Kerala

25നുള്ളിൽ കുടിശിക തീര്‍ക്കണം; കെഎസ്ആർടിസിക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, തുക അടച്ചില്ലെങ്കിൽ ഇന്ധനം നൽകില്ല

Published by

കൊല്ലം: കെഎസ്ആര്‍ടിസി കുടിശിക തുക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇന്ധന വിതരണം ചെയ്യില്ലെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. 24 കോടി രൂപയാണ് കുടിശിക അടയ്‌ക്കാനുള്ളത്. 25നുള്ളിൽ തുക അടച്ചില്ലെങ്കിൽ സര്‍വീസ് നടത്തിപ്പ് ബുദ്ധിമുട്ടാകും.

കഴിഞ്ഞ മാസംവരെ ഐഒസിക്ക് കുടിശിക വരുത്താതെ മുന്നോട്ടു പോവുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ബസുകള്‍ക്കും പമ്പുകള്‍ക്കും ഇന്ധനം ലഭിക്കുന്നതിനായി മാസം105 മുതല്‍ 110 കോടി രൂപ വരെയാണ് ഇന്ധന വിതരണ കമ്പനിയായ ഐഒസിയ്‌ക്ക് നല്‍കേണ്ടത്. ഐഒസിക്ക് കൊടുക്കേണ്ട തുക കൂടി ഉപയോഗിച്ചാണ് ഓണ മാസത്തില്‍ ജീവനക്കാര്‍ക്ക് ഒറ്റ തവണയായി ശമ്പളം വിതരണം ചെയ്തത്. സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ധനസഹായം അനുവദിക്കുന്ന മുറയ്‌ക്ക് ഐഒസിക്ക് പണം നല്‍കാം എന്നായിരുന്നു ധാരണ.

സംസ്ഥാന സര്‍ക്കാര്‍ 50 കോടി അനുവദിക്കുകയും അതില്‍ 30 കോടി കൈമാറുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന 20 കോടി അനുവദിക്കുമ്പോള്‍ ഐഒസിയ്‌ക്ക് കൈമാറാനായിരുന്നു പദ്ധതി. തിങ്കളാഴ്ച സര്‍ക്കാര്‍ 20 കോടി അനുവദിച്ചു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ തുക ഐഒസിക്ക് കൈമാറുമെന്ന് കെഎസ്ആര്‍ടിസിയുടെ ധനകാര്യ വിഭാഗം മേധാവി പറഞ്ഞു.

ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ്, ഉത്സവബത്ത എന്നിവ അനുവദിക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by