ഈ രാത്രിയിരുണ്ടു വെളുക്കാന്‍
ഇനിയെത്ര കാതം പോണം
ഈ മൗനമുടഞ്ഞു തെറിക്കാന്‍
ഇനിയെത്ര നേരം വേണം
ഈ ഭീതിയൊഴിഞ്ഞു വസിക്കാന്‍
ഇവിടാരേ തുണയാവേണം
അറിയില്ലാ , അറിയില്ലെന്നു-
ള്ളറിവാണെന്‍ നിറവും നെറിവും.
നെറിവിന്‍ നീലാകാശത്തില്‍
ഇരവില്ലാ, പകലുകളില്ലാ..
കളിയില്ല ചിരികളുമില്ലാ
കരളാകെ കണ്ണീര്‍പ്പാടം !
ഒരു മണ്‍കുടമായീ ലോകം
നെടുവീര്‍പ്പു നിറച്ചുംകൊണ്ടേ
കരകാണാക്കാലസമുദ്ര-
ത്തിരയടിയില്‍ മുങ്ങിപ്പൊങ്ങി
ആടിയുലഞ്ഞൊഴുകിനടക്കും
ആഗോള പ്രതിഭാസത്തില്‍
അടരുന്നൂ കരിയില പോലെ
ഞൊടിയിടയില്‍ മാനുഷജന്മം.
പടരുന്നൂ തീക്കാറ്റായി
ച്ചുടലക്കളമാകുന്നലകം
പിടി നല്‍കാതാളിപ്പടരും
കൊടുമാരിയിലമരുന്നെങ്ങും
അടിയോനില്ലുടയോനില്ലാ
അതിരില്ലാ വേര്‍തിരിവില്ലാ
അധികാരക്കെറുവുകളില്ലാ
അഹമെന്നൊരു ഭാവവുമില്ലാ.
അഴല്‍ തിങ്ങിക്കഴിയുമ്പൊഴുതാ-
ണറിയുന്നൂ മമതാ ബന്ധം
ആ ബന്ധസ്മരണയിലല്ലോ
അലിയുന്നൂ സ്‌നേഹസുഗന്ധം.
എല്ലാമൊരു ദുഃസ്വപ്നം പോല്‍
ഉള്ളില്‍ത്തിറയാടും നേരം
ഉദയക്കതിര്‍നാളം വീശി
ഉണരുന്നൂ പൊന്നുഷസെന്നും
നിറപൗര്‍ണമി മുറ തെറ്റാതെ
വിരിയുന്നൂ പെരുമാനത്ത്
നറുപുഞ്ചിരിയോടേ പൂക്കള്‍
വിടരുന്നൂ തൊടികളിലെല്ലാം
കുളിരോലും കുഞ്ഞിക്കാറ്റിന്‍
ചിറകേറി വരുന്നൂ തുമ്പികള്‍
തെളിനീര്‍ച്ചിറ്റോളവുമായി
പുഴ മാടിവിളിപ്പൂ കരയെ
കിളിനാദം തേന്മഴപെയ്യും
മരനിരകള്‍ മന്ദഹസിപ്പൂ
മധുരക്കനിയുണ്ണാനണ്ണാര്‍-
ക്കണ്ണന്മാരോടിനടപ്പൂ..
ഭയമില്ലാ ശങ്കകളില്ലാ
വ്യഥയില്ലാ പരിഭവമില്ല
പ്രകൃതിയുടെ മക്കള്‍ക്കെല്ലാം
ഈ ലോകം പ്രേമോദ്യാനം
നരവര്‍ഗം മാത്രം തീരാ-
വ്യഥയില്‍പ്പെട്ടുഴറീടുന്നൂ.
ഉയരങ്ങള്‍ കടക്കാനുള്ള
ത്വരയില്‍ നാം മുന്നേറുമ്പോള്‍
അരികത്തുള്ളാത്മസുഹൃത്തിന്‍ –
മിഴിനീര്‍ച്ചാല്‍ നീന്തിക്കേറി
കൊടിനാട്ടാനാവേശത്തിന്‍
തിരകള്‍ മുറിച്ചെത്തീടുന്നൂ
അധികാരം കീര്‍ത്തികള്‍ സമ്പത്ത-
ഖിലം ഞാനെന്നൊരു ഭാവം
അകതാരില്‍ നിറയും നേര-
ത്തകലുന്നൂ നന്മകളെല്ലാം.
എന്തെല്ലാം വൈവിദ്ധ്യങ്ങള്‍,
അന്തമെഴാ പ്രതിഭാസങ്ങള്‍,
ചിന്തകളില്‍ നിറയും നേരം
മന്ദാനിലനായഖിലേശന്‍
എങ്ങോ നിന്നൊഴുകിവരുന്നൂ
സന്താപം പോയ് മറയുന്നൂ
ആരാണീ വിശ്വപ്രകൃതി-
യ്‌ക്കാധാരം എന്നോര്‍ക്കുമ്പോള്‍
അറിവില്ലാപ്പൈതങ്ങള്‍ നാ-
മനുമാത്രയുമുഴറീടുമ്പോള്‍
നരവര്‍ഗം മാത്രം തീരാ-
വ്യഥയില്‍പ്പെട്ടുഴറീടുമ്പോള്‍
അറിയാതെ വിളിപ്പൂ കാണാ-
മറയത്തുള്ളഖിലേശ്വരനെ.
പറയാതാ വിശ്വപ്രകൃതി-
പ്പൊരുളലിവാര്‍ന്നെത്തീടുമ്പോള്‍
ഒരു വൈറസുമീലോകത്തെ
ചുടലക്കളമാക്കീടില്ലാ
ദുരിതാബ്ധിക്കടലില്‍ നിന്നും
കരയേറാനാവിശ്വാസം
കറയില്ലാതന്തക്കരണം
നിറയുന്നൊരു കാലം വരുവാന്‍
ഒരുപോലെ നമുക്കാസ്മൃതിയില്‍
മിഴിനീരുതുടച്ചിനിയുണരാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക