ഫോന്റ്‌വിയേല്ലി(മൊനാക്കോ): സ്പാനിഷ് ലാ ലിഗയില്‍ ഉജ്ജ്വല തുടക്കം ലഭിച്ച എഫ്‌സി ബാഴ്‌സിലോണയ്‌ക്ക് സീസണിലെ തങ്ങളുടെ ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കനത്ത തിരിച്ചടി. ബാഴ്‌സയെ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കളിയുടെ 11-ാം മിനിറ്റില്‍ പത്ത് പേരായി ചുരുങ്ങിയതോടെ ബാഴ്‌സ തളര്‍ന്നു. ഒടുവില്‍ അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ഇരുഭാഗത്തേക്കും മുന്നേറ്റം നടന്നുകൊണ്ടിരിക്കെ 11-ാം മിനിറ്റില്‍ മൊണാക്കോ മുന്നേറ്റതാരം ടാക്കുമി മിനാമിനോയെ ബോക്‌സിന് തൊട്ടുവെളിയില്‍ വച്ച് ഗുരുതരമായി ഫൗള്‍ ചെയ്തതിന് ബാഴ്‌സയുടെ മദ്ധ്യനിരതാരം എറിക് ഗാര്‍ഷ്യ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. ഈ തിരിച്ചടിയില്‍ പകച്ചുനിന്ന ബാഴ്‌സയ്‌ക്കെതിരെ മൊണാക്കോ ആദ്യ വെടിപൊട്ടിച്ചു. കളിക്ക് 16 മിനിറ്റെത്തിയപ്പോള്‍ മനോഹരമായൊരു മുന്നേറ്റത്തിനൊടുവില്‍ മാഘ്‌നെസ് അക്ലിയോച്ചെ ആണ് ഗോള്‍ നേടിയത്. ഇതിനെതിരെ പത്ത് മിനിറ്റിനകം ബാഴ്‌സയുടെ കൗമാര സൂപ്പര്‍ താരം ലാമിന്‍ യമാല്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. കളിയില്‍ ഈ ഒരു മുന്നേറ്റം മാത്രമേ ലാ ലിഗയില്‍ ആദ്യ അഞ്ച് മത്സരവും ജയിച്ച ബാഴ്‌സയ്‌ക്ക് സാധിച്ചുള്ളൂ. ആദ്യ പകുതി സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാം പകുതിയിലും കളം നിറഞ്ഞത് മൊണാക്കോ ആണ്. 71-ാം മിനിറ്റില്‍ ജോര്‍ജ് ഇലനിഖേന അവരുടെ വിജയഗോള്‍ നേടി.
യൂറോപ്പിലെ വമ്പന്‍ ഫുട്‌ബോള്‍ ലീഗിന്റെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ബാഴ്‌സ തോല്‍വിയോടെ തുടങ്ങുന്നത്. ഇതിന് മുമ്പ് 1997-98 സീസണില്‍ ന്യൂകാസില്‍ യുണൈറ്റഡിനോടും 2021-22 സീസണില്‍ ബയേണ്‍ മ്യൂണിക്കിനോടും തോറ്റുകൊണ്ടാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് മത്സരം തുടങ്ങിയത്. 17-ാം വയസില്‍ യമാല്‍ ഗോള്‍ നേടിയത് മാത്രമാണ് ഇന്നലത്തെ മത്സരത്തില്‍ ബാഴ്‌സയ്‌ക്ക് ആശ്വസിക്കാനുള്ളത്. ജര്‍മന്‍ പരിശീലകന്‍ ഹന്‍സി ഫഌക്ക് പരിശീലക പദവി ഏറ്റെടുത്ത ശേഷം ബാഴ്‌സ ആദ്യമായാണ് തോല്‍ക്കുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റ പ്രീമിയര്‍ ലീഗ് കരുത്തരായ ആഴ്‌സണലിനെ സമനിലയില്‍ പൂട്ടി. സ്വന്തം തട്ടകത്തില്‍ അറ്റ്‌ലാന്റ ഗോള്‍ രഹിത സമനിലയിലാണ് മികേല്‍ ആര്‍ട്ടേറ്റയുടെ ടീമിനെ തളച്ചത്.
ജര്‍മന്‍ കരുത്തരായ ആര്‍ബി ലെയ്പ്‌സിഗിനെ സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചു. 2-1നായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം. കളിയുടെ തുടക്കത്തിലേ നാലാം മിനിറ്റില്‍ ലെയ്പ്‌സിഗിനായി ബെഞ്ചമിന്‍ സെസ്‌കോ നേടിയ ഗോളിന് 28-ാം മിനിറ്റില്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ തിരിച്ചടി നല്‍കി ആദ്യ പകുതി സമനിലയിലാക്കി. രണ്ടാം പകുതി അവസാനിക്കാറായപ്പോള്‍ ജോസ് മരിയ ജിമെനെസിലൂടെ(90-ാം മിനിറ്റ്) അത്‌ലറ്റിക്കോ വിജയഗോള്‍ കണ്ടെത്തി. ഫ്രഞ്ച് ക്ലബ്ബ് സ്റ്റെയ്ഡ് ബ്രെസ്റ്റോയിസ് ഓസ്ട്രിയന്‍ ക്ലബ്ബ് എസ് കെ സ്റ്റം ഗ്രാസിനെ ആണ് 2-1ന് തോല്‍പ്പിച്ചത്. ഇതോടെ യുവേഫെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങളെല്ലാം സമാപിച്ചു. 9-2ന്റെ ഗംഭീര വിജയം നേടിയ ബയേണ്‍ മ്യൂണിക് ആണ് പട്ടികയില്‍ മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക