ചെന്നൈ: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഭാരതത്തിന് ജയം ഉറപ്പുവരുത്തുന്ന ചടങ്ങ് മാത്രമേ ഇന്നലെ അവശേഷിച്ചുള്ളൂ. അത് വളരെ ഭംഗിയായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നിര്‍വഹിച്ചു. ശേഷിച്ച ആറ് ബംഗ്ലാ വിക്കറ്റുകള്‍ ഇരുവരും പങ്കിട്ടെടുത്തു. ബംഗ്ലാ നായകന്‍ നജ്മുല്‍ ഹൊസെയന്‍ ഷാന്റോ അര്‍ദ്ധസെഞ്ചുറിയുമായി(82) പൊരുതിയെങ്കിലും ഭാരതനായകന്‍ രോഹിത്തിന് ചെറിയൊരു പിരിമുറുക്കം പോലും ഉണ്ടാക്കിയില്ല. അത്രയ്‌ക്കു ഗംഭീരമായി അശ്വിന്‍-ജഡേജ സ്പിന്‍ ദ്വയം കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കി.
വലിയ പ്രതിസന്ധി നേരിട്ട ഒന്നാം ഇന്നിങ്‌സിലെ ഒരു ഘട്ടത്തില്‍ അശ്വിന്റെ സെഞ്ചുറിയും ജഡേജയുടെ അര്‍ദ്ധസെഞ്ചുറിയുടെയും മികവില്‍ ടീം 376 എന്ന മാന്യമായ സ്‌കോര്‍ കണ്ടെത്തി. ഇതിനെതിരെ ബംഗ്ലാ വീര്യം 149 റണ്‍സില്‍ ഒടുങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഭാരത സ്‌കോറിങ്ങ് നയിച്ചത് ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും നേടിയ സെഞ്ചുറികളായിരുന്നു. നാലിന് 287 റണ്‍സെടുത്ത് 515 റണ്‍സ് രണ്ടാം ഇന്നിങ്‌സ് ലീഡ് നേടിയ ഭാരതം ഡിക്ലയര്‍ ചെയ്തു. അവരുടെ പോരാട്ടം മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ രാവിലെ അവസാനിച്ചത്. 234 റണ്‍സില്‍.
മൂന്നാം ദിവസം നാലിന് 158 റണ്‍സെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. അര്‍ദ്ധസെഞ്ചുറി തികച്ച നായകന്‍ ഷാന്റോയും ഷാക്കിബ് അല്‍ ഹസനും ആയിരുന്നു ക്രീസില്‍. നാലാം ദിവമായ ഇന്നലെ ഇരുവരും ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഭാരതത്തിന് എന്തെങ്കിലും വെല്ലുവിളി ഉര്‍ത്താന്‍ ഈ കൂട്ടുകെട്ടിനേ സാധിക്കൂ എന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇവരുടെ അഞ്ചാം വിക്കറ്റിന് 48 റണ്‍സിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. തലേന്ന് മൂന്ന് വിക്കറ്റ് നേട്ടത്തോടെ നിര്‍ത്തിയ ഇടത്ത് നിന്ന് അശ്വിന്‍ തുടങ്ങി. ബംഗ്ലാ സ്‌കോര്‍ 194ല്‍ എത്തിയപ്പോള്‍ വ്യക്തിഗത സ്‌കോര്‍ 25 റണ്‍സിലെത്തിയ ഷാക്കിബ് അല്‍ഹസനെ അശ്വിന്‍ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. ബംഗ്ലാ ടോട്ടല്‍ 200 കടന്നപാടെ ലിറ്റന്‍ ദാസ്(ഒന്ന്) കൂടി മടങ്ങിയതോടെ ബംഗ്ലാദേശിന്റെ സമയം കൂടുതല്‍ എണ്ണപ്പെട്ടു. പൊരുതി നിന്ന ഷാന്റോയും എട്ടാമനായി മടങ്ങി. രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. മെഹ്ദി ഹസന്‍ മിറാസ്(എട്ട്), ടസ്‌കിന്‍ അഹമദ്(അഞ്ച്), ഹസന്‍ മഹ്മൂദ്(ഏഴ്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. നാഹിദ് റാണ പൂജ്യനായി പുറത്താകാതെ നിന്നു.
നിര്‍ണായക സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിലെ ആറ് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ആര്‍. അശ്വിന്‍ കളിയിലെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: