കളമശ്ശേരി/കരുമാലൂര്‍(കൊച്ചി): മലയാളത്തിന്റെ അമ്മ നടി കവിയൂര്‍ പൊന്നമ്മക്ക് നാടിന്റെ കണ്ണീര് പ്രണാമം. വെള്ളിയാഴ്ച രാത്രിയില്‍ ലിസി ആശുപത്രിയിലും തുടര്‍ന്ന് ഇന്നലെ രാവിലെ കളമശ്ശേരി നഗരസഭ ടൗണ്‍ഹാളിലും ഉച്ചയോടെ ആലുവ കരുമാലൂരിലെ ‘ശ്രീപീഠം’ വീട്ടിലെത്തിച്ചപ്പോഴും സിനിമാലോകവും ബന്ധുക്കളും നാട്ടുകാരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കളമശ്ശേരിയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപിഅടക്കം മലയാള സിനിമയിലെ പ്രമുഖ നടന്മാരെല്ലാം അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് 40 മിനിറ്റോളം കവിയൂര്‍ പൊന്നയ്ക്ക് സമീപം ഇരുന്നു. മലയാളത്തിന്റെ അമ്മയെ ഒരു നോക്കുകാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഒഴുകിയെത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, നേതാക്കളായ ശോഭ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, ഡോ. കെ.എസ്. രാധാകൃഷ്ണന് തുടങ്ങിയവരും കളമശ്ശേരിയിലും വീട്ടിലുമായെത്തി അന്തിമോപചാരം അര്‍പ്പിച്ചു. 9.15 മുതല്‍ 12 മണി വരെയായിരുന്നു കളമശേരിയിലെ പൊതുദര്‍ശനം. 1 മണിക്ക് മൃതദേഹം കരുമാലൂരിലെ വീട്ടിലെത്തിച്ചു. മൂന്നിടത്തും കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി എത്തി ബന്ധുക്കള്‍ക്ക് ആശ്വാസമേകി. കളശ്ശേരിയില്‍ നിന്ന് മൃതദേഹം പുറത്തിറക്കി ആംബുലന്‍സിലേക്ക് മാറ്റാനും സുരേഷ്ഗോപി മുന്നില്‍ നിന്നു.
വൈകിട്ട് 3.30 യോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. സഹോദരന്മാരായ ഗണേഷ്, സുരേഷ്, മനോജ്, സഹോദരീ പുത്രന് ദിന എന്നിവര്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. പിന്നീട് മൃതദേഹം വീടിന് പിന്നിലെ ചിതയൊരുക്കുന്ന സ്ഥലത്തേക്ക് എടുത്തു.
സംസ്ഥാന പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം 4.30യോടെ ഇളയ സഹോദരന് മനോജ് ചിതക്ക് തീകൊളുത്തി. ഈ സമയം വീടും പരിസരവുമെല്ലാം ജനസഞ്ചയമായി മാറി. പുഴയേയും ഗ്രാമീണതയേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പൊന്നമ്മ 15 വര്‍ഷത്തിലേറെയായി കരുമാലൂരില്‍ പെരിയാറിന്റെ തീരത്ത് താമസമാക്കിയിട്ട്. സിനിമകളിലെ താരജാഡ വിട്ട് നാട്ടുകാരുമായി അടുത്തബന്ധം സൂക്ഷിക്കാന്‍ പൊന്നമ്മ ശ്രമിച്ചിരുന്നു. 10 വയസ് വരെ താമസിച്ച തിരുവല്ലയിലെ കവിയൂരില്‍ നിന്ന് പോലും നാട്ടുകാര്‍ പൊന്നമ്മയ്ക്ക് വിടചൊല്ലാനെത്തി. ഏകമകള്‍ ബിന്ദു അമ്മയുടെ അസുഖ വിവരം അറിഞ്ഞ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. പിന്നീട് രോഗം ഭേദപ്പെട്ടതോടെ ബുധനാഴ്ചയാണ് മടങ്ങിയത്. പിന്നാലെയാണ് രോഗം മൂര്‍ച്ഛിച്ചത്. എന്നാല്‍ നിയമ തടസം മൂലം അവര്‍ക്ക് മടങ്ങിയെത്താനായില്ല. ഇതോടെയാണ് ബന്ധുക്കള്‍ അന്തിമകര്‍മം നടത്തിയത്.
1962ല്‍ ശ്രീരാമപട്ടാഭിഷേകം എന്ന സിനിമയിലൂടെ മണ്ഡോദരിയായി തുടങ്ങിയ സിനിമ സപര്യ 2021 വരെ ഇടതടവില്ലാതെ തുടര്‍ന്നു. ഗ്രാമീണത തുളുമ്പുന്ന അമ്മ വേഷത്തിലൂടെ മലയാളികളുടെ മനസിലേക്ക് ഇടം നേടി. 1966ലാണ് സത്യന്റെ അമ്മയായി ആദ്യം അമ്മറോളിലെത്തുന്നത്. 45കാരന് 25കാരി അമ്മ അന്ന് വലിയ ചര്‍ച്ചയായി. പിന്നീട് അമ്മ എങ്ങനെയായിരിക്കണമെന്ന് മലയാളികളുടെ മാതൃകയായും അവര്‍ മാറി. തലമുറകള്‍ പലത് മാറിയെങ്കിലും പൊന്നമ്മ അമ്മ വേഷത്തില്‍ അരങ്ങ് വാണു. ഈ കാലയളവില്‍ തമിഴിലടക്കം ആയിരത്തോളം സിനിമകളില്‍ വേഷമിട്ടു. പിന്നീടാണ് പ്രായാധിക്യത്തെ തുടര്‍ന്ന് അഭിനയം നിര്‍ത്തുന്നത്. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: