കോഴിക്കോട്: പുതിയ കാലത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമാകുന്ന തരത്തില്‍ സഹകരണ മേഖലയെ സമ്പൂര്‍ണ പരിവര്‍ത്തനത്തിന് വിധേയമാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തതെന്ന് കേന്ദ്രന്ത്രി ബി.എല്‍. വെര്‍മ്മ.
ഭാരത് ലെജ്ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ 19-ാമത് വാര്‍ഷികജനറല്‍ ബോഡിയോഗം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘങ്ങളെ ആധുനികവല്‍ക്കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. സഹകരണ സംഘങ്ങളെ ജം പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയതോടെ 40 ലക്ഷം പേര്‍ക്ക് പ്രയോജനപ്രദമായി. അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ ഷെഡ്യൂളിങ് മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. ഇതോടെ സ്വര്‍ണ വായ്പയുടെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തി.
പതിമൂന്ന് സംസ്ഥാനങ്ങളിലായി 1900 അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്റ് ബാങ്കുകളെ കമ്പ്യൂട്ടര്വല്ക്കരിച്ചു. സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി ആനുകൂല്യങ്ങളും നല്കി. സംഘങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള ടിഡിഎസ് പരിധി മൂന്ന് കോടിരൂപയായി ഉയര്‍ത്തി.
ഭാരതത്തിലെ സമ്പൂര്‍ണ ഗ്രാമീണ മേഖലയെയും സഹകരണ രംഗവുമായി ബന്ധപ്പെടുത്തി അടിസ്ഥാന ജനവിഭാഗത്തിന്റെ സാമ്പത്തിക മുന്നേറ്റമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകത്തെ അഞ്ചാമത്തെ വികസിത രാജ്യമായി ഭാരതം മാറുമ്പോള്‍, ഇക്കാര്യത്തില്‍ രാജ്യത്തെ സഹകരണമേഖലയുടെ സംഭാവന ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്, അദ്ദേഹം പറഞ്ഞു.
മള്‍ട്ടി ലെവല്‍ കോ-ഓപറേറ്റീവ് സൊസൈറ്റികളെ കേന്ദ്രം ഏറെ പ്രോത്സാഹിപ്പിക്കുന്നു. ഈ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് ബിഎല്‍എം പോലുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ കാഴ്ചവയ്ക്കുന്നത്, അദ്ദേഹം പറഞ്ഞു.
ബിഎല്‍എം ചെയര്മാന് ആര്. പ്രേംകുമാര്‍ അധ്യക്ഷനായി. ബിഎല്‍എമ്മിന് കോഴിക്കോട് സ്വന്തം സ്ഥലത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി എല്‍എല്‍എം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഡ്വ. കെ.പി. പ്രകാശ് ബാബുവിനെ കേന്ദ്രമന്ത്രി ബി.എല്‍. വെര്‍മ്മ പൊന്നാട അണിയിച്ച് ആദരിച്ചു.
ജനറല്‍ ബോഡി യോഗത്തില്‍ 12500ലധികം അംഗങ്ങള്‍ പങ്കെടുത്ത സഹകരണ സംഘം എന്ന നിലയില്‍ ബിഎല്‍എം വേള്‍ഡ് ബുക്ക് ഓഫ് റിക്കാര്‍ഡ് കരസ്ഥമാക്കി. സര്‍ട്ടിഫിക്കറ്റ് യുഎസ്എ വേള്‍ഡ് റിക്കാര്‍ഡ്സ് യൂണിയന് മനേജര്‍ ക്രിസ്റ്റവര്‍ ടെയിലര്‍ ക്രാഫ്റ്റില്‍ നിന്നും ബിഎല്‍എം ചെയര്മാന് ആര്. പ്രേംകുമാര്‍ ഏറ്റുവാങ്ങി.
പോണ്ടിച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സായി ശരവണന്, പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കര്‍ രാജ വേലു, ബിഎല്‍എം പ്രസിഡന്റ് കരുണ മൂര്‍ത്തി, മാനേജിങ് ഡയറക്ടര്‍ കെ. മനോഹരന്, അഡ്മിന് ഡയറക്ടര്‍ സിദ്ധ്വേശ്വര് നായര്‍, ഡയറക്ടര്‍ വി.കെ. സിബി, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം. മനോജന്, ആര്. അജയ്, ഓഡിറ്റര്‍ ജോണ്‍ മോറിസണ്‍, വൈസ് പ്രസിഡന്റുമാരായ എ. വേദവ്യാസന്, ഒ. മുരുകന്, ഡയറക്ടര്‍ സോണിയ സെബാസ്റ്റ്യന്‍, വി.പി. സൈതലവി, എന്‍. ഷംസുദ്ദീന്, സിഇഒ നവീന്‍. എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: