ലഖ്നൗ: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പകരം അയോധ്യ ജില്ലയിലെ ധന്നിപൂരിൽ പുതിയ പള്ളി നിർമിക്കുന്നതിന് സുന്നി സെൻട്രൽ വഖഫ് ബോർഡ് രൂപവത്കരിച്ച ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികൾ പിരിച്ചുവിട്ടു. വ്യാഴാഴ്ച ലഖ്നൗവിൽ ഐഐസിഎഫ് ചീഫ് ട്രസ്റ്റിയും സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാനുമായ സുഫർ ഫാറൂഖിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻസ്, വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. ധന്നിപൂരിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ച് നാലു വർഷമായിട്ടും ഒരു കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട്, വിദേശത്തുനിന്ന് പണം പിരിക്കാൻ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ വിശദാംശങ്ങളും ട്രസ്റ്റ് മാർച്ചിൽ കേന്ദ്രത്തിന് നൽകിയിരുന്നു, ഇപ്പോൾ മുഴുവൻ ശ്രദ്ധയും ആവശ്യമായ അനുമതികൾ നേടി മസ്ജിദ് നിർമ്മാണ പദ്ധതി വേഗത്തിലാക്കുന്നതിലാണ്,” ഐഐസിഎഫ് സെക്രട്ടറി അത്താർ ഹുസൈൻ പിടിഐയോട് പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി, വികസന സമിതി — മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല — മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി എന്നിവയാണ് പിരിച്ചുവിട്ട കമ്മിറ്റികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: