തിരുവനന്തപുരം: ക്രമസമാധാന ചുമതലയുളള എ ഡി ജി പി എം ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ചുമതല തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ (ഒന്ന്) ടീമിന്. എസ് പി ജോണ്‍ കുട്ടി അന്വേഷിക്കും.
വിജിലന്‍സ് ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് മേല്‍നോട്ടം. എം ആര് അജിത് കുമാറിനെ നേരിട്ട് ചോദ്യംചെയ്യുന്നതുള്പ്പെടെ കാര്യങ്ങള്‍ യോഗേഷ് ഗുപ്തയാകും കൈകാര്യം ചെയ്യുക. പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരായ വിജിലന്‍സ് അന്വേഷണവും ഇതേ സംഘമാണ് അന്വേഷിക്കുക.
എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര വകുപ്പ് എം ആര് അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് ഇന്നലെയാണ്.
അനധികൃത സ്വത്തു സമ്പാദനം, കവടിയാറില്‍ പണിയുന്ന ആഢംബര ബംഗ്ലാവ് ഉള്‍പ്പെടെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച അഞ്ച് വിഷയങ്ങളിലാണ് എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് സംഘം അന്വേഷണം നടത്തുക.എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വലിയ വിവാദമാണ് സംസ്ഥാനത്തുണ്ടാക്കിയത്. എം ആര് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
എം ആര് അജിത്കുമാറിനെതിരെ സിപിഐയും കടുത്ത നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഇതോടെയാണ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുള്ള ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: