ഗാസ : ഹിസ്ബുല്ലയുടെ നട്ടെല്ല് തകർത്ത് ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം . ബെയ്‌റൂട്ടിൽ ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുന്നുണ്ട്. ഈ ആക്രമണങ്ങളിൽ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ഖുബൈസിയുടെ കൊലപാതകം ഹിസ്ബുല്ലയ്‌ക്ക് വലിയ നഷ്ടമാണെന്നാണ് വിലയിരുത്തൽ . 2006ന് ശേഷം ആദ്യമായാണ് ലെബനനിൽ ഇത്രയും വലിയ നാശം സംഭവിക്കുന്നതെന്ന് ലെബനൻ സർക്കാർ പറഞ്ഞു.
വിനാശകരമായ സ്ഫോടനത്തിനൊപ്പം, ലെബനനിൽ ആരംഭിച്ച സൈനിക നടപടിയെ ‘നോർത്തേൺ ആരോസ്’ എന്നാണ് ഇസ്രായേൽ നാമകരണം ചെയ്തത്. ഇസ്രായേലിന്റെ അഭിപ്രായത്തിൽ, വടക്കൻ ഇസ്രായേലിനെ സംരക്ഷിക്കുക എന്നതാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യം. വടക്കൻ ഇസ്രായേലിലെ നഗരങ്ങൾ ഹിസ്ബുല്ലയിൽ നിന്നും മോചിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ഇസ്രായേൽ പറയുന്നു.
വടക്കൻ ഇസ്രായേലിന്റെ അതിർത്തിയുടെ മറുവശത്ത് ഹിസ്ബുല്ലയ്‌ക്ക് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളുണ്ട്. ഈ ലോഞ്ച് പാഡുകളിൽ നിന്നാണ് അവർ റോക്കറ്റ് വിക്ഷേപിക്കുന്നത്. ഓപ്പറേഷൻ നോർത്തേൺ ആരോസിന്റെ കീഴിൽ ഹിസ്ബുല്ലയും അതിന്റെ സൈനിക ശക്തിയും നശിപ്പിക്കപ്പെടാനുള്ള കാരണവുമിതാണ് .
ഹിസ്ബുല്ലയുടെ കമാൻഡ് പോസ്റ്റുകൾ, ഒളിത്താവളങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ, റോക്കറ്റ് ഫാക്ടറികൾ എന്നിവ ഐഡിഎഫ് ആക്രമണത്തിൽ തകർന്നു. സതേൺ കമാൻഡ് ചീഫ് അലി കരാക്കിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് . ഹിസ്ബുല്ലയുടെ ഉന്നതനേതൃത്വത്തിൽ ഇനി നസ്‌റല്ല മാത്രമാണ് അവശേഷിക്കുന്നതെന്നും മറ്റുള്ളവരെല്ലാം കൊല്ലപ്പെട്ടെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് അറിയിച്ചു.
ബെയ്റൂട്ട് ഉൾപ്പെടെ ലെബനനിലുടനീളം 1,600-ലധികം വ്യോമാക്രമണങ്ങൾ ഇസ്രായേൽ നടത്തിയതായി യോവ് ഗാലൻ്റ് പറഞ്ഞു. വ്യോമാക്രമണത്തിൽ 1100 ലധികം ലക്ഷ്യങ്ങൾ തകർന്നു. ഹിസ്ബുള്ളയുടെ 800-ലധികം മിസൈൽ, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: