രമേശന് ഇളയിടത്ത്
ശത്രുക്കള്‍ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയില്‍ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവര്‍ക്കും തിന്മ ചെയ്യുന്നവര്‍ക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാര്‍ക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു.
ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാര് എല്ലാവരും. അവര്‍ക്കെല്ലാം ശത്രുവില്‍ നിന്ന് മോചനം നല്‍കിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മതിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു നരസിംഹമൂര്‍ത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങളാണ് എടുത്തത്. അതില്‍ അവസാനത്തെ അവതാരമായിരുന്നു നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തതെന്ന് ഭാഗവതം പറയുന്നു.
പേരു പോലെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ശരീരവുമാണ് നരസിംഹാവതാരത്തിന്റെ പ്രത്യേകത.
സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടര്‍ന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്, ആയുധങ്ങളാല്‍ വധിക്കപ്പെടരുത്, രാവോ പകലോ തന്നെ കൊല്ലാന്‍ കഴിയരുത്, ഭൂമിയിലോ ആകാശത്തോ പാതാളത്തിലോ തന്നെ ആര്‍ക്കും വധിക്കാനരുത് തുടങ്ങിയ വരങ്ങള്‍ സമ്പാദിച്ചു.
വരബലത്തിന്റെ അഹന്തയില്‍ ലോകങ്ങളെല്ലാം തന്റെ കാല്ക്കീഴിലാക്കി അസുര ചക്രവര്‍ത്തിയായിത്തിര്‍ന്നു ഹിരണ്യകശിപു. എന്നാല്‍ അദ്ദേഹത്തിന്റെ മകനായ പ്രഹ്ലാദനാവട്ടെ തികഞ്ഞ വിഷ്ണു ഭക്തനുമായിരുന്നു. തന്റെ ശത്രുവായ വിഷ്ണുവിനെ ഭജിക്കരുതെന്ന് ഹിരണ്യകശിപു പ്രഹ്ലാദനോട് കല്പ്പിച്ചിരുന്നു. എന്നാല്‍ പ്രഹ്ലാദന് വിഷ്ണുഭക്തിയില് നിന്നും തെല്ലും പിന്നോട്ടു പോയില്ല.
പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാന് ഹിരണ്യകശിപു പലരീതിയില്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരന് ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാന്‍ ആവശ്യപ്പെട്ടു. എന്റെ വിഷ്ണു തൂണിലും തുരുമ്പിലും അങ്ങയിലും എന്നിലും എല്ലാവരിലും എല്ലായിടത്തുമുണ്ട് എന്ന് പ്രഹ്ലാദന് മറുപടി നല്കി.
എങ്കില്‍ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തന്റെ രാജധാനിക്കുള്ളിലെ തൂണില്‍ ആഞ്ഞ് മര്‍ദ്ദിച്ചു. ഉടന്‍ തന്നെ തൂണ് പിളര്‍ന്ന് ഉള്ളില്‍ നിന്ന് ഉഗ്രരൂപിയായ നരസിംഹ മൂര്‍ത്തി പുറത്തുവന്നു.
ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന അട്ടഹാസത്തോടെ നരസിംഹാവതാരം സംഭവിക്കുകയും രാവോ പകലോ അല്ലാത്ത സന്ധ്യക്ക് ഭൂമിയിലോ ആകാശത്തോ പാതാളത്തിലോ അല്ലാത്തവിധം തന്റെ മടിയില്‍ കിടത്തി ആയുധമല്ലാത്ത നഖങ്ങള്‍ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചു എന്നാണ് പുരാണങ്ങള്‍ പറയുന്നത്.
ഭക്തരെ ദുരിതക്കടലില്‍ നിന്ന് മോചിപ്പിക്കാന്‍ ഏത് ഉപായത്തിലൂടെയും ഭഗവാന് എത്തിച്ചേരും എന്ന സന്ദേശമാണ് ഇക്കഥയില്‍ ഉള്ളത്. വിഷ്ണുഭഗവാന് നരസിംഹാവതാരം എടുത്ത ദിവസമാണ് ഹിന്ദുക്കള്‍ നരസിംഹ ജയന്തിയായി ആചരിച്ചു വരുന്നത്.
നരസിംഹമൂര്‍ത്തി ധ്യാനം
കോപാദാലോല ജിഹ്വം വിവൃതനിജമുഖം സോമസൂര്യാഗ്നി നേത്രം
പാദാദാനാഭിരക്തപ്രഭമുപരി സിതം ഭിന്നദൈത്യേന്ദ്രഗാത്രം
ചക്രം ശംഖം സപാശാങ്കുശകുലിശഗദാ- ദാരുണാന്യുദ്വഹന്തം ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ- കല്‍പ്പമീഡേ നൃസിംഹം.
ഈ ധ്യാനഭാവത്തില്‍ ഭഗവാനെ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാര്‍ത്ഥിച്ചാല്‍ ശത്രുക്കളുടെ വീര്യം നശിച്ചുപോകുമെന്നാണ് വിശ്വാസം. കുളിച്ച് ദേഹശുദ്ധിയോടെ പലകമേല്‍ പത്മാസനത്തിലിരുന്ന് ധ്യാനിക്കണം.
മഹാ നരസിംഹ മന്ത്രം
(നൃസിംഹാനുഷ്ടുപ്പ്)
ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം
ഇത് ദിവസവും ജപിക്കുന്നത് ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: