കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രി ബലാത്സംഗക്കൊലപാതകത്തില്‍ നിഷ്ക്രിയത്വം തുടരുന്ന ബംഗാള്‍ സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. മമത സര്‍ക്കാരിന് വിടുപണി ചെയ്യുന്ന പോലീസ് സംവിധാനത്തിന്റെ ആസ്ഥാനം ശുദ്ധീകരിക്കാന്‍ മാര്‍ച്ച് നടത്തി മഹിളാ മോര്‍ച്ച.
ആര്‍ജി കര് മെഡിക്കല്‍ കോളജിലെ സംഭവങ്ങളില്‍ മമത ബാനര്‍ജിയുടേത് മനുഷ്യത്വ വിരുദ്ധ സമീപനമാണെന്നും പ്രതിഷേധങ്ങള്‍ പോലും അനുവദിക്കാത്ത വിധം അസഹിഷ്ണുത നിറഞ്ഞതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
ബിജെപിക്കെതിരെ മര്‍ദനവും അറസ്റ്റും ശീലമാക്കിയ സര്‍ക്കാരും പോലീസും സമാധാനം ആഗ്രഹിക്കുന്നവരല്ലെന്ന് ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു. ബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ തയാറല്ല. എല്ലാ രംഗത്തും ദയനീയമായ പരാജയമാണ് സര്‍ക്കാരിന്റേതെന്ന് അവര്‍ പറഞ്ഞു. മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ അണിനിരന്ന പന്തംകൊളുത്തി പ്രകടനം നടന്നു. ഉദ്യോഗസ്ഥരുടെ അടക്കം എല്ലാവരുടെയും വായ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ജഗത്ബല്ലാവ്പൂരില് റാലി നയിച്ച ബിജെപി നേതാവ് സുകാന്താ മജുംദാര്‍ പറഞ്ഞു. പോലീസും സര്‍ക്കാരും പ്രതികളാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: