മസ്ക്കറ്റ് : മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം ഒന്നര ദശലക്ഷം സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ വർഷത്തെ ഖരീഫ് സീസൺ ആരംഭിച്ചത് മുതൽ 2024 ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകൾ പ്രകാരമുള്ള സഞ്ചാരികളുടെ എണ്ണമാണ് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ടത്. 2023-ലെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 9 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ 713105 ഒമാൻ പൗരമാരും മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 171762 സന്ദർശകരും, മറ്റു രാജ്യങ്ങളിൽ നിന്നുള്ള 121767 സന്ദർശകരും ഉൾപ്പെടുന്നു.
മൺസൂൺ മഴക്കാലത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ഖരീഫ് സീസൺ ഒമാനിൽ ജൂൺ 21നാണ് ആരംഭിച്ചത്. ഖരീഫ് സീസണിൽ ഒമാനിലെത്തുന്ന സന്ദർശകർക്ക് മൺസൂൺ കാറ്റ്, തണുത്ത കാലാവസ്ഥ, അതിമനോഹരമായ പച്ചപ്പ് എന്നിവ ഒരുക്കുന്ന അസാധാരണമായ പ്രകൃതി രമണീയത ആസ്വദിക്കാൻ അവസരം ലഭിക്കുന്നതാണ്.
മഴക്കാല സൗന്ദര്യം പ്രാദേശിക, അന്താരാഷ്‌ട്ര സഞ്ചാരികളെ ദോഫാർ ഗവർണറേറ്റിലേക്ക് ആകർഷിക്കുന്നു. മൺസൂൺ മഴക്കാലത്തെ സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ ആഭ്യന്തര വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചിരുന്നു.
അതേ സമയം ഖരീഫ് സീസണുമായി ബന്ധപ്പെട്ട് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഒരു ലഘു ഗ്രന്ഥം പുറത്തിറക്കിയിരുന്നു. ദോഫാറിലേക്കുള്ള മൺസൂൺ മഴക്കാല (ഖരീഫ് സീസൺ) വിനോദയാത്രകൾ സുരക്ഷിതമാക്കുന്നതിനുള്ള വിവിധ നിർദ്ദേശങ്ങൾ ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്ന സമയത്ത് കൈക്കൊള്ളേണ്ടതായ തയ്യാറെടുപ്പുകൾ, യാത്രാ വേളയിലെ സുരക്ഷ, വാഹനങ്ങളുടെ സുരക്ഷ, റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ, റോഡപകടങ്ങൾ സംഭവിക്കുന്ന അവസരങ്ങളിൽ കൈക്കൊള്ളേണ്ടതായ നിർദ്ദേശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി കഴിഞ്ഞ വർഷം ഒമ്പത് ലക്ഷത്തിലധികം സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: