പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനങ്ങള്‍ എല്ലായിപ്പോഴും അന്താരാഷ്ട്ര വാര്‍ത്താ പ്രധാന്യം നേടാറുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യം അമേരിക്കയിലെത്തിയപ്പോള്‍ അവിടെ സൃഷ്ടിച്ച തരംഗം, അന്താരാഷ്ടവേദിയില്‍ ഭാരതത്തിന്റെ തലയെടുപ്പിന്റെ തുടക്കമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ തനിക്ക് വിസ നിഷേധിച്ച രാജ്യത്തേക്ക് പിന്നീട് എട്ടു തവണകൂടി പ്രധാനമന്ത്രി എന്ന നിലയില്‍ മോദി പോയി. ഒരിക്കല്‍ അമേരിക്കയുടെ ഔദ്യോഗിക അതിഥിയായിരുന്നു . മൂന്നാമതും പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ അമേരിക്കന്‍ യാത്ര പ്രഥമയാത്ര പോലെ തരംഗമാണ് സൃഷ്ടിച്ചത്. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതും യു.എന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതും ആയിരുന്നു മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലെ ഔദ്യോഗിക കാര്യക്രമം. രണ്ടിലും ഭാരതത്തിന്റെ ശബ്ദം മോദിയിലൂടെ കേട്ടപ്പോള്‍ അംഗരാജ്യങ്ങള്‍ കാതുകൂര്‍പ്പിച്ചിരുന്നു.
ന്യൂയോര്‍ക്കില്‍ ഭാരത സമൂഹത്തിന്റെ ബൃഹത്തായ സമ്മേളനവും സാങ്കേതികവിദ്യാ വ്യവസായ പ്രമുഖരുമായി വട്ടമേശ സമ്മേളനവും ലോക രാഷ്ട്ര നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും എല്ലാം നരേന്ദ്രമോദി എന്ന ലോകനേതാവിന്റെ ഔന്നിത്യം വിളിച്ചു പറയുന്നതായി.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിന് സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയില്‍ നരേന്ദ്രമോദിയുടെ നിര്‍ദ്ദേശങ്ങള്‍ പുതുമയുള്ളതും സ്വീകാര്യവും ആയിരുന്നു. ലോകം പിരിമുറുക്കങ്ങളാലും സംഘര്‍ഷങ്ങളാലും വലയുന്ന കാലത്ത്, ജനാധിപത്യ ധര്മചിന്തകളാലും മൂല്യങ്ങളാലും ക്വാഡ് പങ്കാളികള്‍ ഒത്തുചേരുന്നതു മാനവികതയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ഉച്ചകോടിയില്‍ മോദി പറഞ്ഞു. നിയമവാഴ്ചയോടും പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ആദരം, തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിബദ്ധത എന്നിവയിലധിഷ്ഠിതമായ അന്താരാഷ്ട്രക്രമം ഉയര്‍ത്തിപ്പിടിക്കാനാണ് കൂട്ടായ്മ നിലകൊള്ളുന്നത്. അടുത്ത ഉച്ചകോടി ഭാരതത്തില്‍ നടത്താന്‍ തീരുമാനിച്ചത് ക്വാഡില്‍ നരേന്ദ്രമോദിക്കും ഭാരതത്തിനുമുളള പ്രാധാന്യം
വിളിച്ചോതുന്നു. അര്‍ബുദം ഇല്ലാതാക്കാന്‍ ക്വാഡ് അംഗരാജ്യങ്ങളായ അമേരിക്കയും ഭാരതവും ആസ്ട്രേലിയയും ജപ്പാനും സൃഷ്ടിപരമായ ശ്രമത്തിന് തുടക്കം കുറിക്കുന്നതില്‍ നരേന്ദ്രമോദി നല്കിയ സംഭാവനയും ചെറുതല്ല.
ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അതുല്യമായ പങ്കാളിത്തത്തിന് ഊര്‍ജം പകരുന്നതായിരുന്നു പ്രസിഡന്റ് ജോ ബൈഡനുമായുളള കൂടിക്കാഴ്ച. ബൈഡന് അദ്ദേഹത്തിന്റെ ജന്മനാടായ വില്മിംഗ്ടണില് സ്വന്തം വീട്ടിലേക്കാണ് നരേന്ദ്രമോദിയെ ക്ഷണിച്ചുകൊണ്ടുപോയത്. ഭാരതത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതോ കടത്തപ്പെട്ടതോ ആയ 297 പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരാന്‍ വേണ്ട സൗകര്യം യു.എസിന്റെ ഭാഗത്തുനിന്നും ഒരുക്കി. കൈമാറ്റത്തിന്റെ പ്രതീകാത്മകമായി തെരഞ്ഞെടുത്ത ഏതാനും ഭാഗങ്ങള്‍ പ്രധാനമന്ത്രിക്കും പ്രസിഡന്റ് ബൈഡനും മുന്നില്‍ പ്രദര്‍ശിപ്പിച്ചു. സുരക്ഷിത ആഗോള സംശുദ്ധ ഊര്‍ജവിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിനുള്ള അമേരിക്ക- ഭാരത സംരംഭത്തിനായുള്ള മാര്‍ഗരേഖയും തയ്യാറാക്കാനായി.
ആഗോളതലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഭാരതത്തിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും പ്രധാനപ്പെട്ട അമേരിക്കന്‍ ബിസിനസ്സ് നേതാക്കളുമായും നരേന്ദ്ര മോദി ആഴത്തില്‍ ചര്‍ച്ച ചെയ്തു.
ഐക്യരാഷ്ടസഭയുടെ ‘ഭാവിയുടെ ഉച്ചകോടി’യില്‍, ലോകത്തിലെ മാനവരാശികളില്‍ സമാധാനപരവും സുരക്ഷിതവുമായ ഭാവിയ്ക്കുള്ള അവകാശികളില്‍ ഏറ്റവും ഉയര്ന്നവരായ ആറിലൊന്നിന്റെ വീക്ഷണം പങ്കുവയ്ക്കാനും ഭാരത പ്രധാനമന്ത്രിക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: