തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് നല്കിയ മെമ്മോറാണ്ടം ചെലവ് എന്ന നിലയില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിലൂടെ മാധ്യമങ്ങള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും കേന്ദ്രസഹായം മുടക്കാന്‍ ക്വട്ടേഷനെടുത്തുള്ള നശീകരണ മാധ്യമപ്രവര്‍ത്തനമാണിതെന്നും അധിക്ഷേപിച്ച് മുഖ്യമന്ത്രി.
ചില പ്രത്യേക താത്പര്യങ്ങളോടെയുള്ള മാധ്യമങ്ങളുടെ ‘ക്രിമിനല്‍ വാസനാവികൃതി’യാണിതെന്നു പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും മുഴക്കി.
മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ദുരന്തങ്ങള്‍ക്ക് തയാറാക്കിയ മെമ്മോറാണ്ടം ആരും വിവാദമാക്കിയില്ല. മെമ്മോറാണ്ടം തയാറാക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ ഇവയുടെ ഒന്നും ചെലവുകളുടെ യഥാര്‍ത്ഥ ബില്ലുകള്‍ ലഭ്യമായിട്ടില്ല.
നടക്കുന്ന രക്ഷാപ്രവര്‍ത്തനവും അത് എത്രനാള്‍ തുടരാന്‍ സാധ്യതയുണ്ട് എന്നതിന്റെയും അടിസ്ഥാനത്തില്‍ ഒരു പ്രൊജക്ടഡ് തുക തയാറാക്കി സമര്‍പ്പിക്കാനാണ് സാധിക്കുക.
മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്രസേനകള്‍ക്ക് ഉണ്ടായ ചെലവുകള്‍, ഉപയോഗിച്ച അത്യാധുനിക ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള ചെലവുകള്‍ തുടങ്ങിയവ എല്ലാം ബില്ലുകള്‍ ആയി പിന്നീടാണ് വരിക.
മാധ്യമങ്ങള്‍ മെമ്മോറാണ്ടത്തെ അഴിമതിയും ധൂര്‍ത്തുമെന്ന് അവതരിപ്പിച്ചത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. മാധ്യമങ്ങള്‍ വിവാദനിര്മാണ ശാലകളായി മാറി.
കേന്ദ്രത്തില്‍ നിന്ന് പരമാവധി സഹായം വാങ്ങിയെടുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അതിനെ തുരങ്കം വയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.
ദുരന്തങ്ങളില്‍ നഷ്ടപരിഹാരം കണക്കാക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വിവാദങ്ങളിലൂടെ ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായധനം കുറയ്ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: