തൃശൂര്‍: ചരിത്രകാരന് വേലായുധന് പണിക്കശേരിയുമായി മൂന്ന് മാസം മുന്‍പാണ് ഒരു അഭിമുഖം നടത്തിയത്. ഒരു പക്ഷേ അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖവും അതായിരുന്നു. അദ്ദേഹത്തിന്റെ നവതി (90 വയസ്സ്) ആഘോഷിക്കപ്പെടുന്ന നാളുകളില്‍ ഒന്നിലാണ് അഭിമുഖം നടന്നത്. അദ്ദേഹം ക്ഷീണിതനായിരുന്നു. ശബ്ദം പല കുറി നഷ്ടപ്പെട്ടതിനാല്‍ പല തവണ നീട്ടിവെച്ച ശേഷമാണ് വന്ന ഇന്റര്‍വ്യൂ നടന്നത്.
2024 സെപ്തംബര്‍ 20 വെള്ളിയാഴ്ചയാണ് വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 91. ഒരു നിമിഷം ആ അഭിമുഖത്തിലെ ചില ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നുപോയി. അന്ന് അദ്ദേഹം പലകാര്യങ്ങളും പങ്കുവെച്ച കൂട്ടത്തില്‍ ഏറെ വ്യസനത്തോടെ സംസാരിച്ചത് നളന്ദ-തക്ഷശിലയെക്കുറിച്ചായിരുന്നു. അതേ പേരില്‍ പണ്ട് ഒരു പുസ്തകം അദ്ദേഹം എഴുതിയിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായിരുന്നു നളന്ദ-തക്ഷശിലയെന്നും നളന്ദയിലെ ലൈബ്രറി ഒമ്പതു നിലകളിലുള്ള കെട്ടിടമായിരുന്നുവെന്നും അറ്റുപോയ ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായിരുന്നു നളന്ദ ലൈബ്രറിയെന്നും അദ്ദേഹം പറഞ്ഞു.
നളന്ദയുടെ ദുഖം
ഒരു യുട്യൂബ് ചാനല്‍ പുറത്തുവിട്ട അഭിമുഖത്തിലെ ഒരു ഭാഗം
“നളന്ദ ലൈബ്രറിയുടെ ശാഖകള്‍ പോലെ പല വലിയ ലൈബ്രറികളും അന്നത്തെ ഭാരതത്തില്‍ പലയിടത്തും ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ തഞ്ചാവൂരില്‍ അത്തരം ഒരു ലൈബ്രറി ഉണ്ടായിരുന്നു. കേരളത്തില്‍ മതിലകത്തും ഒരു വലിയ ലൈബ്രറി ഉണ്ടായിരുന്നത്രെ. അന്ന് നളന്ദയില്‍ താളിയോല ഗ്രന്ഥങ്ങളായിരുന്നു അധികവും. ദൂരദേശങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുപോലും പണ്ഡിതര്‍ പഠിപ്പിക്കാനെത്തിയിരുന്നു. തഞ്ചാവൂരില്‍ നിന്നുള്ള പല പണ്ഡിതരും നളന്ദയില്‍ പഠിപ്പിക്കാന്‍ എത്തിയിരുന്നു. അന്ന് നളന്ദയ്ക്കുള്ളില് മാത്രമല്ല, പുറത്ത് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നും ഈ പണ്ഡിതര്‍ പല വിഷയങ്ങളെക്കുറിച്ചും പഠിപ്പിക്കുകമായിരുന്നു. എല്ലാം തച്ചുടയ്ക്കാനായി ഒരു ദിവസം നളന്ദയെ ആക്രമിക്കാനെത്തിയത് ഭക്തിയാര്‍ ഖില്‍ജി എന്ന മുസ്ലിം ഭരണാധികാരിയായിരുന്നു.”- വേലായുധന് പണിക്കശേരി പറഞ്ഞു.
ഒമ്പത് നിലയുള്ള ലൈബ്രറിയായിരുന്നു നളന്ദയിലേത്. അത്രയ്ക്കധികം അടിസ്ഥാനഗ്രന്ഥങ്ങള്‍ അതില്‍ നിറച്ചിരുന്നു. ഒടുവില്‍ ക്രൂരനായ ഭക്തിയാര്‍ ഖില്‍ജി നളന്ദ ലൈബ്രറിയിലെ ഒരു താളിയോല പോലും പുറത്തുപോകരുതെന്ന് ആഗ്രഹിച്ചു. അതിനായിഅവിടെ കാവലിന് ആളുകളെ നിര്‍ത്തി. അതിന് ശേഷമാണ് നളന്ദ കത്തിച്ചത്. ദിവസങ്ങളോളം താളിയോലകള്‍ നിന്നു കത്തി. പുറത്തുചാടുന്ന പണ്ഡിതരെ കൊന്നൊടുക്കി. തുര്‍ക്കിയിലും അഫ്ഗാനിലും വേരുകളുള്ള ഖില്‍ജി രാജവംശമായിരുന്നു അന്ന് ദല്‍ഹി ഭരിച്ചിരുന്നത്. നളന്ദയിലെ ലൈബ്രറി ദിവസങ്ങളോളം നിന്നു കത്തുകയും അമൂല്യമായ താളിയോലകള്‍ എരിഞ്ഞുപോയതും ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വേലായുധന് പണിക്കശ്ശേരിയുടെ കണ്ഠം ഇടറിയിരുന്നു.
അമ്മയുടെ സ്നേഹത്താല്‍ ഏങ്ങണ്ടിയൂരില്‍ ഒതുങ്ങിയ ജീവിതം
കാരണം എങ്ങണ്ടിയൂരിലുള്ള കൃഷ്ണവിലാസം ലൈബ്രറിയില്‍ നിന്നും യാത്ര ആരംഭിച്ച അദ്ദേഹം അവിടുത്തെ ഓരോ പുസ്തകങ്ങളേയും സ്വന്തം മക്കളെപ്പോലെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. കൊല്‍ക്കത്ത ലൈബ്രറിയില്‍ നിന്നും മദ്രാസില്‍ നിന്നും ഒക്കെ വന്നിരുന്ന റഫറന്‍സ് ഗ്രന്ഥങ്ങളെ അത്രമേല്‍ കരുതലോടെ സൂക്ഷിച്ച് അതിലെ ജ്ഞാനത്തിന്റെ അടരുകളെ പുല്കിയ വ്യക്തിയാണ്. അതുകൊണ്ടായിരിക്കണം നളന്ദയിലെ കത്തുന്ന താളിയോലകള്‍ അദ്ദേഹത്തിന് സങ്കല്പിക്കാന് കഴിയുന്നതിനപ്പുറമുള്ള ദുസ്വപ്നമായി അനുഭവപ്പെട്ടത്. ഇന്ന് ആ തക്ഷശിലയിലെ ലൈബ്രറി ഉണ്ടായിരുന്നെങ്കില്‍ ഭാരതത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നും വിദ്യാഭ്യാസത്തില്‍ ഇന്നത്തേതിനേക്കാള്‍ എത്രയോ മടങ്ങ് ഉയരത്തില്‍ ഭാരതം എത്തിച്ചേര്ന്നിരുന്നേനെ എന്നും വേലായുധന് പണിക്കശ്ശേരി അന്ന് അടിവരയിട്ട് സൂചിപ്പിച്ചിരുന്നു. വാസ്തവത്തില്‍ ഭക്തിയാര്‍ ഖില്‍ജി എന്ന മുസ്ലിം ഭരണാധികാരി നളന്ദ കത്തിച്ചാമ്പലാക്കുന്നതിലൂടെ ഭാരതത്തിന്റെ സമ്പന്നമായ ഒരു ജ്ഞാനപൈതൃകത്തിന്റെ വേരുകള്‍ കൂടി പിഴുതുമാറ്റാനായിരുന്നു ശ്രമിച്ചതെന്നും വേലായുധന് പണിക്കശ്ശേരി നിരീക്ഷിച്ചിരുന്നു.
അദ്ദേഹത്തിന്റെ അമ്മയുമായുള്ള ആത്മബന്ധം കാരണം ഏങ്ങണ്ടിയൂരില്‍ ജീവിതം ഒതുക്കേണ്ടി വന്ന എഴുത്തുകാരനായിരുന്നു വേലായുധന് പണിക്കശ്ശേരി. ദൂരസ്ഥലത്ത് ജോലിക്ക് സെലക്ഷന് ലഭിക്കുമെന്നായപ്പോള്‍ അമ്മയ്ക്ക് പനി പിടിച്ചു. വയ്യാതായി. അതോടെ പുറംനാട്ടില്‍ ജോലിക്ക് പോകേണ്ടെന്ന് തീരുമാനിച്ചു. ഏങ്ങണ്ടിയൂരില്‍ അമ്മയ്ക്കൊപ്പം കൂടി. നാട്ടിലെ ചെറിയൊരു ലൈബ്രറിയില്‍ ലൈബ്രേറിയനായി ജീവിതം ആരംഭിച്ച് പുസ്തകങ്ങളുടെ കൂട്ടുകാരനായി. ദിവസേന മണിക്കൂറുകളോളം വായനയ്ക്കും എഴുത്തിനും ആയി നീക്കിവെച്ചു. നിശ്ശബ്ദത ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം ഇന്ത്യയുടേയും കേരളത്തിന്റേയും ചരിത്രത്തിലൂടെ നടന്ന് പല പുതിയകാര്യങ്ങളും കണ്ടെത്തി.
മുടങ്ങിപ്പോയ ഉപരിപഠനം
പത്താം ക്ലാസ് പാസായശേഷം ഉപരിപഠനത്തിന് പോകാനിരുന്ന അദ്ദേഹത്തിന് അതിന് സാധിച്ചില്ല. പാലക്കാട് വിക്ടോറിയ കോളെജില്‍ പഠിക്കാന്‍ പ്രവേശനം ലഭിച്ചിരുന്നു. കയ്യില്‍ പണമില്ലാതിരുന്ന അച്ഛന് തന്റെ ഭൂസ്വത്തില്‍ നിന്ന് ചെറിയൊരു ഭാഗം വില്ക്കാന് നിശ്ചയിച്ചു. എല്ലാം പറഞ്ഞുറപ്പിച്ചതായിരുന്നു. എന്നാല്‍ ആ കച്ചവടം മുടങ്ങിപ്പോയി. അതോടെ വേലായുധന് പണിക്കശ്ശേരിയുടെ ഉപരിപഠനവും അവിടെ അവസാനിച്ചു. പിന്നീടാണ് ഏങ്ങണ്ടിയൂരിലെ കൃഷ്ണവിലാസം ലൈബ്രറിയില്‍ ലൈബ്രേറിയനായി ജോലി ലഭിച്ചത്. പക്ഷെ അദ്ദേഹം ഈ അവസരം ശരിക്കും വിനിയോഗിച്ചു. ഏങ്ങണ്ടിയൂരിലെ ചേറ്റുവ എന്ന പ്രദേശം ചരിത്രമുറങ്ങുന്ന പ്രദേശമായിരുന്നു. ഏറെ പടയോട്ടങ്ങള്‍ നടന്ന സ്ഥലം. കേരളത്തിലെ രാജവംശങ്ങള്‍ മാറി മാറി ഭരിച്ച ഇവിടെ പിന്നീട് ഡച്ചുകാരും പോര്‍ച്ചുഗീസുകാരും മൈസൂര്‍ രാജാക്കന്മാരും എത്തി. ടിപ്പു ഇതിലൂടെ പടയോട്ടം നടത്തിയിരുന്നു. തൊട്ടയല്പക്കത്തുള്ള മുതിര്‍ന്നവരില്‍ നിന്നും ചേറ്റുവയുടെ നിറം പിടിപ്പിച്ച ചരിത്രകഥകള്‍ കേട്ട് വളര്‍ന്ന വേലായുധന് പണിക്കശ്ശേരി ആദ്യം ചേറ്റുവയുടെ ചരിത്രം പഠിക്കാനാണ് ശ്രമിച്ചത്.
ആത്മഗുരുവായി ശൂരനാട് കുഞ്ഞന്‍പിള്ള
അതിനായി അദ്ദേഹം ലൈബ്രറിയെ ഉപയോഗപ്പെടുത്തി. ക്രമേണ അദ്ദേഹത്തിന്റെ ജിജ്ഞാസ വികസിച്ചുവികസിച്ചുവന്നു. പിന്നീട് ജനയും വാരികയില്‍ പ്രാചീന കേരളത്തിന്റെ ചരിത്രം അദ്ദേഹം എഴുതിത്തുടങ്ങി. തുടര്‍ച്ചയായ പംക്തികള്‍. അങ്ങിനെയിരിക്കെയാണ് അന്ന് ശൂരനാട് കുഞ്ഞന്‍പിള്ളയുടെ ഒരു അഭിനന്ദനക്കത്ത് വേലായുധന്പണിക്കശ്ശേരിയെ തേടിയെത്തുന്നത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി വൈബ്രറിയിലെ ഗ്രന്ഥങ്ങള്‍ ചരിത്രരചനയ്ക്ക് ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശമായിരുന്നു ആ കത്തില്‍. ഉടനെ തിരുവനന്തപുരത്ത് ചെന്ന് ശൂരനാട് കുഞ്ഞന്‍പിള്ളയെ കണ്ടു. അത് വഴിത്തിരിവായി. കൂടുതല്‍ ആധികാരികമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എത്തി. ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്ന, യഥാര്‍ത്ഥത്തില്‍ ചരിത്രത്തെ ആഴത്തില്‍ ജിജ്ഞാസയോടെ അന്വേഷിച്ചു നടന്ന ശൂരനാട് കുഞ്ഞന്‍പിള്ളയെ ആത്മീയ ഗുരുവായി വോലയുധന്‍ പണിക്കശ്ശേരി മനസാ പ്രതിഷ്ഠിച്ചു.
കേരളം 600 കൊല്ലം മുന്‍പ്- ആദ്യ ചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കുന്നു
പിന്നീട് നാഷണല്‍ ബുക്ക് സ്റ്റാള്‍ (എന്‍ബിഎസ് ) വേലായുധന് പണിക്കശ്ശേരിയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. ആദ്യ ചരിത്രഗ്രന്ഥം ഇതായിരുന്നു. കേരളം അറുനൂറുകൊല്ലം മുന്‍പ് എന്ന കൃതി. അന്ന് കാരൂരായിരുന്നു എന്‍ബിഎസ് പുസ്തകസംഘത്തിന്റെ സെക്രട്ടറി. പ്രാചീന കേരളത്തെക്കുറിച്ചുള്ള വേലായുധന്പണിക്കശ്ശേരിയുടെ ഗ്രന്ഥം കണ്ട് ആകൃഷ്ടനായ എന്‍ബിഎസിന്റെ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന എഴുത്തുകാരന് കൂടിയായ ഹരിശര്‍മ്മയാണ് അത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. പക്ഷെ വിതരണത്തിന് എടുക്കണമെങ്കില്‍ പ്രസിദ്ധീകരണച്ചെലവ് ഗ്രന്ഥകാരന് വഹിക്കണം. 550 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുക നല്കാന് വേലായുധന് പണിക്കശ്ശേരിക്ക് നിര്‍വ്വാഹമില്ലായിരുന്നു. ഒടുവില്‍ ഹരിശര്‍മ്മ തന്നെ സ്വന്തം അക്കൗണ്ടില്‍ നിന്നും ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പണം നല്കി. ഇക്കാര്യം വേലായുധന് പണിക്കശ്ശേരിയെ അറിയിക്കുകയും ചെയ്തു. അങ്ങിനെ വേലായുധന് പണിക്കശ്ശേരിയുടെ ആദ്യ ചരിത്രഗ്രന്ഥം- കേരളം 600 കൊല്ലം മുന്‍പ്- എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് ഈ കൃതി യൂണിവേഴ്സിറ്റി തലത്തില്‍ വരെ പാഠപുസ്തകങ്ങളായി. നവതി ആഘോഷിക്കുന്ന വേളയില്‍ ഇദ്ദേഹത്തിന്റെതായി വിവിധശാഖകളില്‍ 62ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ പ്രധാനം വിദേശ യാത്രികരുടെ അനുഭവങ്ങളായിരുന്നു. ഇദ്രീസി, ഇബ്നുബത്തൂത്ത, മാര്‍ക്കോപോളൊ തുടങ്ങിയവരുടെ യാത്രാവിവരണങ്ങള്‍ അദ്ദേഹം മലയാളത്തില്‍ പുസ്തകങ്ങളാക്കി. ഏത് കൊച്ചുകുട്ടിക്കും വായിച്ചാല്‍ മനസ്സിലാകുന്ന ഭാഷയിലുള്ള അദ്ദേഹത്തിന്റെ എഴുത്ത് ജനങ്ങളെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചു. ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ, ഇബ്നുബത്തൂത്ത കണ്ടകേരളം, മാര്‍ക്കോപോളൊ ഇന്ത്യയില്‍, അല്‍ ഇദ്രീസിയുടെ ഇന്ത്യ, സഞ്ചാരികള്‍ കണ്ട കേരളം, സഞ്ചാരികളും ചരിത്രകാരന്മാരും എന്നീ ഗ്രന്ഥങ്ങളിലൂടെ വേലായുധന് പണിക്കശ്ശേരി തന്നെ ആരാധിക്കുന്ന വായനക്കാരുടെ വലിയൊരു സഞ്ചയം സൃഷ്ടിച്ചെടുത്തു.
വിടവാങ്ങും മുന്‍പ് ആത്മകഥയും പൂര്‍ത്തിയാക്കി
ഞാന്‍ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടയിലാണ് അദ്ദേഹം തന്റെ 90ാം ജന്മദിനാഘോഷത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഏങ്ങണ്ടിയൂരില്‍ എത്തുന്ന വിവരം പറയുന്നത്. കുറച്ചുദിവസത്തിനുള്ളില്‍ കേരള ഗവര്‍ണര്‍ ഏങ്ങണ്ടിയൂരില്‍ എത്തി. നവതി ആഘോഷം ഉദ്ഘാടനം ചെയ്യുന്നു. ആ നവതി ദിവസത്തില്‍ വലിയൊരു സര്‍പ്രൈസ് വേലായുധന് പണിക്കശ്ശേരി ഒളിപ്പിച്ചുവെച്ചിരുന്നു. അത് മറ്റൊന്നുമല്ല, തന്റെ 63ാം പുസ്തകമായി ആത്മകഥ പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനമായിരുന്നു. ഇത് ഡിസി ബുക്സായിരിക്കും പ്രസിദ്ധീകരിക്കുക. എഴുത്തിലെ തന്റെ അവസാനദൗത്യമായി ആത്മകഥ കൂടി എഴുതിത്തീര്‍ത്തതിന് ശേഷമാണ് വേലായുധന് പണിക്കശ്ശേരി വിടവാങ്ങിയത്.
സംവിധായകന് വിനയന് നല്കിയ വേദന
എന്റെ അഭിമുഖത്തില്‍ അദ്ദേഹം സംവിധായകന് വിനയന് അദ്ദേഹം ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് എഴുതിയ പുസ്തകത്തെ ആധാരമാക്കി 18ാം നൂറ്റാണ്ട് എന്ന സിനിമയെടുത്ത കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ആ സിനിമയില്‍ വിനയന് രണ്ട് വ്യത്യസ്തകാലത്തെ ചരിത്രം കൂട്ടിക്കുഴച്ച കാര്യത്തില്‍ വിഷമമുണ്ടായിരുന്നെങ്കിലും സിനിമയ്ക്ക് അതാകാം എന്നാണ് വേലായുധന് പണിക്കശ്ശേരി പറഞ്ഞത്. പക്ഷെ സംവിധായകന് വിനയന് അതില്‍ വേലായുധന് പണിക്കശ്ശേരിക്ക് ഒരു ക്രെഡിറ്റും നല്‍കിയിരുന്നില്ല എന്ന കാര്യം അദ്ദേഹം വല്ലാതെ വേദനിപ്പിച്ചിരുന്നു. അത് അദ്ദേഹം തുറന്നുപറയുകയും ചെയ്തിരുന്നു.
നടരാജഗുരുവിന്റെ അഭിനന്ദനം
പത്താം ക്ലാസ് വരേയെ പഠിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും അദ്ദേഹം യൂണിവേഴ്സിറ്റികളില്‍ പാഠപുസ്തകങ്ങളായി മാറിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഒരിയ്ക്കല്‍ നടരാജഗുരു വേലായുധന് പണിക്കശ്ശേരിയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞത് ഇതാണ്:” വേലായുധന് പണിക്കശ്ശേരി വിദേശത്തായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങള്‍ക്കും ഓരോ പിഎച്ച് ഡി കിട്ടുമായിരുന്നു”. അതാണ് വേലായുധന് പണിക്കശ്ശേരിയുടെ എഴുത്തിലെ ആഴവും ആധികാരികതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: