ധാക്ക: അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദുർഗാപൂജ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് കാണിച്ച് ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് ഭീഷണി കത്തുകൾ. പണം അടച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് നിരവധി പൂജാ ആഘോഷ കമ്മിറ്റികൾക്ക് നൽകിയ കത്തിൽ പറയുന്നു.
“ബിസ്മില്ലാഹിർ റഹ്മാനിർ റഹീം” എന്ന് തുടങ്ങുന്ന ബംഗാളി ഭാഷയിലുള്ള കത്ത് ഒരോ ക്ഷേത്രത്തിന്റെയും പ്രസിഡൻ്റുമാർക്കും ജനറൽ സെക്രട്ടറിമാർക്കുമാണ് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കത്ത് ലഭിക്കുന്ന ആളിന് അവാമി ലീഗ് ജോയിൻ്റ് ജനറൽ സെക്രട്ടറി മഹ്ബൂബ് ഉൽ ആലം ഹനീഫിന് സംഭവിച്ചതുപോലെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇക്കാര്യം ഭരണകൂടത്തോടോ മാധ്യമങ്ങളോടോ പറഞ്ഞാൽ തലയറുക്കുമെന്നും തപാൽ വഴി അയച്ച കത്തിൽ പറയുന്നു. ആഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീനയുടെ സർക്കാർ പതനത്തിന് ശേഷം ഹനീഫിന്റെ വീട് ദിവസങ്ങളോളം കൊള്ളയടിക്കപ്പെട്ടിരുന്നു.
ഭീഷണിക്കത്തുകൾ ലഭിച്ച ഖുൽനയിലെ നാലു ക്ഷേത്രങ്ങളിലെ പ്രതിനിധികൾ പോലീസിനെ സമീപിച്ച് പരാതി നൽകി. തുടർന്ന് ക്ഷേത്രങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സൈനികർക്കൊപ്പം 24 മണിക്കൂറും പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് ഡാക്കോപ്പ് പോലീസ് സ്റ്റേഷൻ ഇൻ ചാർജ് സിറാജുൽ ഇസ്ലാം പറഞ്ഞു. ഭീഷണിക്കത്ത് ലഭിച്ചതോടെ ഞങ്ങൾ കടുത്ത ആശങ്കയിലാണെന്ന് ക്ഷേത്രാഭാരവാഹികൾ പറയുന്നു. ഈ വർഷം പൂജ സംഘടിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഭക്തർ പറഞ്ഞെങ്കിലും അവസാനം ആചാരങ്ങളും ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ അവർ തീരുമാനിക്കുകയായിരുന്നു.
ചില ക്ഷേത്ര കമ്മിറ്റികൾ ഭീഷണിയെത്തുടർന്ന് ദുർഗാപൂജ സംഘടിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നമാസ് നടക്കുന്ന സമയത്ത് ദുര്‍ഗ്ഗാപൂജ പരിപാടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ആഭ്യന്തരകാര്യ സെക്രട്ടറിയായ ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ഹിന്ദു സമുദായത്തോട് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് വിളിക്കുന്നതിന് (ആസാന്‍) അഞ്ചു മിനിറ്റ് മുമ്പും പ്രാര്‍ഥനാസമയത്തുടനീളവും (നമാസ്) ഹിന്ദുക്കള്‍ ദുര്‍ഗ്ഗാപൂജ ആഘോഷം നിര്‍ത്തിവെയ്‌ക്കണമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ആവശ്യപ്പെട്ടത്.
ഹിന്ദുകമ്മിറ്റികളെല്ലാം അദ്ദേഹത്തിന്റെ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചു. അത് സമ്മതിച്ചില്ലെങ്കില്‍ അതിക്രൂരമായ ആക്രമണം ഉണ്ടാകുമെന്ന ഭയമുള്ളതിനാലാണ് ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണിക്കത്തുകൾ എത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗ്ഗാപൂജ മഹോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക