ചെന്നൈ: സ്വന്തംനാട്ടില്‍ രവിചന്ദ്രന്‍ അശ്വിന് നടത്തിയ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യ നേടി. നാലാംദിനം ആദ്യ സെഷനില്‍ത്തന്നെ 280 റണ്സി്ന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 515 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നാലിന് 158 എന്ന നിലയില്‍ കളിയാരംഭിച്ച ബംഗ്ലാദേശിന് 234 റണ്‍സേ നേടാനായുള്ളൂ. രണ്ടാം ഇന്നിങ്സില്‍ ആറുവിക്കറ്റ് നേടിയ അശ്വിനാണ് വിജയം വേഗത്തിലാക്കിയത്.
അശ്വിന്റെ റെക്കോര്‍ഡ് പ്രകടനം ഇന്ത്യന്‍ വിജയത്തിന്റെ മാറ്റ് കൂട്ടി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ( 522)രണ്ടാമത്തെ താരമായി അശ്വിന് മാറി. ഇതിന് പുറമെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ 5 വിക്കറ്റ് നേട്ടങ്ങള്‍ (37), ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ 10 വിക്കറ്റ് നേട്ടങ്ങള്‍. ലോകത്തിലെ ഏറ്റവും വേഗത്തില്‍ 250, 300, 350 വിക്കറ്റുകള്‍ തികച്ച താരം എന്നീ നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും നേടിയ അശ്വിന് തന്നെയാണ് മത്സരത്തിലെ താരം.
മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നജ്മുള്‍ ഷാന്റോയും (51) ഷാക്കിബ് അല്‍ ഹസനുമായിരുന്നു (5) ക്രീസില്‍. സാക്കിര്‍ ഹസന് (33), ശദ്മാന്‍ ഇസ്ലാം (35), മൊമീനുല്‍ ഹഖ് (13), മുഷ്ഫിഖുര്‍റഹീം (13) എന്നിവര്‍ മൂന്നാംദിനംതന്നെ പുറത്തായിരുന്നു. ഈ കൂട്ടുകെട്ട് പൊളിച്ചായിരുന്നു അശ്വിന് ഇന്നത്തെ ഇന്ത്യന്‍ മുന്നേറ്റത്തിന് തുടക്കമിട്ടത്. 25 റണ്‍സോടെ ഷാക്കിബ് ആദ്യം മടങ്ങി. എട്ടാമനായാണ് നജ്മുല്‍ ഹുസൈന് നാലാം ദിനം പുറത്തായത്. ലിറ്റണ്‍ ദാസ് (1), മെഹിദി ഹസന് മിറാസ് (8), തസ്കിന് അഹ്മദ് (5) എന്നിവരും മടങ്ങിയതോടെ മത്സരം ഇന്ത്യ പിടിച്ചെടുക്കുകയായിരുന്നു.രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തിലായിരുന്നു ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്
ജയത്തോടെ ഇന്ത്യ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി. ടെസ്റ്റില്‍ തോല്വിയെക്കാളേറെയാണ് ഇന്ത്യയുടെ വിജയങ്ങള്‍ എന്നതാണത്. നിലവില്‍ 580 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ, 179 എണ്ണത്തില്‍ വിജയം കൈവരിച്ചു. 178 എണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യ ഇതാദ്യമായാണ് തോല്‍വിയെക്കാള്‍ കൂടുതല്‍ എണ്ണം ജയിച്ച മത്സരങ്ങള്‍ ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: