കൊച്ചി: തലമുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായിരുന്ന എം.എം. ലോറന്‍സിന്റെ ശവസംസ്ക്കാരത്തെ ചൊല്ലി വിവാദമുണ്ടാകുകയും പാര്‍ട്ടി വീണ്ടും പരിഹാസ്യമാകുകയും ചെയ്യുമ്പോള്‍ ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ (അന്ന് പാര്‍ട്ടി സെക്രട്ടറി) നികൃഷ്ട ജീവി എന്ന പ്രയോഗവും മത്തായി ചാക്കോ എന്ന എംഎല്‍എയുടെ വിയോഗവും.
എസ്എഫ്ഐ, ഡിവൈഎഫ്ഐ വഴി സിപിഎമ്മില്‍ എത്തിയ മത്തായി ചാക്കോ കടുത്ത നിരീശ്വരവാദിയായിരുന്നു. പതിനൊന്നും പന്ത്രണ്ടും നിയമസഭകളിലെ അംഗമായിരുന്ന അദ്ദേഹം മേപ്പയൂര്‍, തിരുവമ്പാടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. രക്താര്‍ബുദം ബാധിച്ച് കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ സത്യപ്രതിജ്ഞ ചെയ്ത ചാക്കോ, അതുവഴി കേരള നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ എംഎല്‍എയായി. പക്ഷെ ഒരു ദിവസം പോലും സഭയില്‍ ഹാജരാകാന്‍ സാധിച്ചില്ല. 2006 ഒക്ടോബര്‍ 13-ന് 47-ാം വയസില്‍ അദ്ദേഹം അന്തരിച്ചു.
കടുത്ത നിരീശ്വരവാദിയും പാര്ട്ടിക്കാരനുമായിരുന്നെങ്കിലും അദ്ദേഹം അന്ത്യക്കൂദാശ ഏറ്റുവാങ്ങിയതായി ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളി വെളിപ്പെടുത്തിയത് പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരമായിരുന്നു. ഇത് വലിയ വിവാദമായതോടെ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ച് അപമാനിച്ചിരുന്നു. പിണറായിയുടെ നടപടി അന്നു വലിയ വിവാദമായി. അത് ഇന്നും പലപ്പോഴും ചര്‍ച്ചയാകുന്നുമുണ്ട്. ഏതാണ്ട് അന്നത്തെ സംഭവം പോലെയുള്ള ഒന്നാണ് ഇപ്പോഴും വിവാദമായത്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാനുള്ള മകന്റെ തീരുമാനത്തെ മകള്‍ ചോദ്യം ചെയ്യുകയും ഇതിനെതിരെ ഹര്‍ജി നല്‍കുകയും ചെയ്തതാണ് ഇപ്പോള്‍ വിവാദം. അച്ഛന് അവിശ്വാസിയായിരുന്നില്ല, മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാന്‍ പറഞ്ഞിരുന്നില്ല എന്ന നിലപാടാണ് മകള്‍ ആശയ്ക്കുള്ളത്. ഇതോടെ പാര്‍ട്ടി വീണ്ടും വിവാദത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: