തിരുവനന്തപുരം: ഹോട്ടലിൽ കയറി അതിക്രമം കാണിച്ചതിന് സിപിഎം നേതാവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റിൽ. സ്ത്രീകളേയും കുട്ടിയേയും കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ആര്യനാട് പോലീസ് വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്തത്. വെള്ളനാട് ശശിക്കെതിരെ ആര്യനാട് പോലീസ് കേസെടുത്തിരുന്നു.
വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരനായ നെടുമാനൂർ അയണിത്തലക്കൽ സ്വദേശി അരുൺ ജി. റോജ്, ഭാര്യ സുകന്യ, എട്ടുവയസുകാരനായ മകൻ, ഭാര്യാമാതാവ് ഗീത എന്നിവരെ ആക്രമിച്ചെന്നാണ് പരാതി. വെള്ളനാട് കുളക്കോട് വില്ലേജ് ഓഫീസിന് മുന്നിലെ ഹോട്ടലിൽ ഇന്നലെ ഉച്ചയ്‌ക്ക് 1.30നായിരുന്നു സംഭവം. ഗതാഗത തടസമുണ്ടാക്കും വിധം ഹോട്ടലിന് മുന്നിൽ സ്ഥാപിച്ച ബോർഡ് മാറ്റണമെന്ന് മൂന്നുദിവസം മുമ്പ് വെള്ളനാട് ശശി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യമുന്നയിച്ച് ഇന്നലെയും ശശി കടയിലെത്തി. തുടർന്നുണ്ടായ തർക്കം അരുണിന്റെ മകൻ മൊബൈലിൽ പകർത്തി. ഇതിൽ പ്രകോപിതനായ ശശി കുട്ടിയെ അക്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഗീതയുടെ നെഞ്ചിൽ അടിയേറ്റെന്നും പരാതിയുണ്ട്. വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടിയ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തെന്ന് ആര്യനാട് സി.ഐ അജീഷ് അറിയിച്ചു. ചൈൽഡ് ലൈനിലും പരാതി നൽകുമെന്ന് കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു.
ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം അരുണിന്റെ ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് മാറ്റണമെന്ന് മൂന്ന് ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നതായി വെള്ളനാട് ശശി പറഞ്ഞു. ഇന്നലെ കടയിലെത്തി ബോർഡ് അകത്തേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടത്. ഇതിനിടെ അരുണിന്റെ മകൻ ഫോണിൽ വീഡിയോ എടുത്തു. തുടർന്ന് താൻ ഫോൺ തട്ടി താഴെയിട്ടെങ്കിലും കുട്ടിയെ ആക്രമിച്ചിട്ടില്ല. ജനപ്രതിനിധിയെന്ന നിലയിൽ കടയുടെ മുന്നിലെ തടസം മാറ്റണമെന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ. ചീത്തവിളിച്ച കടയുടമയ്‌ക്കെതിരെ പരാതി നൽകുമെന്നും വെള്ളനാട് ശശി അറിയിച്ചു.
എന്നാൽ അരുണിന്റെ മകന്റെ കൈയിൽ നിന്നും വെള്ളനാട് ശശി ഫോൺ തട്ടിയെ റിയുന്നതും തുടർന്ന് സ്ത്രീകളെ മർദ്ദിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. വെള്ളനാട് ശശി അടുത്തിടെയാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ വെള്ളനാട് ശശിക്ക് പിരിവ് നൽകാത്തതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക