കൊച്ചി: ഹൈക്കോടതി മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം കൊടുത്തപ്പോള്‍ നടന് സിദ്ദിഖിന് മാത്രം ഹൈക്കോടതി ജാമ്യം നല്‍കിയില്ല. മാത്രമല്ല, പരാതിപ്പെട്ട പെണ്‍കുട്ടിയ്ക്ക് നേരെയുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരാതിക്കാരനായ സിദ്ദിഖിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ജഡ്ജി നിരീക്ഷിക്കുന്നു.
മുന്‍കൂര്‍ ജാമ്യം കിട്ടുന്നതിന് മൂന്ന് വഴികളാണുള്ളത്. ഒന്ന് ജില്ലാ കോടതിയില്‍ പോകാം, അതല്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകാം. ഇനി ജില്ലാ കോടതി കേസ് തള്ളിയാലും ഹൈക്കോടതിയില്‍ പോകാം. ഇതാണ് ആ മൂന്ന് വഴികള്‍. ഇതില്‍ ഇടവേള ബാബുവും മുകേഷും ജില്ലാകോടതിയെ ആദ്യം സമീപിക്കുകയായിരുന്നു. പക്ഷെ സിദ്ദിഖ് ജില്ലാ കോടതിയില്‍ പോകാതെ നേരെ ഹൈക്കോടതിയില്‍ പോവുകയായിരുന്നു മുന്‍കൂര്‍ജാമ്യം ഹൈക്കോടതി നിരസിച്ചതോടെ ഇനി സിദ്ദിഖ് സുപ്രീംകോടതിയില്‍ പോകാം.
മുകേഷ് തനിക്കെതിരായ പീഢനക്കേസില്‍ കുറെക്കൂടി പ്രായോഗികമായാണ് സമീപിച്ചത്. പരാതിക്കാരിയായ പെണ്‍കുട്ടിയുമായി, തനിക്ക് ബന്ധമുണ്ടായിരുന്നു, എന്നാല്‍ ഈ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ല എന്നാണ് മുകേഷ് വാദിച്ചത്. മുകേഷിന്റെ കേസില്‍ പരാതിക്കാരി കുറ്റകൃത്യം ചെയ്ത ദിവസത്തിന് ശേഷം മുകേഷില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവും മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് ഘടകമായി. ഇത് കോടതിയ്ക്ക് ബോധ്യമായതോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ സിദ്ദീഖാകട്ടെ ഞാനിങ്ങനെ യാതൊരു തെറ്റും ചെയ്തിട്ടേയില്ല എന്ന രീതിയിലാണ് കോടതിയില്‍ വാദിച്ചത്. സിദ്ദിഖ് തന്നെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എനിക്ക് ഈ പെണ്‍കുട്ടിയെ അറിയാം. നിള തിയറ്ററില്‍ പെണ്‍കുട്ടിയെ ക്ഷണിച്ചിരുന്നു. അവരുടെ അച്ഛനും അമ്മയും വന്നിരുന്നു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലൊന്നും താന്‍ താമസിച്ചതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ആരോപണം നടത്തുകയായിരുന്നു എന്നെല്ലാമാണ് സിദ്ദീഖ് വാദിച്ചത്. വി.രാമന്‍പിള്ളയാണ് സിദ്ദിഖിന് വേണ്ടി ഹാരജായത്.
ഫെയ്സ് ബ8ുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി സിദ്ദിഖ് ബന്ധപ്പെട്ടതെന്നും സിനിമയില്‍ ചാന്‍സുകൊടുക്കാമെന്ന് പറഞ്ഞ് കൂടെക്കൂടെ പെണ്‍കുട്ടിക്ക് മെസ്സേജ് അയക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന് വാദിച്ചു. സിദ്ദിഖിന്റെ മകന് ഒരു സിനിമയെടുക്കുന്നുണ്ടെന്നും അതില്‍ റോള്‍ നല്‍കാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു.
ഹൈക്കോടതി ജഡ്ജി ഡയസാണ് വാദം കേട്ട ശേഷം സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. പെണ്‍കുട്ടി 2017ല്‍ ഒരു ഫെയ്സ് ബുക്ക് കുറിപ്പില്‍ സിദ്ദിഖില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ തുറന്നെഴുതിയിരുന്നു. അന്ന് സിദ്ദിഖ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് വന്ന ശേഷമാണ്,എല്ലാ സ്ത്രീകളും പീഢനകഥകള്‍ തുറന്നുപറയുന്ന കൂട്ടത്തിലാണ് ഈ പെണ്‍കുട്ടിയും തന്റെ ദുരനുഭവം തുറന്നുപറഞ്ഞതെന്നും അഭിഭാഷകന് വാദിച്ചു.
എന്നാല്‍ ഈ പെണ്‍കുട്ടി 14 പേര്‍ക്കെതിരെ പീഢനാരോപണം ഉന്നയിച്ചെന്നും അതില്‍ ഒരാളായി തന്നേയും വലിച്ചിഴച്ചിരിക്കുകയാണെന്നും 2016ല്‍ നടന്ന ഒരു സംഭവത്തില്‍ 2024ലാണ് കേസ് കൊടുക്കുന്നതെന്നത് കേട്ട് കേള്‍വിയില്ലാത്തതാണെന്നും സിദ്ദിഖിന്റെ അഭിഭാഷകന് വാദിച്ചു. അതുകൊണ്ട് ഐപിസി 375 എന്ന വകുപ്പ് പ്രകാരമുള്ള ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു സിദ്ദിഖിന്റെ അഭിഭാഷകന് വാദിച്ചത്.
ഈ പെണ്‍കുട്ടി അവിടെ പോയതിന് തെളിവുകളുണ്ടെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന് വാദിച്ചിരുന്നു.അതിനായി ചില തെളിവുകളും അവര്‍ സമര്‍പ്പിച്ചിരുന്നു.
വാദങ്ങള്‍ കേട്ടശേഷമാണ് ജസ്റ്റിഡ് ഡയസ് നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. താഴെപ്പറയുന്ന കാര്യങ്ങള്‍ (സിദ്ദിഖ് ചെയ്തതായുള്ള കുറ്റങ്ങള്‍ ഇവിടെ വിശദമായി പ്രതിപാദിക്കുന്നുണ്ട്) ഒരാള്‍ പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ചെയ്താല്‍ അത് ഐപിസി 375 വകുപ്പില്‍ പെടുമെന്നും. പ്രഥമദൃഷ്ട്യാ ഒരു ഐപിസി 375 പ്രകാരമുള്ള കുറ്റം നടന്നിട്ടുള്ളതിനാലും ഇദ്ദേഹം പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും തോന്നിയതിനാലാണ് ജഡ്ജി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഇതിനിടെ സിദ്ദിഖ് സ്വന്തം ഫെയ്സ് ബുക്ക് പേജ് ഡിലീറ്റ് ചെയ്തതും കോടതി കാര്യമായെടുത്തു. ഒരു ക്രിമിനല്‍ കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അത് ഡിലീറ്റ് ചെയ്തത് സിദ്ദിഖിനെതിരെ സംശയാസ്പദമായ കാര്യമായി കോടതി കണ്ടു.
കേസ് നല്കാന് പെണ്‍കുട്ടി കാലതാമസം വരുത്തി എന്നത് കൊണ്ട് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നില്ലെന്നും ജഡ്ജി പറയുന്നു. മൊത്തത്തില്‍ പരിശോധിച്ചപ്പോള്‍ കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം എന്നിവയും ഇതിനോടൊപ്പം ഹാജരാക്കിയ തെളിവുകളും നോക്കുമ്പോള്‍ പരാതിക്കാരന് കുറ്റകൃത്യത്തില്‍ ഇടപെട്ടതായി തോന്നുന്നതിനാലുമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.പരാതിക്കാരിയായ പെണ്‍കുട്ടിയും നടന് സിദ്ദിഖും ഒരേ സമയം ഒരേ ദിവസം മാസ്കറ്റ് ഹോട്ടലില്‍ തങ്ങിയതിന് തെളിവ് അന്വേഷണസംഘത്തിന് ലഭിച്ചതും സിദ്ദിഖിന് എതിരായി. പെണ്‍കുട്ടിയ്ക്ക് നേരെയുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പരാതിക്കാരനായ സിദ്ദിഖിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ജഡ്ജി നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: