ഹരിദ്വാർ: മായം ചേർക്കാൻ സാധ്യതയുള്ള ലഡു പോലുള്ളവ ഒഴിവാക്കി ക്ഷേത്രങ്ങളിൽ കൽക്കണ്ടം, ഉണക്കമുന്തിരി, ഏലക്കായ തുടങ്ങിയവ ഭക്തർക്ക് പ്രസാദമായി നൽകണമെന്ന് സന്യാസി സംഘടനയായ അഖില ഭാരതീയ അഖാര പരിഷത്ത്. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം.
ആരോഗ്യപരമായും ഇത്തരം പ്രസാദങ്ങളാണ് മികച്ചത്. കൽക്കണ്ടവും, ഏലക്കായയും പോലുള്ള പ്രസാദങ്ങൾ അസിഡിറ്റി ഇല്ലാതാക്കാനും ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു. പ്രസാദം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന നെയ്യ് ശുദ്ധമാണെന്ന് ക്ഷേത്രഭാരവാഹികൾ ഉറപ്പാക്കണം. രാജ്യത്തുടനീളം ഈ സമ്പ്രദായം തുടരണമെന്നും സംഘടനാ പ്രസിഡന്റ് മഹന്ത് രവിന്ദ്രപുരി പറഞ്ഞു.
അതിനിടെ, വളരെ ശ്രദ്ധയോടെ, ചിട്ടയോടെയാണ് തിരുപ്പതിക്ഷേത്ര അടുക്കളയിൽ ലഡ്ഡു നിർമാണം നടക്കുന്നതെന്ന് എക്സിക്യുട്ടീവ് ഓഫീസർ ശ്യാമള റാവു പറഞ്ഞു. 700 ജീവനക്കാരാണ് ദിവസേന ലഡ്ഡു നിർമാണത്തിൽ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജഗൻമോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന നെയ്യിൽ മൃഗക്കൊഴുപ്പുകളും മറ്റും ഉണ്ടായിരുന്നു എന്ന് നാഷണൽ ഡെയറി ഡിവലപ്‌മെന്റ് ബോർഡിന്റെ റിപ്പോർട്ട്.
ഇക്കാര്യത്തിൽ വിശദമായ ഉന്നതതല അന്വേഷണത്തിന് ചന്ദ്രബാബു നായിഡു സർക്കാർ ഉത്തരവിടുകയും ടി.ടി.ഡി. എക്സിക്യുട്ടീവ് ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: