ജയ്‌പൂർ: രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന ട്രെയിൻ അട്ടിമറി സാധ്യതകളെക്കുറിച്ച് റെയിൽവേ മന്ത്രാലയം ഏറെ ജാഗ്രതയിലാണെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവെമന്ത്രി അശ്വിനി വൈഷ്ണവ്. ജയ്‌പൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ഭരണകൂടവുമായും പോലീസുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതെന്നും ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായും ഡിജിപിമാരുമായും ആഭ്യന്തര സെക്രട്ടറിമാരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസിയായ എൻഐഎയെ ഇക്കാര്യങ്ങൾ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ ഡിവിഷനുകളിലെയും സോണുകളിലെയും മുഴുവൻ റെയിൽവേ ഭരണകൂടവും രാജ്യത്തുടനീളമുള്ള റെയിൽവേ സംരക്ഷണ സേനയുമായും പ്രാദേശിക സംസ്ഥാന പോലീസുമായും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സവായ് മധോപൂരിലെ ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി കവച് ഘടിപ്പിച്ച ട്രെയിൻ പരിശോധിക്കാനാണ് വൈഷ്ണവ് ചൊവ്വാഴ്ച ഇവിടെയെത്തിയത്. കൂടാതെ ജയ്‌പൂരിലെ ഗാന്ധി നഗർ റെയിൽവേ സ്റ്റേഷനിൽ നിർമിച്ച റൂഫ് പ്ലാസയും അദ്ദേഹം പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: