കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചാണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് സമാപിച്ചത്. കേരളത്തിലെ ക്ലബ്ബ് കളിക്കാരുള്‍പ്പെടെ നൂറിലധികം ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള സുവര്‍ണാവസരം കേരള ക്രിക്കറ്റ് അസോസിയേഷന് ലീഗിലൂടെ ഒരുക്കി. അന്തര്‍ദേശീയ മത്സരം പ്രാദേശികമായി സംഘടിപ്പിക്കാനായി എന്നതും വലിയ കാര്യമാണ്. കളിക്കാരുടെ ലേലത്തിലുള്‍പ്പെടെ പ്രൊഫഷണലിസം പ്രതിഫലിച്ചിരുന്നു.
അടിസ്ഥാന നിരക്കിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കുവരെ ലേലംകൊണ്ട മിക്ക കളിക്കാരും ഫ്രാഞ്ചൈസികളുടെ അഭിമാനം കാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ദേശീയതലത്തില്‍ പല ക്രിക്കറ്റ് മല്‍സരങ്ങളിലും കേരളത്തിനുവേണ്ടി ഒരുമിച്ചു കളിക്കാനിറങ്ങിയവരാണ് ക്രിക്കറ്റ് ലീഗില്‍ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാരായും കളിക്കാരായും പരസ്പരം പൊരുതാനിറങ്ങിയത്. ഓരോരുത്തരുടേയും ബലവും ദൗര്‍ബല്യവും കൃത്യമായി മനസ്സിലാക്കാനും പരസ്പരം അറിഞ്ഞ് മല്‍സരിക്കുവാനും ക്രിക്കറ്റ് ലീഗ് വേദിയായി.
ആറു ടീമുകള്‍ ശക്തി പരീക്ഷിച്ച ലീഗില്‍ ഓരോ ടീമിനും പത്ത് മല്‍സരങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. എല്ലാ ടീമുകളും രണ്ടുതവണവീതം പരസ്പരം മല്‍സരിച്ചു. പിന്നീട് സെമിയും ഫൈനലും. എല്ലാ മത്സരങ്ങളും വാശിയും വീറും നിറഞ്ഞതും ജയപരാജയങ്ങള്‍ മാറിമറിഞ്ഞതും ആയിരുന്നു. സെമിയിലും ഫൈനലിലും സെഞ്ച്വറികള്‍ പിറന്നത് കളിയാവേശത്തിന്റെ നേര്‍ക്കാഴ്ചയായി. ആറ് സെഞ്ച്വറികളാണ് ഈ ട്വന്റി 20 മത്സര പരമ്പരയില്‍ പിറന്നത്.
ഫൈനലില്‍ ഇരു ടീമുകളും 200ല്‍ അധികം റണ്‍സ് അടിച്ചുകൂട്ടി എന്നത് ആവേശത്തിന്റെ കൊടുമുടി കയറ്റമാണ് സമ്മാനിച്ചത്. സെമിയിലും, ജയിച്ച ടീം 200ല്‍ അധികം റണ്‍സ് അടിച്ചെടുത്തു. വിജയിയായ ടീമിന്റെ ക്യാപ്റ്റന്‍ സച്ചിന് ബേബിയാണ് സെഞ്ച്വറിയിലും റണ്‍സിലും ഒന്നാമന്. കെസിഎല്ലിലെ പ്രഥമ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച സച്ചിന്, ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ വിജയത്തിലേക്ക് നയിച്ച് രണ്ടാം സെഞ്ച്വറിക്കും ഉടമയായി. തൃശൂര്‍ ടൈറ്റന്‍സിന്റെ വിഷ്ണു വിനോദ് കാണികളുടെ ആവേശത്തിലേക്ക് അടിച്ചുപറപ്പിച്ചത് സിക്സറുകളുടെ പെരുമഴയായിരുന്നു. 17 സിക്സറുകളടിച്ച വിഷ്ണുവിന് സെഞ്ച്വറി തികയ്ക്കാന്‍ 33 പന്തുകളേ വേണ്ടിവന്നുള്ളു. കെസിഎല്ലിലെ വേഗമേറിയ സെഞ്ച്വറി. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ആനന്ദ് കൃഷ്ണനും സെമി ഫൈനലില്‍ കൊല്ലം സെയ്ലേഴ്സിന്റെ അഭിഷേക് നായരും സെഞ്ച്വറി നേടി.
ബാറ്റിംഗ് പറുദീസ ആയിരുന്നില്ല പ്രഥമ കേരള ക്രിക്കറ്റ് ലീഗ്. മികച്ച രീതിയില്‍ പന്തെറിഞ്ഞവര്‍ താരങ്ങളായിമാറി. പ്ലയര്‍ ഓഫ് ടൂര്‍ണമെന്റ് 19 വിക്കറ്റ് സ്വന്തമാക്കി. കൊല്ലം സെയ്ലേഴ്സിന്റെ എന്‍.എം. ഷറഫുദ്ദീന് ആണ്. കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സിലെ അഖില്‍ സ്കറിയ ഏറ്റവുമധികം വിക്കറ്റുകള്‍ നേടി- 25 എണ്ണം. അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത് 12 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയത് ബൗളിംഗ് മികവിന്റെ സാക്ഷ്യപത്രമാണ്.
കാണികളുടെ കുറവായിരുന്നു പ്രധാന ന്യൂനത. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായി നില്‍ക്കുകയും ഉദ്ഘാടന സമാപന മത്സരങ്ങള്‍ കാണാന്‍ എത്തുകയും ചെയ്തിട്ടും മിക്ക മത്സരങ്ങളും ശൂന്യമായ ഗാലറികളെ സാക്ഷിയാക്കിയാണ് നടന്നത്. അതെക്കുറിച്ച് ജേതാക്കളായ കൊല്ലം സെയ്ലേഴ്സിന്റെ ഉടമ ഡോ സോഹന്‍ റോയിയുടെ അഭിപ്രായം ശ്രദ്ധേയമാണ്.
”കോടിക്കണക്കിന് രൂപ മുടക്കി മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കാന്‍ എളുപ്പമാണ്. കാണികളെ എത്തിക്കുക എന്നതാണ് പ്രധാനം, അടുത്ത കെസിഎല്‍, നിറഞ്ഞ ഗാലറികള്‍ക്കു മുന്നിലായിരിക്കണം. ക്രിക്കറ്റ് സംസ്കാരം വളര്‍ത്തുകയാണ് വേണ്ടത്. എല്ലാവരും കോഹ്ലിയും സഞ്ജുവും ആകണം എന്നാഗ്രഹിക്കരുത്. കളിക്കാരാകുക മാത്രമല്ല ക്രിക്കറ്റുകൊണ്ട് ലക്ഷ്യമിടേണ്ടത്. ക്രിക്കറ്റ് മറ്റ് നിരവധി അവസരങ്ങളാണ് തുറന്നിടുന്നത്.. 22 പേര് കളിക്കുന്ന ഒരു മത്സരം നടക്കുമ്പോള്‍ 22000 ത്തിലധികം പേരാണ് ക്രിക്കറ്റ് അധിഷ്ഠിത ജോലികള്‍ ചെയ്യുന്നത്.’
മുന്‍ ഇന്ത്യന്‍ താരങ്ങളായ മുംബൈ ഇന്‍ഡ്യന്‍സ് സ്കൗട്ട് സൗരഭ് തിവാരിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്കൗട്ട് രവി തേജയും ഉള്‍പ്പെടെയുള്ളവര്‍ കളിക്കാരെ നിരീക്ഷിക്കാനെത്തിയത് കേരള ക്രിക്കറ്റ് ലീഗ് ദേശീയതലത്തില്‍ നേടിയ ശ്രദ്ധയ്ക്ക് ഉദാഹരണമായി. ഐപിഎല്‍ ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നവരാണ് സ്കൗട്ടുകള്. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് തല്‍സമയം സംപ്രേഷണം ചെയ്തതിലൂടെ രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ക്ക് കേരളത്തിലെ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനം കണ്ടുവിലയിരുത്താനും അവസരമൊരുങ്ങി. കളിക്കാര്‍ക്കും ഭാവിയിലേക്ക് ഏറെ ഗുണകരമായി ഇതു മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: