയിരിക്കും. ഭാരതത്തിലെ അജ്ഞാത നാമക്കളായ ആചാര്യന്മാര് മനുഷ്യവര്‍ഗത്തിന്റെ നിത്യാനന്ദത്തിനുവേണ്ടി അഭിമുഖമായി കണ്ടറിഞ്ഞ്, സത്യത്തെ സാക്ഷിനിര്‍ത്തി, എന്നന്നേയ്ക്കും മനു
ഷ്യവര്ഗത്തിനു പിതൃരാര്ജിതമായി സൂക്ഷിച്ചിട്ടുള്ള ഹിന്ദുധര്‍മത്തിലും ഹൈന്ദവനാഗരികതയിലും ദൃഢമായി വിശ്വസിക്കുന്ന ഞാന്‍, ‘ഹിന്ദു’ എന്ന അഭിധാനത്തില്‍ അഭിമാനിക്കുന്നു. ആ അഭിമാനം ആദ്ധ്യാത്മികമായി എനിക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടുമിരിക്കുന്നു. എന്റെ ജീവിതത്തെ അഗാധമായി സ്പര്‍ശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഈ അഭിമാനത്തെ ഉപേക്ഷിക്കാന്‍ ഇതുവരെ ഞാന്‍ ഒരു കാരണവും കാണുന്നില്ല. എന്നാല്‍ ഞാന്‍ ഹിന്ദുവാകുന്നു എന്നുള്ള എന്റെ മതവിഷയമായ അഭിമാനം
പരമതദ്രോഹത്തിനോ പരമത സഹിഷ്ണുതയ്ക്കോ ഇടം കൊടുക്കുന്നതല്ല. നേരെ മറിച്ച്, അന്യമതങ്ങള്‍ക്കും അന്യമതവിശ്വാസികള്‍ക്കും അന്യമതനാഗരികതകള്ക്കും ന്യായമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഹിന്ദുവിന്റെ അഭിമാനം അനുവദിക്കുന്നതാണ്. ഇന്ത്യാ ചരിത്രം ഇതിനു സാക്ഷിയാണ്. ഈ അഭിമാന സംരക്ഷണം ഒരു ക്ഷന്തവുമില്ലാത്ത അപരാധമാകുന്നതെങ്ങനെ? എന്ന് എത്രതന്നെ ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഹൈന്ദവമായ പരിസ്ഥിതിയില്‍ ജനിച്ചുവളര്‍ന്ന്, ഹൈന്ദവധര്മത്തിലും നാഗരികതയിലും വിശ്വസിച്ചു ജീവിക്കുന്ന ഞാന്‍, ഹൈന്ദവ സംസ്കാരം മനുഷ്യവര്‍ഗത്തിന്റെ സ്വാതന്ത്ര്യസമ്പാദനത്തിനുള്ള കൈകണ്ട വിദ്യ എന്നു ദൃഢമായി വിശ്വസിക്കുന്നതിനാല്‍, ഒരുഹിന്ദുവായി നിന്ന് ആ ധര്‍മത്തെ മറ്റുള്ള നാഗരികതകളുമായിട്ടുള്ള സംഘട്ടനത്തില്‍ പോകാന്‍ അനുവദിക്കാതെ മനുഷ്യവര്‍ഗത്തിന്റെ രക്ഷയ്ക്കായി സൂക്ഷിക്കാന്‍ യഥാശക്തി ശ്രമിക്കേണ്ടത് സത്യത്തോടും ധര്‍മത്തോടും മനുഷ്യവര്‍ഗത്തോടും എനിക്കുള്ള വലിയ കര്‍ത്തവ്യമായി ഞാന്‍ വിചാരിക്കുന്നു. ഈ കര്‍ത്തവ്യനിര്‍വ്വഹണത്തിന് എല്ലാ ഹിന്ദുക്കളുടെയും സഹായസഹകരണങ്ങളെ ഞാന്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു.” (പ്രസംഗരംഗം, പുറം, 82, 83). പില്ക്കാലത്ത് സനാതനധര്‍മത്തെ മുന്‍നിര്‍ത്തി ആരംഭിച്ച രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളുടെ മുന്നോടിയായി, ചാട്ടുളിയുടെ മൂര്‍ച്ചയുള്ള ഈ മാനിഫെസ്റ്റോയെ വായിച്ചെടുക്കാന്‍ കഴിയും.
ഹരിനാമകീര്‍ത്തനവും വിവേകാനന്ദ
സാഹിത്യവും തെളിച്ച വഴികള്‍
ഹിന്ദുധര്‍മത്തിന്റെ ആദര്‍ശം ഉള്‍ക്കൊള്ളുന്നതിന് തന്നെ സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ചും ടി.കെ. വൈകാരികമായി സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ ഇങ്ങനെ:-
”ഹിന്ദുധര്‍മത്തിന്റെ മൂലസിദ്ധാന്തം ഞാന്‍ ഏഴ്-എട്ട് വയസ്സു പ്രായമുള്ള ഒരു ബാലനായിരുന്ന കാലത്ത്, എന്റെ വന്ദ്യമാതാവിന്റെ പാവനമായ മുഖപത്മത്തില്‍ നിന്നാണ് ഗ്രഹിച്ചത്. തുഞ്ചത്ത് ഗുരുവിന്റെ ഹരിനാമകീര്‍ത്തനം ചൊല്ലുന്ന പതിവുണ്ട്. അതിലെ ”ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണം” എന്ന ഭാഗം എന്റെ മനസ്സിന്റെ ആഴത്തിലേക്ക് ആപതിച്ചു. ഈ ഭാഗത്തിന്റെ ഭാവഗാംഭീര്യത്തെയോ സാംസ്കാരികമായ പ്രയോജനത്തെയോ പറ്റി എനിക്ക് അന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. അനന്തകാലത്തില്‍ വിവേകാനന്ദ സ്വാമികളുടെ പ്രസംഗങ്ങള്‍ വായിച്ച കാലത്താണ് അമ്മയുടെ മുഖകമലത്തില്‍ നിന്നും വിഗളിച്ച്, ഇളംപ്രായത്തില്‍ എന്റെ ഹൃദയതലത്തില്‍ ആപതിച്ചിരുന്ന ഈ ശ്ലോകത്തിന്റെ അര്‍ത്ഥബോധം എനിക്ക് ഉണ്ടായത്. ”അഖിലം ഞാനിതെന്ന” വഴിക്കുള്ള ഹിന്ദുധര്‍മത്തിന്റെ സംസ്കാരഗതിയെ അതിശയിക്കുന്ന ഫലപുഷ്ടിയോടുകൂടിയ മറ്റൊരു ധര്‍മമാര്‍ഗം എനിക്ക് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. ഈ ധര്‍മ മാര്‍ഗത്തിന്റെ അനുഷ്ഠാനത്തില്‍, കാലചക്രത്തിരിച്ചിലില്‍ കടന്നുകൂടിയിട്ടുള്ളമാലിന്യങ്ങളെ-അവ എത്ര തന്നെ പര്‍വ്വത തുല്യങ്ങളായിരുന്നാലും-അടിച്ചുവാരിക്കളഞ്ഞ്, അധര്മമാര്ഗത്തെ അതിന്റെ പരിശുദ്ധതയിലും പരിപൂര്‍ണതയിലും ഉദ്ധരിച്ച്, ആ ധര്മസന്ദേശത്തെ മനുഷ്യവര്‍ഗത്തിനുവേണ്ടി സൂക്ഷിച്ചുരക്ഷിക്കുന്ന കര്‍ത്തവ്യത്തെ അതിശയിക്കുന്ന ഒരു പുണ്യപ്രവൃത്തി ഞാന്‍ കാണുന്നില്ല. എന്റെ ജീവചരിത്രത്തെ സ്പര്‍ശിക്കുന്ന സ്വഭാവത്തോടുകൂടിയ ഈ സംഭവം, ഇവിടെ വിവരിച്ചതു അപ്രകൃതവും ആത്മപ്രശംസാ ദൂഷിതവുമാണെന്ന് നിരൂപകന്മാര് വിധിച്ചേക്കാം എന്നു ഞാന്‍ നല്ലവണ്ണം അറിയുന്നു. അവരുടെ കൂരമ്പുകളുടെ നിപാതത്തെ സഹിച്ചും ഈ സംഭവം പ്രസ്താവിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടത് ഒരു ഗണ്യമായ ഉദ്ദേശ്യലാഭം കരുതിയാണ്. ഒട്ടുവളരെ സഹോദരികള്‍ സന്നിഹിതരായിരിക്കുന്ന ഈ സദസ്സില്‍ ഈ സംഭവത്തില്‍ വിവരണം, ബാലപരിചരണത്തില്‍ അവരില്‍ ചിലര്‍ക്കെങ്കിലും ഒരു പാഠമായി ഉപയോഗപ്പെടുത്താമെന്നു ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ പൂര്വന്മാര് സന്ധ്യാവേളകളില്‍ കീര്‍ത്തനങ്ങള്‍ ചൊല്ലാറുണ്ടായിരുന്ന ഗുണകരമായ ഏര്‍പ്പാട് ഇപ്പോള്‍ പലയിടങ്ങളില്‍നിന്നു പോയിരിക്കുന്ന ദയനീയസ്ഥിതിയെ ചൂണ്ടിക്കാണിക്കുക, ഗുണദോഷ വിവേചന ബുദ്ധിയോടുകൂടി അനുഷ്ഠിച്ചാല്‍ ആ ഏര്പ്പാടില്നിന്നു ഉണ്ടാകാവുന്ന ഗുണഫലത്തിലേക്ക് പൊതുജനങ്ങളുടെ ദൃഷ്ടിയെ ക്ഷണിക്കുക ഇവയും എന്റെ ഉദ്ദേശ്യങ്ങളില്പ്പെട്ടതാകുന്നു. ഈ ഉദ്ദേശ്യങ്ങള്‍ ഈ വ്യതിയാനത്തെ നീതീകരിക്കുന്നതിനു മതിയാകുന്നില്ലെങ്കില്‍, വ്യക്തിസ്പര്ശമുള്ള ഈ ആഖ്യാനത്തെ ക്ഷമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.” (പുറം.85, 86). ടി.കെയുടെ സാമൂഹികബോധത്തില്‍ മാത്രമല്ല, ഹൃദയവികാരങ്ങളിലും കെടാവിളക്കായി ഹിന്ദുധര്‍മം തെളിഞ്ഞുനില്ക്കുന്നുവെന്ന് ഈ വാക്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു.
വൈക്കം സത്യഗ്രഹം ഒരു ഹിന്ദുധര്‍മ പ്രക്ഷോഭണം
വൈക്കം സത്യഗ്രഹം ഒരു ഹിന്ദുധര്മപ്രക്ഷോഭണമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രഭാഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് ടി.കെ.മാധവന് കടക്കുന്നത്. ”ഒരു മനുഷ്യന്റെ സാമീപ്യവും സാന്നിധ്യവും മറ്റൊരു മനുഷ്യനോ ദേവനോ ദേവാലയത്തിനോ അശുദ്ധിക്ക് കാരണമെന്ന്, സത്യത്തെയും ധര്‍മത്തെയും മുന്‍നിര്‍ത്തി ഒരുത്തന് ധീരമായി പറകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന് ഇപ്പോഴത്തെ ഗവണ്മെന്റുകളുടെ നിയമം അനുസരിച്ച്, സമാധാനത്തിന്റെയും നിയമത്തിന്റെയും ശത്രുവാണ്. അവന് ജയിലോ തൂക്കുമരമോ ആധാരവുമായിരിക്കും. ഇതിന് ചരിത്രം സാക്ഷിയുമാണ്. എന്നാല്‍ നിയമം നടത്താന്‍ നിയുക്തന്മാര് ആയവര്‍ തന്നെ, ബ്രാഹ്മണ മതപ്രസ്ഥാനത്തിന്റെ കല്ത്തുണ്ടുകളായിട്ടാണ് പ്രായേണ കാണുന്നത്. മതത്തിന്റെ വേഷത്തില്‍ ഉള്ളില്‍ കടന്നുകൂടി വ്യക്തികളുടെ ആത്മവൈഭവത്തെപ്പോലും കെടുത്തിയിട്ടുള്ളതാണ് ഈ ബ്രാഹ്മണമതം അല്ലെങ്കില്‍ തീണ്ടല് മതം. അതിന്റെ സൂക്ഷ്മമായ പ്രേരണകള്‍ക്കു പോലും ഇരയാകാതെ ആത്മവൈഭവത്തോടെ മുന്നോട്ടുവന്നിട്ടുള്ളവര്, അവര്‍ക്ക് ധര്മത്തിനോടും സത്യത്തിനോടും ദൈവത്തിനോടും ഉള്ള കര്‍ത്തവ്യത്തെ നിറവേറ്റണമെന്ന് ഹൃദയപൂര്‍വമായി ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ ചെയ്യേണ്ടത് അധികാരസ്ഥാനങ്ങളിലേക്ക് ഭീമഹര്‍ജികള്‍ കൊടുക്കുകയും പ്രതിനിധി സംഘങ്ങളെ നയിക്കുകയും അല്ല, അതുകൊണ്ട് ഫലമില്ലെന്നു കണ്ടുകഴിഞ്ഞു. അവകാശങ്ങളെ കൈവശക്കാരില്‍നിന്ന് പിടിച്ചെടുക്കുക അല്ലാതെ, അതിന്റെ തല്ക്കാല കൈവശക്കാര്‍ ‘മനമലിഞ്ഞും മനമഴിഞ്ഞും’ വിട്ടുതരുമെന്ന്-അതിലും വിശേഷിച്ച്-ബ്രാഹ്മണര്‍ വിട്ടുതരുമെന്ന് ആരും ഭ്രമിക്കേണ്ട. അവര്‍ ഇപ്പോള്‍ നില്ക്കുന്ന സ്ഥാനത്തുനിന്ന് ഓരോ ഇഞ്ചായി അവരെ ധര്‍മസമരം ചെയ്തു പിന്മാറ്റുക അല്ലാതെ നിവൃത്തിയില്ല. ഇവരും ഹിന്ദുക്കളല്ലേ, ഹിന്ദുമത ക്ഷേമത്തിനു വിപരീതമായി ഇവര്‍ നില്‍ക്കുമോ എന്നു ചോദിച്ചാല്‍, അവരെ അവരില്‍ നിന്നു തന്നെ രക്ഷിക്കേണ്ട കര്‍ത്തവ്യമാണ് നാം്യു ഇപ്പോള്‍ അനുഷ്ഠിക്കേണ്ടി വന്നിരിക്കുന്നത്. എന്റെ വിനീതമായ അഭിപ്രായത്തില്‍ മഹാത്മാഗാന്ധി നിര്‍ദ്ദേശിക്കുന്ന അക്രമരഹിതവും വ്യക്തിഗതവുമായ സിവില്‍ നിയമലംഘനമാണ് ക്ഷേത്രപ്രവേശനാവകാശ സ്ഥാപനത്തിനും
അതുവഴിയുള്ള ഹിന്ദുമത പരിഷ്കരണത്തിനും പറ്റിയ ഏറ്റവും കാര്യക്ഷമമായ പ്രവൃത്തിമാര്‍ഗം. രക്തച്ചൊരിച്ചില്‍ കൂടാതെ, യാഥാസ്ഥിതികരുടെ ‘മതം മാറ്റാന്‍’ ഇത് കൈ കണ്ട പ്രസ്ഥാനമാകുന്നു. ക്ഷേത്രപ്രവേശന വാദം, തീണ്ടല്‍ജാതിക്കാരുടെ പ്രത്യേകമായ അഭിവൃദ്ധിയെ മാത്രം ഉദ്ദേശിച്ച് നടത്തുന്ന ഒരു പ്രക്ഷോഭണമല്ലെന്നും അത് ഹിന്ദുസമുദായത്തില്‍പ്പെട്ട ബ്രാഹ്മണര്‍ മുതലുള്ള എല്ലാ വിഭാഗക്കാരുടെയും ആധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തെ ഉദ്ദേശിച്ചു നടത്തിവരുന്ന ഹിന്ദുമത പരിഷ്കരണപ്രധാനവും ഹിന്ദുധര്‍മ സ്ഥാപന നിരതവുമായ ഒരു പ്രക്ഷോഭണമാണെന്നും നിങ്ങള്‍ ഇപ്പോള്‍ ധരിച്ചിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു” (പ്രസംഗരംഗം, പുറം. 96,97)
വൈക്കം സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ ടി.കെ. മാധവന് ഒരു വലിയ സദസ്സില്‍ വെച്ചു നല്കിയ ഈ വിശദീകരണം, അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. പി
ല്‍ക്കാലത്ത് ഈ പ്രസംഗരേഖ കാണാമറയത്തായി. എങ്കിലും 98 വര്‍ഷത്തിനുശേഷം, സംവാദമുഖരിതമായ സമകാലിക സന്ദര്‍ഭങ്ങളിലേക്ക് അത് വന്നെത്തുമ്പോള്‍, പുതുവായനകള്ക്ക് സാധുതയേറുന്നു. ക്ഷേത്രപ്രവേശന ലീഗിന്റെ ആഭിമുഖ്യത്തില്‍ 1929 നവംബര്‍ 21ന് ഓച്ചിറ പടനിലത്തുവച്ച് മന്നത്ത് പത്മനാഭന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ടി.കെ. മാധവന് നടത്തിയ പ്രഭാഷണം ‘ക്ഷേത്രപ്രവേശനം’ എന്ന പേരില്‍ പുസ്തകമായെങ്കിലും, ഇപ്പോള്‍ ഒരു കോപ്പി പോലും കണ്ടുകിട്ടാനില്ല. അതിനും മൂന്നുവര്‍ഷം മുമ്പ് 1926 ല്‍ നടത്തിയ ഹരിപ്പാട് പ്രസംഗമാണ് ‘ആത്മവിദ്യാ പ്രസംഗരംഗം’ എന്ന കൃതിയില്‍നിന്ന് ഈ ലേഖകന്‍ കണ്ടെടുത്തത്. രണ്ടു പ്രസംഗങ്ങളും അക്കാലത്ത് സൃഷ്ടിച്ച സംവാദ വിവാദങ്ങളുടെ മാറ്റൊലികളാകാം പ്രസ്തുത കൃതികളെ ഇരുട്ടില്‍ ഒളിപ്പിച്ചുകളഞ്ഞത്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാചരണ വേളയില്‍ തന്നെ ഹരിപ്പാട് പ്രസംഗരേഖകള്‍’ വെളിച്ചത്തു വന്നു എന്നത് കാലത്തിന്റെ കാവ്യനീ
തി ഒരു മിത്തല്ല എന്ന് ബോധ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: