ചെന്നൈ: ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു മദ്യപരെ വിലക്കി നടൻ വിജയ്‌യുടെ രാഷ്‌ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പാർട്ടി നേതൃത്വം പുറത്തിറക്കി. ഒക്ടോബർ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം നടത്തുക.
പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്‌യുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ടിവികെയുടെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരി മുന്‍ എംഎല്‍എയുമായ എന്‍ ആനന്ദ് ആണ് നിര്‍ദേശം പുറത്തിറക്കിയത്. മദ്യപിക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. കൂടാതെ സമ്മേളനത്തിനെത്തുന്ന വനിതാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷയുറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടി. സമ്മേളനസ്ഥലത്ത് എത്തുന്ന മെഡിക്കല്‍ ടീമിനും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വ്യക്തമാക്കിയ വിജയ് ടിവികെയുടെ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചിരുന്നു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനനയം സംബന്ധിച്ച മറ്റുകാര്യങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: