ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയിമായ അരവിന്ദ് കേജ്‌രിവാളിനായി കേസര ഒഴിച്ചിട്ട് ദല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷി മര്‍ലേനയുടെ നാടകം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിഷിയിരിക്കുന്നതിനൊപ്പമാണ് ഒഴിഞ്ഞ കസേര ഇട്ടിരിക്കുന്നത്. ഈ കസേര പ്രതിനിധീകരിക്കുന്നത് കേജ്‌രിവാളിനെയാണെന്നും അദ്ദേഹം നാലുമാസത്തിനുശേഷം തിരിച്ചെത്തുമെന്നുമാണ് അതിഷി പറയുന്നത്. നാലുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാലുമാസംവരെയാണ് അതിഷി മുഖ്യമന്ത്രിയായിരിക്കുക.
ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലിലായിരുന്ന കേജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം നല്കിയിരുന്നു. തുടര്‍ന്ന് നാടകീയമായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയായിരുന്നു കേജ്‌രിവാള്‍. ജയിലില്‍ കിടന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാന്‍ തയാറാവാതിരുന്ന കേജ്‌രിവാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രപരമായിട്ടാണ് രാജിവച്ചത്. ഇപ്പോള്‍ അതിഷിയെക്കൊണ്ട് ഒരു കസേര ഒഴിപ്പിച്ചിട്ടത് താന്‍തന്നെയാണ് മുഖ്യമന്ത്രിയെന്ന് പൊതുസമൂഹത്തിന് സൂചന നല്കുന്നതിനായിട്ടാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പറയുന്നത് വിചിത്രമാണ്. രാമായണത്തില്‍ ഭരതന്‍ ശ്രീരാമനുവേണ്ടി സിംഹാസനത്തില്‍ ഇരിക്കാതെ പാദുകം പൂജിച്ച് ഭരണം നടത്തിയതിനോടാണ് അതിഷി ഉപമിക്കുന്നത്.
ഇത് എഎപിയുടെ പതിവ് നാടകമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ ഈ നാടകം അവസാനിപ്പിക്കണമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. ദല്‍ഹി സര്‍ക്കാരിന്റെ മന്‍മോഹന്‍ സിങ്ങാണ് അതിഷി. ഫയല്‍ ഒപ്പിടുന്നതല്ലാതെ ദല്‍ഹി സെക്രട്ടേറിയറ്റില്‍ പോലും പോകാനാവാതെ സുപ്രീംകോടതി മാറ്റി നിര്‍ത്തിയ അരവിന്ദ് കേജ്‌രിവാളാണ് യഥാര്‍ത്ഥ മുഖ്യമന്ത്രി. ഇത് അംബേദ്കര്‍ രൂപംനല്കിയ ഭരണഘടനയെ പരിഹസിക്കുന്നതാണ്. ഒഴിഞ്ഞ കസേരയില്‍ ഇരിക്കുന്ന കേജ്രിവാളിന്റെ പ്രേതമല്ല, മര്‍ലീന. മുഖ്യമന്ത്രിസ്ഥാനവും അതിന്റെ രഹസ്യസ്വഭാവവും സൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളതാണെന്നും മാളവ്യ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: