വി.രാധാകൃഷ്ണന്‍
ബിഎംഎസ് ദേശീയ സെക്രട്ടറി
1948-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കി 1952-ല്‍ നിലവില്‍ വന്ന തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാപദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. പല കാലഘട്ടങ്ങളിലായി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും 1995ലാണ് വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇപിഎഫ് പദ്ധതി പുനരാവിഷ്‌കരിച്ചത്. ഇപിഎഫ് 95 അനുസരിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ഇപിഎഫ് പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് എന്നീ മൂന്ന് പദ്ധതികളാണ് നിലവിലുള്ളത്. 20 തൊഴിലാളികളുള്ള സ്ഥാപനത്തില്‍ ഇപിഎഫ് നിര്‍ബന്ധമായും നടപ്പിലാക്കണം. 13ശതമാനം തൊഴിലുടമ വിഹിതവും 12ശതമാനം തൊഴിലാളി വിഹിതവും പ്രതിമാസ ശമ്പളത്തിന്റെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയുള്ള സംഖ്യയാണ് അടയ്‌ക്കേണ്ടത്. 20 തൊഴിലാളികളില്‍ താഴെയാണെങ്കിലും ഒരു തൊഴിലാളി ആണെങ്കില്‍പ്പോലും തൊഴിലാളികളുടെയും തൊഴിലുടമയുടെയും സമ്മതപത്രം നല്‍കിയാല്‍ ഇപിഎഫില്‍ അംഗമാകാം. അതിന് തൊഴിലാളി-തൊഴിലുടമ വിഹിതം 10ശതമാനം വീതമായിരിക്കും. പിന്നീട് സ്ഥാപനത്തില്‍ 20 തൊഴിലാളികളായാല്‍ സമ്പൂര്‍ണ്ണ വിഹിതം അടയ്‌ക്കണം. ഇപിഎഫില്‍ അടയ്‌ക്കുന്ന തൊഴിലുടമ വിഹിതമായ 13ശതമാനത്തില്‍ നിന്ന് 1/2 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ചെലവിലേക്കും 1/2 ശതമാനം എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സിലേക്കും ബാക്കി 12 ശതമാനത്തില്‍ 8.33 ശതമാനം ഇപിഎഫ് പെന്‍ഷന്‍ സ്‌കീമിലേക്കും നിക്ഷേപിക്കും. ബാക്കി സംഖ്യ പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കും. പെന്‍ഷന്‍ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ വിഹിതം 1.16 ശതമാനമാണ്. പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് പെന്‍ഷന്‍ ലഭ്യമാകണമെങ്കില്‍ ചുരുങ്ങിയത് 10 വര്‍ഷം സര്‍വ്വീസ് ഉണ്ടായിരിക്കണം. പെന്‍ഷന്‍ കണക്കാക്കാനുള്ള മാനദണ്ഡം തൊഴിലാളി ജോലിയില്‍നിന്ന് വിരമിക്കുന്ന സമയത്ത് അവസാനത്തെ 60 മാസത്തെ ആവറേജ് കോണ്‍ട്രിബ്യൂഷന്‍ സാലറിയെ ആകെ സര്‍വ്വീസ് കൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിക്കണം അതില്‍നിന്ന് കിട്ടുന്ന സംഖ്യയാണ് പെന്‍ഷനായി ലഭിക്കുക. ഇപ്പോഴത്തെ കോണ്‍ട്രിബ്യൂട്ടറി സാലറി 15000 ആണ്.
95-ലെ പെന്‍ഷന്‍ സ്‌കീം നിലവില്‍ വന്നപ്പോള്‍ കോണ്‍ട്രിബ്യൂട്ടറി സാലറി 5000 ആയിരുന്നു. പിന്നീട് 6500 ഉം 2014 മുതല്‍ 15000 ആയി വര്‍ദ്ധിപ്പിച്ചു. 95-ല്‍ സ്‌കീം നിലവില്‍ വന്നപ്പോള്‍ ആ സമയത്ത് ഒരു ഓപ്ഷന്‍ ഉണ്ടായിരുന്നത് തൊഴിലുടമയും തൊഴിലാളിയും തയ്യാറാണെങ്കില്‍ ശമ്പളത്തിന്റെ പൂര്‍ണ്ണവിഹിതം അടയ്‌ക്കാന്‍ കഴിയുമായിരുന്നു. അവര്‍ക്കാണ് ഹയര്‍ ഓപ്ഷന്‍ പെന്‍ഷന്‍ ഉണ്ടായിരുന്നത്. പിന്നീട് ആ സ്‌കീം പിഎഫ് നിര്‍ത്തലാക്കി. ആ തീരുമാനത്തെ ചോദ്യം ചെയ്ത് ചില തൊഴിലാളികള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഹയര്‍ പെന്‍ഷന്‍ അനുവദിക്കാന്‍ വിധി വന്നത്. മുഴുവന്‍ ശമ്പളത്തിന്റെയും തൊഴിലാളി-തൊഴിലുടമ വിഹിതം അടച്ച തൊഴിലാളികള്‍ക്കുമാത്രമേ ഹയര്‍ ഓപ്ഷന്‍ പെന്‍ഷന്‍ ബാധകമുള്ളൂ. മറ്റ് തൊഴിലാളികള്‍ക്ക് ബാധകമല്ല. ഇത് സംബന്ധിച്ച് 27-ഓളം വരുന്ന കേസുകള്‍ സുപ്രീംകോടതി മുമ്പാകെ വിസ്താരം നടക്കുന്നു. ഒരാശയക്കുഴപ്പവും തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പ്രൊവിഡന്റ് ഫണ്ടില്‍ തൊഴിലാളി നിക്ഷേപിക്കുന്ന സംഖ്യ പലിശസഹിതം തിരിച്ചു ലഭിക്കുന്നതാണ്.
ഇപിഎഫില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍
(1) ഇപിഎഫ് പെന്‍ഷന്‍ 10 വര്‍ഷം പൂര്‍ത്തീകരിച്ചാല്‍ ലഭ്യമാണ്.
(2) ഇപിഎഫില്‍ അംഗമായ തൊഴിലാളി മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ തൊഴിലാളി ജോലിയില്‍ പ്രവേശിച്ച അന്നുമുതല്‍ ബാധകമാണ്. തൊഴിലാളിയുടെ പ്രാ
യം, നിലവിലുള്ള ശമ്പളം, തുടര്‍ന്നുള്ള സര്‍വ്വീസ് എന്നിവ കണക്കാക്കി ഒരു ടേബിള്‍ അനുസരിച്ചാണ് പെന്‍ഷന്‍ നിശ്ചയിച്ചിട്ടുള്ളത്.
(3) എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ്: ഇപിഎഫില്‍ അംഗമായി ഒരു വര്‍ഷം പൂര്‍ത്തീകരിച്ച് തൊഴിലാളി മരണപ്പെടുകയാണെങ്കില്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്ന സാമ്പത്തിക സഹായമാണിത്. പരമാവധി 7 ലക്ഷം വരെ ലഭ്യമാകും. എല്ലാ തരത്തിലുള്ള മരണത്തിനും ആനുകൂല്യം ലഭ്യമാണ്.
(4) ഇപിഎഫില്‍ നിന്ന് ആനുകൂല്യം ലഭ്യമാകുന്നതിന് ജോലിയില്‍നിന്ന് വിരമിച്ചശേഷം അപേക്ഷിക്കാവുന്നതാണ്. അതിനുപുറമെ വിവാഹം, വീടുവയ്‌ക്കല്‍, സ്ഥലം വാങ്ങാന്‍, അസുഖങ്ങള്‍ക്ക്, വിദ്യാഭ്യാസത്തിന് എന്നീ ആവശ്യങ്ങള്‍ക്കായും ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാം. ഇപിഎഫില്‍ ഇപ്പോള്‍ 5.5 കോടി തൊഴിലാളികളും 86 ലക്ഷം പെന്‍ഷനേഴ്‌സും ഉണ്ട്.
രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. ഇതില്‍ കാതലായ മാറ്റങ്ങളും അനിവാര്യമാണ്. 2014-ല്‍ ആണ് മിനിമം പെന്‍ഷന്‍ 1000 രൂപയാക്കി നിശ്ചയിച്ചത്. 10 വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. അതേവര്‍ഷം തന്നെയാണ് കോണ്‍ട്രിബ്യൂഷന്‍ ശമ്പളം 15000 ആയി നിശ്ചയിച്ചത്. ഒരു തൊഴിലാളി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ശമ്പളം, 15000 രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ ഇപിഎഫ് നിര്‍ബന്ധമായി നടപ്പിലാക്കണമെന്നില്ല.
തൊഴിലുടമയുടെ ഓപ്ഷന്‍ അടുത്തിടയായി വന്നുകൊണ്ടിരിക്കുന്ന ഇപിഎഫിന്റെ നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികള്‍ക്ക് ഗുണകരമല്ല. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയാണ് ഇപി
എഫ്ഒയുടെ ചെയര്‍മാന്‍. തൊഴിലുടമ-തൊഴിലാളി- സര്‍ക്കാര്‍ പ്രതിനിധി ഉള്‍ക്കൊള്ളുന്ന ത്രികക്ഷി സംവിധാനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് ഇപിഎഫിന്റെ ഭരണനിര്‍വ്വഹണം നടത്തുന്നത്. 5 വര്‍ഷം മുമ്പുതന്നെ ഇപിഎഫ് തൊഴിലാളികളുടെ മിനിമം പെന്‍ഷന്‍ 2000 രൂപയായിട്ട് തീരുമാനിച്ചെങ്കിലും ധനമന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. ലക്ഷക്കണക്കിന് വരുന്ന ഇപിഎഫ് പെന്‍ഷനേഴ്‌സിന് മാന്യമായ പെന്‍ഷന്‍ നല്‍കുന്നതിന് ഇപിഎഫും കേന്ദ്രസര്‍ക്കാരും അടിയന്തിര ശ്രദ്ധ ചെലുത്തേണ്ടതുണ്ടണ്ട്.
ഇപിഎഫിന്റെ സമഗ്ര മാറ്റത്തിനും തൊഴിലാളി ക്ഷേമത്തിനും വേണ്ടി ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ അഖിലേന്ത്യാ പ്രവര്‍ത്തകസമിതി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബിഎംഎസ് ദേശവ്യാപകമായി പ്രക്ഷോഭ പരിപാടികളും ആരംഭിച്ചു. ഇപിഎഫ് കമ്മീഷണര്‍ ഓഫീസ് മുഖാന്തരം പ്രധാനമന്ത്രിക്ക് നിവേദനവും സമര്‍പ്പിക്കും.
എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പെന്‍ഷന്‍ എന്നുള്ളത് അവരുടെ അവകാശമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ സാമാന്യമായി ജീവിക്കാനുള്ള പെന്‍ഷന്‍ തൊഴിലാളിക്ക് ലഭിക്കണം. പല മേഖലകളിലും ജനപ്രതിനിധികള്‍ക്കും എല്ലാം തന്നെ നല്ല രീതിയില്‍ പെന്‍ഷന്‍ ലഭ്യമാകുമ്പോള്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട പെന്‍ഷനും മറ്റാനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. വികസനത്തിന്റെ ഗുണഗണങ്ങള്‍ സാധാരണക്കാരന് പ്രാപ്യമാകുമ്പോഴാണ് യഥാര്‍ത്ഥ വികസനം അര്‍ത്ഥവത്താകുന്നത്. അതിനുവേണ്ടിയാണ് ബിഎംഎസ് നിലകൊള്ളുന്നത്.
ബിഎംഎസിന്റെ പ്രധാന ആവശ്യങ്ങള്‍
(1) ഇപിഎഫ് മിനിമം പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തുക.
(2) ഇപിഎഫ് പെന്‍ഷന്‍ ഡിഎയുമായി ലിങ്ക് ചെയ്യുക.
(3) ഇപിഎഫ് പെന്‍ഷനേഴ്‌സിന് ആയുഷ്മാന്‍ ഭാരത് ആനുകൂല്യം ലഭ്യമാക്കുക.
(4) ഇപിഎഫ് കോണ്‍ട്രിബ്യൂഷന്‍ സാലറി 15000ല്‍ നിന്ന് 30000 ആയി വര്‍ദ്ധിപ്പിക്കുക.
(5) പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള 60 മാസത്തെ ആവറേജ് സാലറി എന്നുള്ളത് 12 മാസത്തെ ആവറേജ് സാലറി എന്നാക്കുക.
(6) ആകെ ശമ്പളത്തിന്റെ 50 ശതമാനം വരെ ഇപിഎഫ് കോണ്‍ട്രിബ്യൂട്ടറി സാലറിയായി നിശ്ചയിക്കുക.
(7) ഇപിഎഫ് പെന്‍ഷന്‍ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ വിഹിതമായ 1.16 ശതമാനം എന്നത് 3ശതമാനമായി വര്‍ധിപ്പിക്കുക.
(8) ഇപിഎഫ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും തൊഴിലാളി സൗഹൃദവുമാക്കുക.
(9) എല്ലാ തൊഴിലാളികള്‍ക്കും എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗത്വവും പെന്‍ഷന്‍ പദ്ധതിയും ബാധകമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: