തിരുവല്ല: ജന്മഭൂമി ഓണത്തിനു പുറത്തിറക്കിയ പ്രത്യേക പതിപ്പുകള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ ശതാബ്ധിയോടനുബന്ധിച്ച് ‘സംഘം’, വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് ‘ശിവം’, വനിതാശാക്തീകരണം പ്രമേയമാക്കി ‘സുന്ദരം’ എന്നിങ്ങനെ മൂന്നു പതിപ്പുകളാണ് ജന്മഭൂമി ഈ ഓണത്തിനു പുറത്തിറക്കിയത്. വൈക്കം സത്യഗ്രഹ ശതാബ്ദി പതിപ്പായ ശിവമാണ് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്.
വൈക്കം സത്യഗ്രഹ സമരത്തില്‍ സ്വാമി ആഗമാനന്ദന്റെ പങ്ക് മാധ്യമലോകം ബോധപൂര്‍വ്വം തമസ്‌കരിച്ചെന്ന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍ ചൂണ്ടിക്കാട്ടുന്നു. മഹാത്മാഗാന്ധിയും ഇണ്ടംതുരുത്തി ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ദ്വിഭാഷിയായത് കൊല്ലം ചവറ സ്വദേശിയായ കൃഷ്ണന്‍ നമ്പ്യാതിരിയായിരുന്നു. ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയുടെ അകന്നബന്ധു കൂടിയായ കൃഷ്ണന്‍ നമ്പ്യാതിരി 1928ല്‍ സംന്യാസം സ്വീകരിച്ചപ്പോഴാണ് സ്വാമി ആഗമാനന്ദന്‍ എന്നു പേരുമാറ്റിയത്.
ഗാന്ധിജിക്ക് സംസ്‌കൃതവും ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിക്ക് ഇംഗ്ലീഷും അറിയില്ലായിരുന്നു. അതിനാല്‍ ആശയവിനിമയത്തിന് ഒരു ദ്വിഭാഷി വേണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത് ഗാന്ധിജിയാണ്. ഇരു ഭാഷകളിലും അഗാധ പാണ്ഡിത്യമുള്ള യുവാവായ കൃഷ്ണന്‍ നമ്പ്യാതിരി ദ്വിഭാഷിയായി എത്തിയത് ഇങ്ങനെയാണ്.
1925 മാര്‍ച്ച് 10ന് ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് ഗാന്ധിജി ചര്‍ച്ചകള്‍ക്കായി ഇണ്ടംതുരുത്തി മനയില്‍ എത്തിയത്. അതിനും ഒരു ദിവസം മുന്നേ ഗാന്ധിജി വൈക്കത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കളായ മഹാദേവ ദേശായി, രാമദാസ് ഗാന്ധി, സി. രാജഗോപാലാചാരി, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ എന്നിവരും ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നു.
വടക്കുംകൂര്‍ രാജ, തെക്കുംകൂര്‍ രാജ, ദിവാന്‍ പേഷ്‌കാര്‍ എം.വി. സുബ്രഹ്മണ്യയ്യര്‍, തഹസീല്‍ദാര്‍ സുബ്രഹ്മണ്യയ്യര്‍, ദേവസ്വം അസി.കമ്മീഷണര്‍ പി. വിശ്വനാഥയ്യര്‍ എന്നിവരും ദേവന്‍ നമ്പ്യാതിരിയുടെ ഭാഗത്തു നിന്ന് ചര്‍ച്ചകളില്‍ ഭാഗഭാക്കായി.
അന്ന് ഗാന്ധിജിയും ദേവന്‍ നമ്പ്യാതിരിയും തമ്മില്‍ നടന്ന ചോദ്യോത്തരത്തിന്റെ പൂര്‍ണ്ണരൂപം ആഗമാനന്ദസ്വാമികളുടെ ജീവചരിത്രത്തില്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഹിന്ദുഐക്യത്തിനും സാമൂഹ്യപരിഷ്‌ക്കരണത്തിനും നിസ്തുല സംഭാവന നല്‍കിയ ആഗമാനന്ദസ്വാമികളുടെ പേര് വൈക്കം സത്യഗ്രഹസമരത്തിന്റെ ഭാഗമായി എവിടെയും രേഖപ്പെടുത്തരുതെന്നു നിര്‍ബന്ധമുള്ള മലയാള മാധ്യമ ലോകം അന്നേ ഈ ചരിത്രവസ്തുതയെ തമസ്‌കരിക്കാനാണ് ശ്രമിച്ചതെന്നും ഇനിയെങ്കിലും ഈ വസ്തുത ശരിയായി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്നും പി. നാരായണന്‍ പറയുന്നു.
1936 ഏപ്രിലില്‍ ശ്രീശങ്കര ജയന്തി ദിനത്തില്‍ കാലടിയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതു സ്വാമി ആഗമാനന്ദയായിരുന്നു. അധഃസ്ഥിതര്‍ക്കു ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്തു ദലിത് ബാലനെ വേദവും പൂജയും പഠിപ്പിച്ചു ക്ഷേത്രത്തില്‍ പൂജ നടത്തിച്ച അദ്ദേഹം സമഭാവനയുടെ പ്രതീകമായി.
1896 ഏപ്രില്‍ 17ല്‍ കൊല്ലം കരുനാഗപ്പള്ളി താലൂക്കിലായിരുന്നു പി.കൃഷ്ണന്‍ നമ്പ്യാതിരിയുടെ ജനനം. മാവേലിക്കര ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വാമി നിര്‍മലാനന്ദ ഹരിപ്പാട്ടെത്തി ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതോടെ അദ്ദേഹവുമായി അടുത്തു. ശ്രീരാമകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രഥമശിഷ്യരെക്കുറിച്ചും കേട്ടറിഞ്ഞതോടെ ത്യാഗിയായ സന്യാസിയാകാന്‍ ആഗ്രഹമായി. സ്വാമി ബ്രഹ്മാനന്ദയില്‍നിന്നു മന്ത്രദീക്ഷ സ്വീകരിച്ചു.
മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഓണേഴ്‌സിനു പഠിക്കുന്ന കാലത്തു മഹാത്മാ ഗാന്ധിയുമായി പരിചയപ്പെട്ടു. 1928 ല്‍ സ്വാമി നിര്‍മലാനന്ദയില്‍ നിന്നു സന്യാസം സ്വീകരിച്ച് സ്വാമി ആഗമാനന്ദയായി. ശ്രീശങ്കര ജന്മദേശമായ കാലടിയുടെ ഉദ്ധാരണം ജീവിതകര്‍ത്തവ്യമായി സ്വീകരിച്ചു. തുടര്‍ന്നാണ് അദ്വൈതാശ്രമം സ്ഥാപിച്ചത്. ആത്മീയാചാര്യന്‍, വാഗ്മി, പത്രാധിപര്‍, ഗ്രന്ഥകാരന്‍, ദലിതരുടെ ഉദ്ധാരകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തി നേടി.
ശതാബ്ദിയിലേക്കെത്തുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനവും നവതിയില്‍ എത്തിയ നാരായണ്‍ജിയുടെ ജീവിതവും അമ്പതിലേക്കെത്തിയ ജന്മഭൂമി ദിനപ്പത്രത്തിന്റെ ചരിത്രവും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. ഓണപ്പതിപ്പിലെ ആദ്യ ബുക്കായ സംഘം പതിപ്പില്‍ നൂറ് തൊണ്ണൂറ് അമ്പത് എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ഇവ മൂന്നും സമഞ്ജസമായി പ്രതിപാദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: