കഥ
ആന്‍ മരിയ പറഞ്ഞത്
സജികുമാര്‍ കുഴിമറ്റം
സായന്തനസൂര്യന്റെ സുന്ദരകിരണങ്ങള് തഴുകി മറയുന്ന പ്രശാന്തവേളയിലാണ് അപ്രതീക്ഷിതമായി അവള് എനിക്കരികിലേക്ക് വന്നത്. വിജനമായ പാര്‍ക്കില്‍ പദപതന ശബ്ദംപോലുമില്ലാതെ വിസ്മയം വിടര്‍ത്തിയായിരുന്നു അവളുടെ വരവ്. സിദ്ര വൃക്ഷത്തിന്റെ ശാഖികളില്‍ ചേക്കേറാനെത്തി ചിലച്ചുകൊïിരുന്ന കിളികള്‍ പൊടുന്നനേ നിശ്ശബ്ദമായി. മണലാരണ്യ സന്ധ്യയില്‍ അപ്പോള്‍ ഹൃദ്യമായ ആത്മീയ സുഗന്ധം പരന്നതായി എനിക്കു തോന്നി.
നനുനനുത്ത തണുപ്പുള്ള നവംബറിന്റെ തുടക്കമായതിനാലാവാം പാര്‍ക്കിലെ നടപ്പാതയില്‍ നടപ്പുകാര്‍ ആരുമില്ലായിരുന്നു. ആരോഗ്യകാര്യങ്ങളില്‍ അതീവ കരുതലുള്ളവര്ക്കായി ബലദേയ്ഹി(നഗരസഭ) സ്ഥാപിച്ച ലഘുവ്യായാമയന്ത്രങ്ങള് ആള്സ്പര്ശമില്ലാതെ മോര്ച്ചറിത്തണുപ്പിലെന്നപോലെ മരവിച്ചുകിടക്കുകയായിരുന്നു അപ്പോള്‍.
ആറുവരിപ്പാതയ്ക്ക് അപ്പുറമുള്ള അതിവിശാലവും ആസൂത്രിതവുമായ ആഡംബര റസിഡന്‍ഷ്യല്‍ കോംപൗണ്ടിലെ വില്ലകളൊന്നില് ഏതോ പ്രവാസി കുടുംബത്തില്‍ അരുമയായി ഒരിക്കല്‍ ഓമനിക്കപ്പെട്ടു കഴിയുകയും അവരുടെ സ്വദേശത്തേക്കുള്ള മടക്കത്തില്‍ അനാഥനായി മാറുകയും ചെയ്ത നായ മാത്രമായിരുന്നു അവള് വരും മുമ്പുവരെ എന്റെ ദൃഷ്ടിപഥത്തില്‍ ഉണ്ടായിരുന്നത്.
അരുമയില്‍ നിന്ന് അനാഥത്വത്തിലേക്ക് നിര്‍ദ്ദയം തൊഴിച്ചെറിയപ്പെട്ട നായയെ ഒന്നരമാസമായി ഞാന്‍ പാര്‍ക്കിന്റെ അതിദീര്‍ഘമായ നടപ്പാതയില്‍ എവിടെയെങ്കിലുമൊക്കെയായി നിത്യവും കണ്ടിരുന്നു. മൃഷ്ടാന്ന ഭോജനത്തില്‍ നിന്നും മുഴുപ്പട്ടണിയിലേക്ക് മൊഴിചൊല്ലപ്പെട്ട ആ ശ്വാനജന്മം ആസന്ന മൃതിയുടെ അടയാളങ്ങള്‍ നല്കി ഓരോദിവസവും അസ്ഥികള്‍ തെളിഞ്ഞു വരുന്ന കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.
പാര്‍ക്കിലേക്കുള്ള സാന്ധ്യനടത്തത്തില് അതിനായി എന്തെങ്കിലും ഭക്ഷണം എടുക്കണമെന്ന് എന്നും കരുതുമെങ്കിലും അതൊരു നിയമലംഘനം ആകുമെന്ന തിരിച്ചറിവില്‍ ഒരിക്കല്‍പ്പോലും അതിനൊരുമ്പെട്ടില്ല.
ഇരട്ടനീതിയുള്ള നാട്ടില്‍ നടവഴികളില്‍ പരസ്യമായും പലേടത്തും രഹസ്യമായും നിരീക്ഷണ കാമറകള്‍ കണ്‍തുറന്നിരിക്കുന്ന കാലം. ഒരിക്കല്‍ ഒരു നിയമലംഘനം അതില്‍ പതിഞ്ഞാല്‍ പിന്നെ പുറംലോകം കാണാന്‍ അനന്തവര്ഷങ്ങളുടെ ഇരുള്‍ജീവിതം താണ്ടണമെന്നതിരിച്ചറിവ് ഓരോ പ്രവാസിക്കുമെന്നപോല് എന്നെയും ഭയഗ്രസ്തനാക്കിയിരുന്നു.
അസ്തമനസൂര്യന് മറഞ്ഞ പടിഞ്ഞാറേച്ചരിവിലേക്ക് നോക്കി ചെവികൂര്‍പ്പിച്ച് ഒന്ന് ഓലിയിട്ട് നായ അവശനായി കിടന്നു. നായ ഓലിയിട്ടാല്‍ വൈകാതെ ഒരു മരണവാര്‍ത്ത എത്തുമെന്ന് അമ്മൂമ്മ പറയാറുണ്ടായിരുന്നത് ഞാന്‍ ഓര്‍ത്തു. ചിലപ്പോഴെല്ലാം അത് ശരിയുമായിരുന്നു. എങ്കിലും അമ്മൂമ്മയുടെ മരണത്തില്‍ ഒരു നായയും മുന്‍കൂട്ടി സൂചനതന്നില്ലല്ലോ എന്നത് ഒരു വിസ്മയത്തോടെ അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്.
ഒരു ഉത്തരായന ഉച്ചയ്ക്ക് ഊണും കഴിഞ്ഞുറങ്ങി അമ്മൂമ്മ അങ്ങുപോയി. അനായാസേന മരണം…..
എന്താണിത്ര ഗാഢമായ ആലോചന എന്ന ചോദ്യം വന്നത് അപ്പോഴാണ്. മധുരതരമെങ്കിലും അപരിചിത ശബ്ദമായതിനാല്‍ പെട്ടന്നു ഞാന്‍ മുഖമുയര്‍ത്തി.
മൃദുസ്മേരമുഖിയായ അവളെ മുന്നില്‍ കണ്ടത് അപ്പോഴായിരുന്നു. ഇതേവരെ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ ഈ അതിസുന്ദരിയെ എന്നു ഞാന്‍ അത്ഭുതപ്പെട്ടു.
എന്റെ കണ്ണുകളിലെ അപരിചിതത്വവും ചോദ്യഭാവവും വായിച്ചെടുത്തെന്നവണ്ണം അവള് പറഞ്ഞു. സാറിന് എന്നെ അറിയില്ലെങ്കിലും എനിക്ക് സാറിനെ അറിയാം.
എങ്ങനെ എന്ന് ചോദിക്കുംമുമ്പ് മറുപടിപോലെ അവള് പറഞ്ഞു, സാര്‍ എന്നും ഈ സമയത്ത് ഇവിടെ നടക്കാനു
ണ്ടാവുമല്ലോ. ഒരു ദിവസംപോലും മുടങ്ങാതെ കൃത്യമായി ഈ സമയത്ത് നടക്കാനിറങ്ങുന്ന സാറിന് പ്രത്യേകിച്ചു പണിയൊന്നും കാണില്ലെന്നാണ് ആദ്യം കരുതിയത്. ഇവിടുത്തെ സര്‍ക്കാരില്‍ മികച്ച ശമ്പളം വാങ്ങുന്ന മലയാളി വനിതകളില്‍ പലരുടെയും ഭര്ത്താക്കന്മാരെപ്പോലെ, ഓഫീസില്‍ നിന്നെത്തുന്ന ഭാര്യയ്ക്ക് ഒരു ചായപോലും ഇട്ടുകൊടുക്കാതെ, വെറുതെ തിന്നും കുടിച്ചും കൃത്യസമയത്തു നടക്കാനിറങ്ങുന്നവരില്‍ ഒരാള്‍ എന്ന് ആദ്യം കരുതി.
സാറൊരു മാധ്യമപ്രവര്‍ത്തകനാണെന്നു പിന്നെയാണ് മനസ്സിലായത്. അതാണിപ്പോള്‍ ഞാന്‍ കാണാന്‍ വന്നത്.
എനിക്ക് ചിലതെല്ലാം പറയാനുണ്ട്.
പറയാന്‍ നോക്കിയപ്പോഴൊന്നും സാര്‍ തനിച്ചായിരുന്നില്ല. ഒന്നുകില്‍ പരിചയക്കാര്, അല്ലെങ്കില്‍ മകന്, അതുമല്ലെങ്കില്‍ നിങ്ങള്‍ മൂവരും. എനിക്കു പറയേണ്ടത് അപ്പോള്‍ ഞാന്‍ എങ്ങനെ പറയാന്‍.
സാറിനെ ഞാന്‍ ആദ്യം കണ്ടതെന്നാണെന്നോ, ഈ വര്‍ഷം അല്‍ സുഹൈല്‍ നക്ഷത്രം ഉദിച്ച അന്ന്.
ഓ, ഓഗസ്റ്റ് 24. എന്റെ പെട്ടന്നുള്ള മറുപടിയില്‍ അവളുടെ കണ്ണുകളിലെ നക്ഷത്രദീപ്തി ഇരട്ടിച്ചപോലെ.
സാര്‍ ഇതെങ്ങനെ ഇത്ര കൃത്യമായി ഓര്‍ത്തിരിക്കുന്നു?
സുഹൈല്‍ നക്ഷത്രമുദിക്കുന്ന തീയതി കലണ്ടര്‍ ഹൗസ് കൃത്യമായി മെയില്‍ ചെയ്യും. ജ്യോതിശാസ്ത്രത്തില്‍ കമ്പമുള്ളതിനാല്‍ അതു വാര്‍ത്തയാക്കുകയും ഓര്‍ത്തുവെക്കുകയും ചെയ്യുന്നു, അത്രമാത്രം.
എന്റെ മറുപടി ശ്രദ്ധിക്കാതെ അവള് തുടര്‍ന്നു: നോക്കൂ സാര്‍, ഇന്ന് നവംബര്‍ 24. അറിയാതെ ഞാന്‍ സാറിനെ പി
ന്തുടരാന്‍ തുടങ്ങിയിട്ട് കൃത്യം മൂന്നു മാസം. ഇതിലൊക്കെ ആകസ്മികതയ്ക്കപ്പുറം എന്തോ ചില നിമിത്തങ്ങള്‍ ഉണ്ടല്ലേ? അവള് ചോദിച്ചു.
എനിക്കു കമ്പം ജ്യോതിശാസ്ത്രത്തിലേയുള്ളൂ, ജ്യോതിഷത്തില്‍ ഇല്ല. ഉദാസീനമായിരുന്നു എന്റെ മറുപടി.
നവംബറിലെ കോടമഞ്ഞിറങ്ങി വൈദ്യുതവിളക്കുകളുടെ പ്രഭ കുറയുന്നതിനാല്‍ അവിടെനിന്ന് എത്രയും പെട്ടന്നു പോകുവാനാണ് ഞാന്‍ അപ്പോള്‍ ആഗ്രഹിച്ചത്. കഷ്ടകാലത്തിന് ഏതെങ്കിലും പരിചയക്കാരനോ, മുന്നിലെ ആറുവരിപ്പാതയിലൂടെ അല്‍ ഫാസ(ട്രാഫിക് പോലീസ്)യോ വന്നാല്‍ പൊല്ലാപ്പാകാന്‍ വേറൊന്നും വേണ്ട. അവര്‍ ഒന്നും ചോദിക്കുകയുണ്ടാവില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്റേണല്‍ സെക്യൂരിറ്റിയുടെ ചുവന്ന ലാന്‍ഡ്റോവറുകള്‍ ഒന്നൊന്നായി പാഞ്ഞെത്തും.
എന്നേക്കാള്‍ അതില്‍ ബോധവതിയാകേണ്ടത് ഇവളാണ്. എന്നാല്‍ അവള്‍ക്കാവട്ടെ അത്തരം ഭയമേതുമുണ്ടെന്നു തോന്നിയില്ല.
എന്റെ മിഴികളില്‍ അസ്വസ്ഥതയുടെയും അക്ഷമയുടേയും പൂക്കള്‍ പൊട്ടിവിടരുന്നതു കണ്ടിട്ടും കാണാത്ത ഭാവത്തില്‍, എന്റെ കഥ സാര്‍ കേട്ടേ തീരൂ എന്ന നിര്‍ബന്ധ നിബന്ധനയോടെ അവള് തുടര്‍ന്നു:
ഞാന്‍ ആന്‍ മരിയ. ജനിച്ചത് കാഞ്ഞിരപ്പള്ളിയിലെ കത്തോലിക്കാ കുടുംബത്തില്‍. പ്ലാന്ററായ പപ്പയുടേയും റവന്യൂ വിഭാഗത്തില്‍ ഉന്നതോദ്യോഗസ്ഥയായ മമ്മിയുടേയും ഒറ്റമകള്‍.
പള്ളിയും പട്ടക്കാരും സണ്‍ഡേ സ്കൂളുമായി കഴിഞ്ഞ കുട്ടിക്കാലം.
പള്ളിയിലെ കൊയര്‍ ഗ്രൂപ്പില്‍ പാടുമ്പോഴും സോളമന്റെ സങ്കീര്‍ത്തനങ്ങള്‍ വായിക്കുമ്പോഴും കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ മോഹിച്ച കൗമാരം. പഠനത്തിലെ മികവും മമ്മിയുടെ നിര്‍ബന്ധവും ചേര്‍ന്നപ്പോള്‍ മനസ്സില്ലാ മനസ്സോടെ മെഡിക്കല്‍ പഠനം.
ഏതു കാട്ടിലും കൂട്ടുപോവാന്‍ കൂടെയയെത്തുന്ന കൂട്ടുകാര്‍.
അവര്‍ക്കൊപ്പം സ്മ്യൂളില് പാടിയിട്ട ഭക്തിഗാനങ്ങള്‍. അവയ്ക്കു കിട്ടിയ പരശ്ശതം ലൈക്കുകള്‍, മോഹിപ്പിക്കുന്ന കമന്റുകള്‍.
പള്ളിപ്പാട്ടുകള്‍ പ്രണയഗാനങ്ങളിലേക്കും പിന്നീട് ചടുലതാളങ്ങളുടെ റീലുകളിലേക്ക് ചുവടുമാറ്റിക്കാനും അവനും സംഘവും ഒപ്പമുണ്ടായിരുന്നു.
മെഡിക്കല്‍ കോളേജിന്റെ ഇടനാഴികളില്‍ ഞാനും അവനും
മാത്രമായി ചിത്രീകരിച്ച ഡാന്‍സ് റീല്‍ കണക്കുകൂട്ടലുകള്‍ക്കപ്പുറം വൈറലായ നാളുകള്‍. ആദ്യമായി ഇന്റേണല്‍ പരീക്ഷ തോറ്റപ്പോഴും സങ്കടത്തിനപ്പുറം ഞാനൊരു താരമെന്ന താരുണ്യസ്വപ്നത്തില്‍ സ്വയം സന്തോഷിച്ച നാളുകള്‍.
നീലനിലാരാത്രികളില് ഹോസ്റ്റല്‍ മുറിയില്‍ നിന്നിറങ്ങി അവന്റെ 450 സിസി ബൈക്കിനു പിന്നില്‍ പറന്നിറങ്ങിയത് നഗരത്തിലെ മുന്തിയ നക്ഷത്ര ഹോട്ടല്‍ മുറികളില്‍. കൊടുംലഹരിയുടെ കടുംയാമങ്ങളില് നടക്കരുതാത്തതൊക്കെയും നടന്നു. പകര്ത്തരുതാത്തതൊക്കെയും പകര്‍ത്തപ്പെട്ടു.
പുലിക്കെണിയില് കുടുങ്ങിയ കുഞ്ഞാടിനെ രക്ഷിക്കാന്‍ പ്ലാന്ററായ പപ്പ അപ്പോഴേക്കും കോടതികള്‍ കയറിയിറങ്ങിത്തുടങ്ങി. സഹപ്രവര്‍ത്തകരുടെ ഇരുത്തിയ നോട്ടവും അടക്കം പറച്ചിലും നേരിടാനാവാതെ മമ്മി വിആര്‍എസ് എടുത്തു വീട്ടില്‍ത്തന്നെ ഇരിപ്പായി. വിവരമറിയാന്‍ വന്ന ബന്ധുക്കളൊക്കെ മോളിക്കുട്ടിക്ക് ഒറ്റമോളായാത് നന്നായല്ലേ കര്‍ത്താവേ. അല്ലേല്‍ ഒന്നൂടെ പെഴയ്ക്കുന്നതിന്റെ സങ്കടോം അവള് കാണേണ്ടി വരില്ലാരുന്നോ എന്നു കത്തിയില്ലാതെ നെഞ്ചില്‍ കുത്തിയ പകലിരവുകള്‍.
മിഴിമൂടിയ നീതിദേവത പക്ഷേ കനിഞ്ഞില്ല. കീഴ്ക്കോടതി മുതല്‍ പരമോന്നത കോടതിയില്‍ വരെ പപ്പ തോറ്റു. അവനെ ഇറുക്കെമുറക്കെപ്പുണര്ന്ന് ഞാനപ്പോഴെല്ലാം ഉന്മത്തയായി ചിരിച്ചുല്ലസിച്ചു. ഉയര്‍ന്ന ശിരസ്സോടെ മാത്രം നടന്നു കണ്ടിട്ടുള്ള പ്ലാന്റര്‍ പപ്പ ഒടിഞ്ഞ കഴുത്തുമായി പരമോന്നത കോടതിയുടെ പടിയിറങ്ങിയ ദിവസം രാസലഹരിയുടെ അത്യുന്മാദത്തില് അവനും ഞാനും പൊട്ടിപ്പൊട്ടിച്ചിരിച്ചു. പിന്നെയും പിന്നെയും ചിരിച്ചു. ഭോഗാവേശങ്ങളില് അവന്റെ ചിരിയും കരുത്തും അതിവന്യമായി. ഒടുവില്‍ ഞാന്‍ കരഞ്ഞു. കരഞ്ഞുകരഞ്ഞ് മതികെട്ട് മരിച്ചപോലുറങ്ങി. അല്ല മരിച്ചുതന്നെ ഉറങ്ങി.
അജപാലികയാവാന് മോഹിച്ചവള്‍ അകലെയെങ്ങോ ആടുമേയ്ക്കാന്‍ പോയതോടെ ഒരിക്കല്‍ പൊട്ടിച്ചിരിയും സന്തോഷവും പൂത്തിരികത്തി പ്രഭചൊരിഞ്ഞ ഭവനം പ്രേതാലയംപോലെ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയില്‍ നിറഞ്ഞു. തോറ്റുപോയ യുദ്ധത്തില്‍ ആസകലം മുറിവേറ്റ പടനായകനെപ്പോലെ പരാലിസിസ് വന്ന പപ്പ മരണം കാത്തുകിടന്നപ്പോള്‍ രൂപക്കൂടിനു മുന്നില്‍ മെഴുകുതിരിപോലെ മമ്മിയുടെ പ്രാണന് ഉരുകി. മമ്മിയുടെ മുട്ടിപ്പായ പ്രാര്‍ത്ഥനകളോ വനരോദനംപോലെ നിഷ്ഫലവുമായി.
മകളുടെ വിളിയില്‍ ചിരിമണിയുതിര്ത്തിരുന്ന, ആനക്കൊമ്പില്‍ കടഞ്ഞതുപോലുള്ള ആകര്‍ഷക ടെലിഫോണ്‍ റിസീവര്‍ മഹാമൗനത്തില്‍ മരവിച്ചുറഞ്ഞു.
കറുപ്പിന്റെ മയക്കം വിട്ടകന്ന വേളയില്‍ ആകെ മൂടുന്ന കറുപ്പു തകര്‍ത്തുകളഞ്ഞത് തന്റെ മാത്രം സ്വപ്നങ്ങളെയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും മാസങ്ങള്‍ പലതു പോയിരുന്നു. അപ്പോഴേക്കും എനിക്ക് പുതിയ നാഥന് വന്നിരുന്നു.
അവള് വേദനയോടെ പറഞ്ഞു.
അവനോ?
ഞാന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയപ്പോള്‍ അവള് തുടര്‍ന്നു, അവന് പോയി; പുതിയ കുഞ്ഞാടിനു പുലിക്കെണിയൊരുക്കാന്.
ആയിരത്തൊന്നു രാവുകളിലെ ഷെഹ്റാസാദിനെപ്പോലെ പ്രാണന് രക്ഷിക്കാന്‍ അവള് കഥ തുടരുമ്പോള്‍ ഞങ്ങളെ പൊതിയുന്ന കോടമഞ്ഞിനും ഇരുട്ടിനും കനം കൂടിക്കൂടി വന്നു.
ഈന്തപ്പഴക്കരുത്തില് കീഴടക്കാന്‍ വന്ന പുതിയ നാഥനോ
ട് അവള് കുതറി. മുറി മാറിമാറി ശയിക്കാന്‍ താന്‍ പണ്ടു പേര്‍ഷ്യന്‍ ചന്തയില്‍ വിറ്റ അടിമയല്ലെന്ന് ചീറി. അവസാനത്തിന്റെ ആരംഭമായിരുന്നു അത്. ആ വേദനയില്‍ അവളുടെ കണ്ണുകള്‍ സജലങ്ങളായി. നിദ്രാവിഹീനവും നിത്യശപ്
തവുമായ ആ രാവില്‍ ആ മുറിയില്‍ മാറിമാറി വന്നുപോയവര്‍ എത്രയെന്നുപോലും അറിഞ്ഞില്ല. എല്ലാവര്ക്കും ഒരേ മുഖമായിരുന്നു. ഒരേ വികാരവും. ഇര കണ്ട ചെന്നായുടെ കടിച്ചുകീറാനുള്ള മൃഗകാമന.
നിര്‍ഭയായി ഒടുവില്‍ മിഴി തുറക്കുമ്പോള്‍ അവസാന ഊഴക്കാരനായി അവനായിരുന്നു.
അതു പറയുമ്പോള്‍ അവളുടെ അതിരുചിര മുഖം കരിക്കട്ടപോല് കറുത്തിരുന്നു. അധരം വിറകൊണ്ടു. അനേകദന്തക്ഷതങ്ങള് വീണ മാറിടം സ്തോഭത്താല്‍ ഉയര്‍ന്നു താണു. നക്ഷത്രദ്യുതി ചിതറിയ നയനങ്ങള്‍ രണ്ടു തമോഗര്ത്തമെന്നപോല് പ്രഭാശൂന്യമായി.
മൃതപ്രായമേനിയില് പിടയുന്ന അല്പ്പപ്രാണന് അന്ത്യോദകമായി അവന് ഒഴിച്ച അമ്ലജലത്തിന്റെ രൂക്ഷ ഗന്ധം അപ്പോള്‍ എന്റെ നാസാരന്ധ്രങ്ങളെ ആകെച്ചൂഴ്ന്നു. അവളുടെ പാദങ്ങള്‍ക്കു ചുറ്റും തുടയില്‍ നിന്നൊഴുകിയിറങ്ങിയ ചോര തളംകെട്ടി പാര്‍ക്കില്‍ കറുത്ത വൃത്തം തീര്‍ക്കുന്നതായി എനിക്കു തോന്നി.
പൊയ്യെന്നോ പൊരുളെന്നോ തിരിച്ചറിയാനാവാത്ത ഭ്രമദൃശ്യത്തില് മനംനൊന്ത് ഞാന്‍ മിഴിയടച്ചു.
യുഗദൈര്ഘ്യമെന്നപോല് നീണ്ട മൗനത്തിനിപ്പുറം ഇരുട്ടില്‍ നിന്ന് അവളുടെ ശബ്ദം ഞാന്‍ വീണ്ടും കേട്ടു. അനീതിക്കെതിരേ പൊരുതേണ്ട മാധ്യമപ്രവര്ത്തകന് സത്യത്തിനു നേരേ കണ്ണടയ്ക്കുന്ന ഭീരുവായിക്കൂടാ സാര്‍.
ഉറക്കം ഞെട്ടിയാലെന്നവണ്ണം അവളുടെ മുഖത്തേക്ക് വീണ്ടും മിഴി പായിക്കവേ കരയുന്ന ശബ്ദത്തില്‍ അവള് പറഞ്ഞു:
എനിക്ക് പപ്പയേയും മമ്മിയേയും ഒരിക്കല്‍ കൂടി കാണണം. സാര്‍ നാളെ പോകുമ്പോള്‍ എന്നെ അവരുടെ അടുത്തെത്തിക്കില്ലേ?
നിനക്ക് ടിക്കറ്റ് വേണ്ടേ? ടിക്കറ്റ് ഞാന്‍ എങ്ങനെയും സംഘടിപ്പിക്കാമെന്നു വച്ചാലും നിന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും നിന്റെ കൈയിലുണ്ടോ?
അതൊക്കെ നിന്റെ പക്കലുണ്ടോ എന്ന ചോദ്യത്തിന് അവളുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു
സാറിന്റെ മൊബൈലില്‍ ആരും കാണാതെ ഞാന്‍ ഒളിച്ചിരുന്നുകൊള്ളാം. എയര്‍പോര്‍ട്ടിലെ എത്ര ശക്തമായ സ്കാനറിനേയും സുരക്ഷാ പരിശോധകന്റെ മെറ്റല്‍ ഡിറ്റക്ടറിനേയും ഇപ്പോള്‍ അനായാസം കണ്ണുകെട്ടിക്കാന് എനിക്കാവും സാര്‍.
പാര്‍ക്കിലെ വൈദ്യുതവിളക്കുകള്‍ പൊടുന്നനേ ഒന്നു മിന്നി കണ്ണടച്ചു. നൊടിനേരത്തിനു മഹാകാലത്തിന്റെ ദൈര്‍ഘ്യം തോന്നിച്ച നിമിഷങ്ങള്‍ക്കപ്പുറം വൈദ്യുതി വിളക്കുകള്‍ വീണ്ടും മിഴി തുറന്നപ്പോള്‍ അവള് നിന്നിടം നിശ്ശൂന്യമായിരുന്നു.
ഉറക്കം ഞെട്ടിയുണര്ന്നിട്ടെന്ന പോലെ അപ്പുറത്തു നിന്നു നായ അവസാനമായി ഒന്നു മോങ്ങി നിശ്ശബ്ദനായി.
പാര്‍ക്കിനു പിന്നിലെ വന്മതിലിനുള്ളില് പതിനായിരങ്ങള്‍ പുനരുത്ഥാനം കാത്തുറങ്ങുന്ന ശ്മശാനമാണല്ലോ എന്നും നേരം പാതിരാവായെന്നും ഒരു ഞെട്ടലോടെ ഞാന്‍ അപ്പോഴാണ് ഓര്‍ത്തത്.
നാട്ടില്‍ വന്ന് ഒരു മാസത്തെ ലീവ് തീര്‍ന്ന് തിരിച്ചുപോകേണ്ടതിന്റെ തലേദിവസമാണ് മൊബൈലില്‍ ആ വാര്‍ത്ത വന്നത്.
കോടതിയിലേക്കുള്ള യാത്രയില്‍ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പോലീസിന്റെ ആത്മരക്ഷാര്‍ത്ഥമുള്ള വെടിയേറ്റു മരിച്ചു എന്നതായിരുന്നു വാര്‍ത്ത.
പുറത്ത് ലോകം തിരുപ്പിറവി ആഘോഷത്തിന്റെ തിരക്കുകളിലായിരുന്നു അപ്പോള്‍. അടുത്ത വീട്ടില്‍ പൊട്ടിയ അമിട്ടിന്റെ ഞടുക്കത്തില്‍ എന്റെ മൊബൈലില്‍ നിന്നും ഞാനറിയാതെ പോയ കോളില്‍ ആന്‍ മരിയയുടെ വീട്ടില്‍ ടെലിഫോണില്‍ മണിമുഴങ്ങിത്തുടങ്ങിയിരുന്നു അപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: