Kerala

ഷിരൂരില്‍ മൂന്നാംഘട്ട തെരച്ചില്‍ തുടങ്ങി

Published by

ബെംഗളൂരു:കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനുള്‍പ്പെടെ മൂന്നു പേര്‍ക്കായുളള മൂന്നാംഘട്ട തെരച്ചില്‍ ശനിയാഴ്ച വൈകിട്ട് ഔദ്യോഗികമായി തുടങ്ങി. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചില്‍ ആരംഭിച്ചത്. ഇത് അവസാന ശ്രമമാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞു.

ശനിയാഴ്ച ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചില്‍ ആരംഭിക്കും.

വൈകിട്ട് 5.30ഓടെയാണ് ഷിരൂരില്‍ ഗംഗാവലി പുഴയില്‍ ലോറി കാണാതായെന്ന് സംശയിക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ എത്തിച്ചത്. ഇരുപത് മിനിട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്.

66 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ആണ് മൂന്നാം ഘട്ട തെരച്ചില്‍ തുടങ്ങുന്നത്. വേലിയേറ്റം ആരംഭിച്ചതോടെ രാവിലെ 10 മണിക്ക് ഡ്രഡ്ജര്‍ ഷിരൂരിനെ ലക്ഷ്യമിട്ട് നീങ്ങി. കൊങ്കണ്‍ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്നു അപകട സ്ഥലത്തിന് 200 മീറ്റര്‍ അകലെ നങ്കൂരമിട്ടു. കാര്‍വാര്‍ എംഎല്‍എയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയത് വൈകിട്ട് അഞ്ചുമണിയോടെയാണ്.

പിന്നാലെ ദൗത്യം തുടങ്ങുന്നതിന് മുന്നോടിയായുളള പൂജ നടന്നു. തുടര്‍ന്നാണ് തെരച്ചില്‍ തുടങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by