ഭൂമിയിലെ ഏറ്റവും മധുരമുള്ള കവിതയുമായാണ് പ്രണയത്തിന്റെ കവിയായ ബൃന്ദ ഇപ്പോള്‍ കടന്നു വന്നിട്ടുള്ളത്. ഭൂമിയെയും ചരാചരങ്ങളെയും മധുരിപ്പിക്കുന്ന പ്രണയത്തെക്കുറിച്ചെഴുതിയ ഏറ്റവും വലിയ പു
സ്തകമാണത്.പ്രണയത്തെ ഹൃദയോത്സവമായും ധ്യാനാത്മകമായും ഈ പുസ്തകത്തില്‍ സമീപിക്കുന്നു.ജിബ്രാനും ഓഷോയും സാഫോയും റൂമിയുമൊക്കെ തുറന്നിട്ട പ്രണയ വാതിലുകളെ 2064 പേജുകളിലൂടെ വ്യത്യസ്തമായി സമീപിക്കുകയാണ് ബൃന്ദ.
‘ബൃന്ദയുടെ സര്‍ഗ്ഗാത്മകതയുടെ ഊര്‍ജ്ജസ്രോതസ്സ് അവരുടെ മനസ്സിലെ വിശുദ്ധവും മോഹനവും നവോര്ജ്ജ ദായകവുമായ പ്രണയ സ്ഥലികളാണ്. അവിടെ നിന്നും ഉയിര്‍ക്കുന്ന നേര്‍ത്തതും ജീവദായകവു
മായ സംഗീതമാണ് ഈ പ്രണയമെഴുത്തിന്റെ ഉയിരിടങ്ങള്‍. പ്രണയത്തിന്റെ ബഹുരൂപമാര്‍ന്ന ഭാവങ്ങളാണ് ആഹ്ലാദവും വിഷാദവും വന്യമോഹങ്ങളും ഏകാന്തതയും പരിത്യക്തയും ഉന്മാദവുമൊക്കെ. ഈ ദീര്‍ഘ കവിതാ സമാഹാരത്തില്‍ ഒട്ടുമിക്കതിന്റെയും ഉള്‍ക്കാമ്പുകളില്‍ മേല്‍പ്പറഞ്ഞ ബഹുരൂപികളായ ഭാവങ്ങള്‍ സംവഹിക്കപ്പെട്ടു കിടക്കുന്നു. അനുരാഗത്തിന്റെ മഴവില്ലഴക് അവയില്‍ പരാഗരേണുക്കളാകുന്നു. ഈ കവിതകളില്‍ സോളമന്റെ ഉത്തമഗീതത്തിന്റെയും രാധാ-കൃഷ്ണ പ്രണയത്തിന്റെയും നിലാവും നദികളും വയലേലകളും ഭാവസുഗന്ധങ്ങളും പ്രസരിക്കുന്നത് വായനക്കാരനനുഭവിക്കാം. പ്രണയത്തെ അതിന്റെ വിശുദ്ധി ആവശ്യപ്പെടുന്ന നവ്യസുന്ദരമായ ഭാഷയില്കാവ്യാവിഷ്ക്കാരംനടത്തുന്ന പുതുതലമുറ എഴുത്തുകാരില്‍ എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടേണ്ടണ്ട ഒരു പേരാണ് ബൃന്ദയുടേത്.’ എന്ന് അവതാരികയില്‍ ആദരണീയ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള കുറിയ്ക്കുന്നു.
കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്തങ്ങളായ പതിനേഴ് പുസ്തകങ്ങള്‍ ഒരുമിച്ച് പ്രസിദ്ധീകരിച്ചാണ് പ്രമുഖ കവിയും എഴുത്തുകാരിയായ ബൃന്ദ ശ്രദ്ധേയയായത്.ലോകമൊന്നാകെ അടച്ചുപൂട്ടി മനുഷ്യര്‍ തന്നിലേക്കു തന്നെ ഒതുങ്ങിയപ്പോള്‍ ബൃന്ദ അക്ഷരങ്ങളുടെ വാതില്‍ തുറക്കുകയായിരുന്നു. കഥ, കവിത, നോവല്‍, ബാലസാഹിത്യം, പ്രണയക്കുറിപ്പുകള്‍ ,ജീവചരിത്രം, ആത്മ വിവരണങ്ങള്‍, ലേഖനങ്ങള്‍ അങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളിലൂടെ ആ തൂലിക ചലിച്ചു.രാജ്ഭവനില്‍ വച്ച് ആദരണീയ കേരള ഗവര്‍ണര്‍ ഒരു വ്യക്തിയുടെ ഇത്രയേറെ പുസ്തകങ്ങളുടെ പ്രകാശനം
നിര്‍വ്വഹിച്ചപ്പോള്‍ വളരെ വിസ്മയിച്ചു. അതൊരു റിക്കാര്‍ഡാണെന്ന് അഭിനന്ദിക്കുകയും ചെയ്തു.ആ എഴുത്തും അനുബന്ധ ജോലികളും ഊണും ഉറക്കവുമില്ലാത്ത കഠിനമായ ഒന്നായിരുന്നു. പക്ഷേ ഞാനതു വല്ലാതെ ആസ്വദിച്ചു. ഏറ്റവും ഒടുവില്‍ തയ്യാറാക്കിയത് നോവലാണ്. അപ്പോഴേക്കും ഞാന്‍ വല്ലാതെ തളര്‍ന്നിരുന്നു. ഡോക്ടര്‍ എന്നോട് നന്നായി ഉറങ്ങാന്‍ നിര്‍ദ്ദേശിച്ചു. എന്റെ വലം കൈയിന്റെ ചുമലിന് ഏറെനാള്വേദനയായിരുന്നു. എങ്കിലും എനിക്കിത്രയും കഴിഞ്ഞല്ലോ എന്നൊരു സന്തോഷം എപ്പോഴുമുണ്ടണ്ടായിരുന്നു. അതു മാത്രമല്ല നിലാവിതള്‍, സ്വപ്ന കവിത തുടങ്ങിയ ദിന കവിതകള്‍, പ്രണയ മോഹനം എന്ന യുട്യൂബ് ചാനല്‍ തുടങ്ങിയവയിലൂടെ വളരെ സജീവമായി എഴുത്തില്‍ നിലയുറപ്പിച്ച കാലവുമായിരുന്നു അത്.അതേവരെയുണ്ടായിരുന്ന കാലമായിരുന്നില്ല അത്. ഒരു നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അത്യാവശ്യത്തിന് പട്ടണത്തിലേക്ക് പോകുമ്പോള്‍ ശൂന്യവും ഏകാന്തവുമായിപ്പോയ നിരത്തുകള്അജ്ഞാതമായൊരു ഭീതി പരത്തി. എല്ലാം നമ്മളിപ്പോള്‍ മറന്നു പോയിരിക്കുന്നു.
എഴുത്ത് എനിക്ക് അതിജീവനമാണ്. എന്റെ ശ്വാസവും ആശ്വാസവുമാണ്. അതെന്നെ പുനര്‍ നിര്‍മ്മിച്ചു കൊണ്ടേയിരിക്കുന്നു. അതെന്റെ പ്രണയവും ആനന്ദവുമാണ്. കാതരമായ ഒരു വാക്കിന്റെ കേള്വിത്തുടിപ്പെന്ന പോലെ ഞാന്‍ കാതു കൊടുത്തിരിക്കുന്നു.
കവിതയില്‍ തീരാത്തത് കഥയില്‍ ചേര്‍ത്തു വച്ചും പിന്നെയും ബാക്കി നില്‍ക്കുന്നത് നോവലിലും ലേഖനങ്ങളിലും മറ്റെഴുത്തുകളിലും ഇത്തിരിയിത്തിരി തൊട്ടുവെച്ചും അക്ഷരലോകത്തെ വിസ്മയത്തോടെ ഞാനും വീക്ഷിച്ചത് കോവിഡ് കാലത്തെ അതിജീവനത്തിന്റെയും കരുത്തിന്റെയും
പ്രതീകമായി മാറി. ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് അടക്കം മൂന്ന് റെക്കോര്‍ഡുകളും കേരള കലാകേന്ദ്രത്തിന്റെ ശ്രീരത്ന പുരസ്കാരം, കേരളീയ വനിതാരത്നം അവാര്‍ഡ്, കലാഭവന്‍ മണി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങളും നേടി.
പതിനേഴ് പുസ്തകങ്ങളുടെ പ്രകാശന ശേഷം തുടര്‍ വര്‍ഷങ്ങളില്‍ മൂന്നു പുസ്തകങ്ങള്‍ കൂടി പ്രകാശനം ചെയ്തിരുന്നു. എന്നാല്‍ സ്വന്തം റിക്കോഡ് സ്വയം തിരുത്തിക്കുറിക്കണമെന്ന ചിന്തയുദിച്ചത് ആദരണീയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രോത്സാഹനപരമായ വാക്കുകളില്‍ നിന്നാണ്. ഇപ്പോള്‍, 2024-ല്‍ പുതിയ 33 പുസ്തകങ്ങള്‍ പ്രകാശനത്തിനു തയ്യാറായിക്കഴിഞ്ഞു. അവയില്‍ ചെറുകഥ, മിനിക്കഥ, മഹാ കവിത, ലഘുകവിത, നോവല്‍, ബാലസാഹിത്യം, പുരാണം, പരിഭാഷ, പ്രണയക്കുറിപ്പുകള്‍, ലേഖനങ്ങള്‍, ജീവചരിത്രം, സ്വന്തം നാടായ പുനലൂരിനെക്കുറിച്ച് ഒരു പു
സ്തകം, എന്റെ പിതാവിന്റെ ഓര്മ പുസ്തകം, കവിത, കഥ എന്നിവയുടെ രചനാ വഴികള്‍, മൂകാംബികാ ദേവിയെക്കുറിച്ച് ഒരു പുസ്തകം തുടങ്ങി വ്യത്യസ്തമായ ലോകങ്ങളിലൂടെയുള്ള അക്ഷര സഞ്ചാരമാണ്. കവിതകള്‍ക്കും കഥകള്‍ക്കുമൊപ്പം മറ്റു ശ്രദ്ധേയമായ പുസ്തകങ്ങള്‍ കൂടിയുണ്ട്. ഇതില്‍, ഗീതഗോവിന്ദത്തിന്റെ സ്വതന്ത്രാഖ്യാനം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.’ശ്രേഷ്ഠവും പ്രണയമധുരവുമായ ഗദ്യം.
വിപ്രലംഭശൃംഗാരത്തിന്റെ മകുടോദാഹരണമായ ഗോപീപീനപയോധരമര്ദ്ദനം പോലും ബൃന്ദയുടെ തൂലികയില്‍ പ്രണയമധുരമായി തോന്നി. സകല ദേവന്മാര്ക്കും ഇഷ്ടമാണ് അഷ്ടപദികള്‍ എന്ന ചൊല്ല്, സഫലമാക്കുകയാണ് ‘ഗീതഗോവിന്ദം സ്വതന്ത്ര ഗദ്യാഖ്യാനം’ എന്ന സ്വതന്ത്രതര്ജ്ജുമയുടെ ആത്മസത്ത എന്ന് പ്രസ്തുത കൃതിയെക്കുറിച്ച് കവിയും പ്രശസ്ത ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിരീക്ഷിക്കുന്നു.
സോളമന്റെ ഉത്തമഗീതത്തിന്റെ സ്വതന്ത്ര്യാഖ്യാനവും ബൃന്ദ രചിച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്, ശ്രീനാരായണഗുരുദേവന്‍, ശ്രീകൃഷ്ണന്, ശ്രീരാമന്, ദശാവതാര കഥകള്‍, മൂകാംബിക തുടങ്ങിയവരെക്കുറിച്ചുള്ള കൃതികളിലൂടെ ബൃന്ദയുടെ തൂലിക ഭാരത സംസ്കൃതിയുടെ സവിശേഷ ഇടങ്ങളിലൂടെ സഞ്ചരിക്കുന്നു.
‘ഏറ്റവും പ്രണയിക്കപ്പെട്ട സ്ത്രീ’ എന്നത് ബൃന്ദയുടെ പ്രണയത്തിന്റെ ആത്മ വിവരണങ്ങളുടെ പുസ്തകമാണ്.സ്ത്രീയെ പൂര്‍ണ്ണമാക്കുന്നതിന് അവള് ആഗ്രഹിക്കുന്ന പുരുഷന്റെ സ്നേഹം അത്യാവശ്യമാണ് എന്നും നോക്കിലും വാക്കിലും ഓര്‍മയിലും ആനന്ദത്തിന്റെ കടലുകള്‍ നിറഞ്ഞാര്ക്കുന്ന മഹത്തരമായ അത്ഭുതമാണ് പ്രണയം എന്നും ബൃന്ദ കുറിയ്ക്കുന്നു.
തന്റെ കഥകളിലും കവിതകളിലും കഥാപാത്രമായ ഒരുപാടു പേരുണ്ടെന്ന് ബൃന്ദ പറയുന്നു. കഥയുടെ അകത്തോ പുറത്തോ സ്വപ്നങ്ങളിലോ ഒക്കെ അവരുണ്ട്. അനുഭവിക്കുന്നയാളിനോളം വലിയ എഴുത്തോ വായനയോആത്മാവിന്റെ താളുകളില്‍ നിന്ന് പകര്‍ത്താനുമാവില്ല. കഥകളുടെയും കവിതകളുടെയും ചിറകിലേറി വേഷം മാറിയും അല്ലാതെയുമുള്ള ചിലരെക്കുറിച്ചുള്ള കുറിപ്പുകളാണ് കഥാവഴികള്‍, കവിതാ വഴികള്‍ എന്നീ പുസ്തകങ്ങള്‍.
ഉതിര്‍മുല്ല, ജാനകിക്കാട്, ചക്രവര്‍ത്തിയുടെ സമ്മാനം തുടങ്ങിയ ബൃന്ദയുടെ കഥാസമാഹാരങ്ങളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഉതിര്മുല്ലപോലെ പൂത്തു ലഞ്ഞ് ഭ്രമകല്പനകളുടെ സുഗന്ധം പരത്തുന്ന കഥകളാണിവ. ഏകാന്ത സമസ്യകളും അവ സൃഷ്ടിക്കുന്ന ആന്തരിക പ്രകമ്പനങ്ങളും കഥകളെ വ്യത്യസ്തമാക്കുന്നു. ഭാവതീവ്രതയും നഷ്ടസ്മൃതികളും ഇനിയും തിരിച്ചറിയപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത മനുഷ്യമനസ്സിന്റെ ദുരൂഹ ലോകങ്ങളും ഉതിര്‍മുല്ല എന്ന കഥാസമാഹാരത്തില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു എന്ന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും കഥാകൃത്തുമായ വേണു കുന്നപ്പിള്ളി നിരീക്ഷിക്കുന്നു.
എഴുത്തില്‍ മാത്രമല്ല ചിത്രകലയിലും കൃതഹസ്തയാണ് ബൃന്ദ. തന്റെ രണ്ടു പുസ്തകങ്ങള്‍ക്ക് ചിത്രങ്ങള്‍ വരച്ചിട്ടുമുണ്ട്.
സിനിമാ സംബന്ധിയായ രചനയും പുതിയ പുസ്തകങ്ങളിലുണ്ട്. ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, അഭിനേതാവ്, എഴുത്തുകാരന് എന്നിങ്ങനെ തന്റെ കലാജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന അടയാളങ്ങള്‍ ബാക്കി വച്ചു പോയ ജേസിയെക്കുറിച്ചുള്ള ഓര്മ പുസ്തകം സൂക്ഷിച്ചു വയ്ക്കാന്‍ പറ്റിയതാണ്. സമൂഹ മാധ്യമങ്ങളിലും സജീവമായ ബൃന്ദ പ്രണയം പ്രമേയമായ 500 ആല്‍ബം കവിതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബൃന്ദയുടെ 1001 വരികളുള്ള ലിപ് ലോക്ക് എന്ന കവിതാ പുസ്തകം മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.ബൃന്ദയുടെ കവിതകളിലെ ഇമേജറികള്‍ ആസ്പദമാക്കി പ്രമുഖ ചിത്രകാരനായ ജയകൃഷ്ണന് 52 ചിത്രങ്ങളുടെ സീരീസ് തയ്യാറാക്കിയിട്ടുമുണ്ട്.ജന്മനാടായ പുനലൂരിനെക്കുറിച്ചാണ് ബൃന്ദയുടെ പുതിയ പുസ്തകങ്ങളില്‍ ഒന്ന്. നാട് ഏതൊരാളുടെയും ഹൃദയ സ്പന്ദനമാണ്. എത്ര വിദൂരത്തേക്ക് പോയാലും നാട് അയാള്‍ക്കായി കാത്തിരിക്കുന്നു.
പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം മാത്രമല്ല, അവിടുത്തെ ചില നിര്‍മ്മിതികളും സ്വപ്നങ്ങളും ചരിത്രങ്ങളുംകൂടി ഇതില്‍ പങ്കുവയ്ക്കുന്നുണ്ട്. തന്റെ നാടിനെക്കുറി
ച്ചുള്ള ചില രചനകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.രണ്ട് ആത്മകഥകളുടെ ഒറ്റപ്പുസ്തകം ജീവിതത്തിന്റെ തീരാനഷ്ടമായി തന്റെ പിതാവിന്റെ വിയോഗത്തെ ബൃന്ദ കരുതുന്നു. അസാധാരണമായ പിതൃ-പുത്രീ ബന്ധമായിരുന്നു അവര്‍ക്കിടയില്‍. കുറിപ്പുകളും കവിതകളും കൊണ്ട് തോരാതെ ബൃന്ദ അച്ഛനെ വരച്ചിടുകയാണ് ‘എന്റെ പപ്പ’ എന്ന പുസ്തകത്തിലൂടെ. വേര്‍പെട്ടു പോയ പിതാവിന്റെ മുറിയ്ക്ക് പേറ്റുമുറിയിലെന്നപോലെ പാല് മണമാണെന്ന് ബൃന്ദ എഴുതുമ്പോള്‍ ഒരേ സമയം പിതാവിന്റെയും മാതാവിന്റെയും വാത്സല്യം ചൊരിഞ്ഞ സ്നേഹനിധിയായ ഒരു പിതാവിനെ വായനക്കാര്‍ക്കും ഈ അക്ഷരങ്ങളില്‍ കാണാന്‍ കഴിയും. പുനലൂരിലെ പ്രമുഖ അഭിഭാഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും ആദ്ധ്യാത്മിക ചിന്തകനുമൊക്കെയായ തന്റെ പിതാവ് അഡ്വ. എന്‍. സോമരാജനെക്കുറിച്ചുള്ള ഓര്‍മകളുടെ പുസ്തകം ഒരു കണ്ണുനീര്‍ത്തുള്ളിയാണ്. രണ്ട് ആത്മകഥകളുടെ ഒറ്റപ്പുസ്തകം എന്ന് ബൃന്ദ വിശേഷിപ്പിക്കുമ്പോള്‍ ഒരു മകള്‍ക്ക് സ്വപിതാവിന് നല്കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലിയായി ‘എന്റെ പപ്പ’ മാറുന്നു.
അങ്ങനെ ബൃന്ദയുടെ തൂലിക സഞ്ചരിക്കുകയാണ്. പ്രണയത്തിന്റെ സ്വപ്ന സദൃശമായ ഇടങ്ങളിലൂടെ, കഥകളൊളിപ്പിച്ചുവച്ച ഹൃദയത്തിന്റെ ഇടനാഴികളിലൂടെ, ആധ്യാത്മിക പുരുഷമാരുടെ കഥകളുടെ ധ്യാനസ്ഥലികളിലൂടെ, തന്റെ ചുറ്റുപാടുമുള്ള ജീവജാലങ്ങള്ക്കിടയിലൂടെ, എനിക്കും നിനക്കുമിടയിലൂടെ …..
പ്രതികരിക്കാൻ ഇവിടെ എഴുതുക: