കൊടുങ്ങല്ലൂര്‍: ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ് ‘ വീണ്ടും അരങ്ങിലേയ്‌ക്കെത്തുന്നു. കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം ശിവപാര്‍വതി ക്ഷേത്ര മൈതാനിയില്‍ ഒക്ടോബര്‍ 13 നാണ് ഉദ്ഘാടന പ്രദര്‍ശനം.
സിനിമയെ വെല്ലുന്ന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ നാടകത്തിന്റെ വരവ്. ഡോ. സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദര്‍ശനമാണ് . സമകാലിക പ്രേക്ഷക മനസ്സുകളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന അവതരണ ശൈലിയിലാണ് ‘രക്തരക്ഷസ് ചാപ്റ്റര്‍ വണ്‍’ എന്ന പേരില്‍ പഴയ നാടകം പുനര്‍ജ്ജനിക്കുന്നത് .ഡോള്‍ബി അറ്റ്‌മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഏരീസ് കലാനിലയത്തിന്റെ പ്രദര്‍ശനം
വേദിയുടെ അണിയറ ഒരുക്കങ്ങളുടെ അവസാനഘട്ട പണികള്‍ പുരോഗമിക്കുകയാണ്. നിരവധി തെന്നിന്ത്യന്‍ താരങ്ങളും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.
പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. സോഹന്‍ റോയി ‘ജന്മഭൂമി’യോട് പറഞ്ഞു.
”കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ ഏറ്റെടുക്കാനായതില്‍ അഭിമാനമുണ്ട്. രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍, ഗുരുവായൂരപ്പന്‍, അലാവുദീനും അത്ഭുതവിളക്കും , നാരദന്‍ കേരളത്തില്‍, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരില്‍ വിസ്മയം സൃഷ്ടിച്ച നാടകവേദിയാണ് കലാനിലയം. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള അവതരണത്തിലെ വ്യത്യസ്തത കൊണ്ട് തന്നെയാണ് കലാനിലയം ശ്രദ്ധ നേടിയത്. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തില്‍ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ് നാടകസംഘം ശ്രദ്ധേയമായത്. ജനമനസ്സുകള്‍ കീഴടക്കിയ കലാനിലയം ഇനി പുത്തന്‍ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് ഉദ്ദേശ്യം.
പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തും. സ്‌കൂള്‍തലം മുതല്‍ തന്നെ കുട്ടികളില്‍ നാടകത്തെക്കുറിച്ചുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഉണ്ട്. ഓരോ വിദ്യാലയങ്ങളിലും ഇതിനായി പ്രത്യേക ഡ്രാമ ക്ലബ്ബുകള്‍ രൂപീകരിക്കും . ഇതുവഴി കുട്ടികളുടെ അഭിരുചി വളര്‍ത്താന്‍ ആകും എന്നാണ് പ്രതീക്ഷ. നാടകവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും അഭിനയത്തിനും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സര്‍വകലാശാലയായി ‘ ഏരീസ് കലാനിലയം’ മാറും. നാടകവേദിയില്‍ നിന്ന് സിനിമയില്‍ എത്തിയവര്‍ക്കും മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള നടന്മാര്‍ക്ക് ഉള്‍പ്പടെ സൗകര്യമുളളപ്പോള്‍ വന്ന് അഭിനയിക്കാന്‍ തക്ക കഥാപാത്രങ്ങളെക്കൂടി ചേര്‍ത്ത് നാടകത്തിന്റെ അവതരണം ചിട്ടപ്പെടുത്തും.” സോഹന്‍ റോയി പറഞ്ഞു.
1963ല്‍ ശ്രീ കലാനിലയം കൃഷ്ണന്‍ നായര്‍ നിലവിലെ നാടക സങ്കല്പത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സ്ഥിരം വേദിയെന്ന ആശയവുമായി രംഗത്ത് എത്തി . 150ലധികം കലാകാരന്മാര്‍ കലാനിലയത്തിന്റെ ഭാഗമായിരുന്നു അന്ന്. കേരളത്തിന് പുറത്ത് മൊഴിമാറ്റി മറ്റ് സംസ്ഥാനത്തും നാടകാവതരണം നടത്തിയിട്ടുണ്ട് .
സാമുദ്രിക വിപണിയില്‍, ലോകത്തിലെ ഏറ്റവും വലിയ യുടി ഗേജിംഗ് ഡിവിഷന്‍ ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്. സിനിമ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ഏരീസിന് കലാനിലയത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടും എന്നതും ഉറപ്പാണ്.
ഭാരതത്തിലെ സിനിമാ മേഖലയെ ഒരു കുടക്കീഴില്‍ ഒന്നിപ്പിച്ച് ഹോളിവുഡ് മാതൃകയില്‍ ‘ഇന്‍ഡിവുഡ് ‘ എന്ന ബ്രാന്‍ഡിന് കീഴില്‍ അണിനിരത്തുക എന്നതും സോഹന്‍ റോയിയുടെ സ്വപ്നമാണ്. ഇതിനായി പത്ത് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപ മൂല്യമുള്ള ‘പ്രൊജക്റ്റ് ഇന്‍ഡിവുഡ് ‘ എന്ന ഒരു പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ ത്രീഡി മോഷന്‍ & അനിമേഷന്‍ സ്റ്റുഡിയോ ആയ ഏരീസ് എപ്പിക്ക, ഇന്ത്യയിലെ ഏറ്റവും വലിയ ശബ്ദമിശ്രണ സ്റ്റുഡിയോകളില്‍ ഒന്നായ ഏരീസ് വിസ്മയാസ് മാക്‌സ്, തിരുവനന്തപുരത്തെ അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ ഏരീസ് പ്ലെക്‌സ് എന്ന മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ , പ്രിവ്യൂ തീയേറ്ററുകള്‍ മുതലായവയും അദ്ദേഹം ആരംഭിച്ചു. ദൃശ്യ മേഖലയിലെ സാന്നിധ്യമായി മാറിയ മറൈന്‍ ബിസ് ടിവി, മെഡിബിസ് റ്റി വി, ഇന്‍ഡി വുഡ് റ്റി വി എന്നീ ടെലിവിഷന്‍ ചാനലുകളും സോഹന്‍ റോയിയുടെ സ്ഥാപനങ്ങളുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: